തലശ്ശേരി



തലശ്ശേരി

തലശ്ശേരി കേരളത്തിലെ മലബാർ തീരത്തുള്ള ഒരു പട്ടണമാണ്. കണ്ണൂർ ജില്ലാ തലസ്ഥാനത്തുനിന്നും 21 കി.മീ അകലെയാണ് തലശ്ശേരി. ടെലിച്ചെറി എന്നത് തലശ്ശേരിയുടെ ആംഗലേയ വൽക്കരിക്കപ്പെട്ട പേരാണ്. 1869-ൽ സ്ഥാപിക്കപ്പെട്ട തലശ്ശേരി മുനിസിപ്പാലിറ്റിയിലെ ജനസംഖ്യ ഇപ്പോൾ ഏകദേശം 100,000 ആണ്. വടക്കേ മലബാറിലെ ഏറ്റവും അധികം ജനവാസം ഉള്ള പട്ടണമാണ് തലശ്ശേരി. അറബിക്കടലിന്റെ തീരത്ത് മാഹി, കോഴിക്കോട്, വയനാട്, കൊടഗ് എന്നി സ്ഥലങ്ങളാൽ ചുറ്റപെട്ട പ്രദേശമാണ് തലശ്ശേരി. ഏഴു കുന്നുകളുടെ നാട് എന്നും തലശ്ശേരിക്ക് ഒരു പേരുണ്ട്. തലശ്ശേരിയിലെ ധർമ്മടം കുന്ന് , കൊടുവള്ളി കുന്ന് , ഇല്ലിക്കുന്ന് , ചേട്ടൻകുന്ന്, മോറകുന്ന് , മൈലാംകുന്ന് ,വയലളം കുന്ന് എന്നിങ്ങനെ 7 കുന്നുകൾ തലശ്ശേരിയുടെ സൗന്ദര്യം സമ്പന്നമാക്കുന്നു.

thalassery railway station

അതിർത്തികൾ വടക്ക് - ധർമ്മടം, തെക്ക് - ന്യൂ മാഹി, കിഴക്ക് - എരഞ്ഞോളി, പടിഞ്ഞാറ് - അറബിക്കടൽ എന്നിവയാണ്. നാലു നദികളും മലനിരകളും ഒരു നീണ്ട കടൽത്തീരവും തലശ്ശേരിയെ അലങ്കരിക്കുന്നു. നാലുനദികളിൽ ഒന്ന് മാഹി പുഴ (മയ്യഴിപ്പുഴ) ആണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് മയ്യഴി പുഴ "ഇംഗ്ലീഷ് ചാനൽ" എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്നു.

1886 നവംബർ 1 ന് ആണ് തലശ്ശേരി മുൻസിപ്പാലിറ്റി രൂപീകരിച്ചത്.ആദ്യം ഇത് തലശ്ശേരി കമ്മിഷൻ ആയിരുന്നു .മലബാർ കളക്ടർ ജി.എം ബെല്ലാർഡ് ആയിരുന്നു ആദ്യത്തെ പ്രഡിഡണ്ട്. യൂറോപ്യൻ അഭിഭാഷകൻ എ.എഫ് ലമറൽ ആയിരുന്നു 1885 ൽ ആദ്യത്തെ മുൻസിപ്പൽ ചെയർമാൻ ആയത്.

ജുഡീഷ്യറി

കണ്ണൂർ റെവന്യൂ ജില്ലയുടെ ജുഡീഷ്യൽ ആസ്ഥാനമാണ് തലശ്ശേരി .സെഷൻസ് ജഡ്ജി,ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ,പ്രിൻസിപ്പൽ സബ് ജഡ്ജി എന്നിവയുടെ ആസ്ഥാനം തലശ്ശേരി കോടതിയിലാണ്.ഇന്ത്യയിലെ നീതിന്യായ കോടതികളുടെ ചരിത്രം എടുത്താൽ തലശ്ശേരിക്ക് അതിൽ വളരെ പ്രധാനമായ സ്ഥാനംതന്നെയാണ് ഉള്ളത്.

തലശ്ശേരി ബാർ അസോസിയേഷന് ശ്രേഷ്ടവും പ്രസിദ്ധവുമായ ചരിത്രംതന്നെ ഉണ്ട്.19 ആം നൂറ്റാണ്ടിന്റെ ആദ്യഘട്ടങ്ങളിൽ ആണ് തലശ്ശേരി കോടതി സൊസൈറ്റി രജിസ്ട്രേഷൻ ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്തത്.കോടതിയിലും ബാർ അസോസിയേഷനിലും ഒരുപോലെ ശക്തമായിരുന്നു ജുഡീഷ്യറി.

ദിവാൻ ബഹദൂർ അഡ്വ.ടി.സി നാരായണ കുറുപ്പ്,അഡ്വ.ദാമോദർ റാവു,അഡ്വ.ടി. നാരായണൻ നമ്പ്യാർ,പദ്മ വിഭൂഷൺ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ എന്നിവരായിരുന്നു മെമ്പർമാർ.

നൂറ്റാണ്ടുകൾ പഴക്കമുള്ള കോടതി രേഖകൾ വളരെ ഭദ്രമായും വൃത്തിയായും കോടതിയിലെ റെക്കോർഡ് റൂമിൽ സൂക്ഷിച്ചിട്ടുണ്ട്.മദ്രാസ് ഹൈ കോർട്ടിലെ മിസ്റ്റർ ജസ്റ്റിസ് മാക്ക് ഇതിനെ പ്രശംസിക്കുകയുണ്ടായി. 19 ആം നൂറ്റാണ്ടിലെ ഒരു കേസ് ഡയറി അദ്ദേഹം ആവശ്യപ്പെടുകയും വളരെ ചുരുങ്ങിയ നിമിഷങ്ങൾക്കകം അത് അദ്ദേഹത്തിന് മുൻപിൽ ഹാജരാക്കുകയും ചെയ്തു.

മലയാളത്തിന്റെ പ്രശസ്ത എഴുത്തുകാരൻ ഓ ചന്തുമേനോൻ തലശ്ശേരി കോടതിയിലെ ജഡ്ജി ആയിരുന്നു.



Thalassey Court

രജിസ്ട്രേഷൻ

Registrar Office

കേരളത്തിലെ രജിസ്ട്രേഷൻ സമ്പ്രദായത്തിന്റെ ആരംഭം കുറിക്കുന്നത് ചരിത്രപ്രസിദ്ധമായ അഞ്ചരക്കണ്ടിയിലാണ്.1850 ൽ ലണ്ടനിൽ നിന്നും മർഡോക്ക് ബൗൺ തലശ്ശേരിയിലെത്തി.അഞ്ചരക്കണ്ടിയിലെ "രണ്ട് തറ" എന്ന സ്ഥലത്തു സ്ഥിരതാമസമാക്കുന്നതോടുകൂടിയാണ് ഇതിന്റെ ചരിത്രം കുറിക്കുന്നത്.പ്രഭു കുടുംബാംഗമായ ബൗൺ ഭൂസ്വത്ത് സമ്പാദിക്കുന്നതിൽ അതീവ തല്പരനായിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സഹായത്തോടെ അഞ്ചരക്കണ്ടിയിലെ മുഴുവൻ സ്ഥലങ്ങളും ബൗണിന്റെ അധീനതയിലായി .ഭൂസ്വത്ത് ക്രമാതീതമായി വർദ്ധിച്ചപ്പോൾ കൈവശം വന്നുചേർന്ന സ്ഥലങ്ങളിൽ അതിരുകൾ സ്ഥാപിക്കുകയും അന്യർ കൈയ്യേറാത്ത തരത്തിൽ ചില രേഖകൾ എഴുതി ഉണ്ടാകുന്നതിനെപ്പറ്റി അദ്ദേഹം ചിന്തിക്കുകയുണ്ടായി.അദ്ദേഹത്തിന്റെ ബുദ്ധിയിൽ ഉദിച്ച ഒരു ആശയമാണ് രജിസ്ട്രേഷൻ സമ്പ്രദായം.

സ്വന്തം ബംഗ്ലാവിൽ തന്നെ ഒരു മുറി ഒരുക്കുകയും ഗുമസ്ഥന്മാരെ നിയമിക്കുകയും കൈപറ്റിയ ഭൂമിക്കെല്ലാം കൈമാറ്റരേഖകൾ തയാറാക്കുകയും ചെയ്തു. 1865 ൽ ബൗണിന്റെ നടപടികൾക്കെല്ലാം ബ്രിട്ടീഷ് ഗവൺമെന്റ് നിയമസാധുത നൽകുകയും ചെയ്തു.മദ്രാസ് ഗവൺമെന്റിന്റെ സ്റ്റാമ്പ് ഓഫീസിൽ വഴി കടലാസുകൾ നിർമ്മിക്കുവാനും അവ വിൽക്കുവാനും അധികാരവും നൽകി. 1877 മാർച്ച് 1 ന് രജിസ്ട്രാർ ഓഫീസിന്റെ പ്രവർത്തനം തുടങ്ങുകയും ചെയ്തു.

ടൗൺ ബാങ്ക്

വിശ്വസ്ത സേവനം മുഖമുദ്രയാക്കി തലശ്ശേരി ജനതയുടെ ജീവിത താളമായി തലശ്ശേരി കോ-ഓപ്പറേറ്റീവ് ടൗൺ ബാങ്ക് വളർച്ചയുടെ പടവുകളിൽ പ്രയാണം ആരംഭിച്ചിട്ട് അരനൂറ്റാണ്ടായി.

രണ്ടാം ലോക മഹായുദ്ധ കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയർന്നപ്പോൾ സാധാരണക്കാർക്ക് ഭക്ഷ്യധാന്യങ്ങൾ ന്യായവിലയ്ക്ക് വിതരണം നടത്താനായി പരേതനായ കിനാത്തി നാരായണന്റെ നേതൃത്വത്തിൽ രൂപംകൊണ്ട പി.സി.സി സൊസൈറ്റി 1946 സെപ്റ്റംബർ 30 ന് പ്രവർത്തനം ആരംഭിക്കുകയായിരുന്നു. 1956 ൽ റേഷൻ വിതരണം നിലച്ചതോടെ 1958 ജൂലായ് മുതൽ റൂറൽ ബാങ്ക് എന്ന നിലയിൽ പ്രവർത്തിച്ചു വന്നു. ബാങ്കിന്റെ അന്നത്തെ പ്രസിഡണ്ട് അഡ്വ .പി.ചിരുകണ്ടനായിരുന്നു. 1975 ൽ റൂറൽ ബാങ്ക് ടൗൺ ബാങ്ക് ആയി.1977 ൽ ഇ.നാരായണൻ പ്രസിഡണ്ട് ആയി. 30 ലക്ഷം മൂലധനം ഉണ്ടായിരുന്ന ബാങ്ക് ചുരുങ്ങിയ കാലയളവിനുള്ളിൽ 16 കോടി ആയി. ബേങ്ക് പണിതുയർത്തിയ ടൗൺ ബാങ്ക് ഓഡിറ്റോറിയം തലശ്ശേരിക്ക് തിലകക്കുറിയാണ്.ഇതോടൊപ്പം ഷോപ്പിംഹ് കോംപ്ലെക്സും പ്രവർത്തിക്കുന്നു.

തലശ്ശേരി ആശുപത്രിയിൽ പാവപ്പെട്ട രോഗികൾക്ക് ചികിത്സക്കായി വരുമാനത്തിന്റെ 75 % മാറ്റി വെക്കപ്പെടുന്നു.മുൻ പാർലമെന്റ് അംഗം പാട്യം ഗോപാലന്റെ പേരിലാണ് പേവാർഡ് പണിതിട്ടുള്ളത് .ഹൃദ് രോഗികൾക്ക് വേണ്ടി തലശ്ശേരി ആശുപത്രിയിൽ ഇൻന്റൻസീവ് കെയർ യൂണിറ്റ് പ്രവർത്തിക്കുന്നു. സാമൂഹ്യ രംഗത്തും ആധുരസേവന രംഗത്തും ബേങ്കിന്റെ പ്രവർത്തനം സ്തുത്യർഹമാണ്.കുട്ടികൾക്ക് വിനോദത്തിനുവേണ്ടി തലശ്ശേരി കോടതിക്കടുത്ത് ചിൽഡ്രൻസ് പാർക്ക് എന്നിവ ബേങ്കിന്റെ സേവന രംഗത്തെ പ്രവർത്തനങ്ങളുടെ പട്ടികയിൽ വരും.തലശ്ശേരിക്കാരുടെ ഹൃദയം എക്കാലവും സ്മരിക്കുന്ന ഒരു നാമധേയമാണ് തലശ്ശേരി കോ-ഓപ്പറേറ്റീവ് ടൗൺ ബേങ്ക്.



Thalassey  town bank