പത്രപ്രവർത്തനം

ഒന്നരനൂറ്റാണ്ടിന്റെ പാരമ്പര്യം അവകാശപ്പെടാവുന്നതാണ് വടക്കേ മലബാറിന്റെ പത്രപ്രവർത്തന ചരിത്രം.കേരളീയ പത്രപ്രവർത്തനത്തിന്റെ നൂറ്റമ്പതാം വാർഷികം വടക്കേ മലബാറിന്റേതുകൂടിയാവുന്നത് 'രാജ്യസമാചാരം' എന്ന പത്രത്തിന്റെ ബാനറിലാണ്. ബാസ്സൽ മിഷൻ എന്ന പ്രേഷിത സംഘം 1847 ജൂണിൽ തലശ്ശേരിയിലെ ഇല്ലിക്കുന്നിൽ നിന്ന് പ്രസിദ്ധീകരണമാരംഭിച്ച ഈ മാസികയാണ് മലയാളത്തിൽ പത്രപ്രവർത്തനത്തിന്റെ പ്രാദുർഭാവത്തിനു വഴി മരുന്നിട്ടത്.

journalism

ബാസ്സൽ മിഷൻ 1847 ഒക്ടോബറിൽ പ്രസിദ്ധീകരണമാരംഭിച്ച "പശ്ചിമോദയം" എന്ന ഭാഷയിലെ രണ്ടാമത്തെ ആനുകാലികം മേൽപറഞ്ഞ സങ്കേതങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തത പുലർത്തുന്നു.ചരിത്രം,ഭരണം,ശാസ്ത്രം,ഭൂമിശാസ്ത്രം എന്നീ മേഘലകളാൽ പാശ്ചാത്യനാടുകളിലുണ്ടായ പരിഷ്കാരങ്ങളെയും ,പുരോഗതിയെയും എളിയ തോതിലെങ്കിലും മലയാളികൾക്ക് പരിചയപ്പെടുത്തുക എന്ന ധൗത്യമാണ് ഇത് ഏറ്റെടുത്തത്.

മലബാറിലെ സാമൂഹികരംഗത്ത് പരിവർത്തനത്തിന്റെ ചാലകശക്തിയായി പരിണമിച്ച "മിതവാദി" പത്രികയുടെ ആവിർഭാവവും 1906 ൽ തന്നെ.വാർത്തകൾ തെരഞ്ഞെടുത്ത ക്രമീകരിക്കുന്നതിൽ "മിതവാദി" അത്ഭുതപൂർവ്വമായ മേന്മ നിലനിർത്തിയെന്നു മഹാകവി കുമാരനാശാൻ അഭിപ്രായപ്പെട്ടു. മലയാളകവിതയിൽ പുതിയൊരു വഴിത്തിരിവിന് തുടക്കം കുറിച്ച ആശാന്റെ "വീണപൂവ്" ആദ്യമായി പ്രസിദ്ധീകരിച്ചുവെന്ന സാഹിത്യപ്രധാന്യവും ഈ തലശ്ശേരി പ്രസിദ്ധീകരണത്തിന് ഉയർത്തിപിടിക്കാനുണ്ട്.

1910 ൽ കൂത്തുപറമ്പിൽനിന്ന് കെ.വീരവർമ്മ ഇളയരാജ സമാരംഭിച്ച "സുജനവിനോദിനി" ഉന്നത നിലവാരം പുലർത്തിയ സാഹിത്യമാസികയാണ് .കേരളത്തിലെ സംഗീത നാടക പ്രസ്ഥാനത്തിന് വിലപ്പെട്ട സംഭാവനകൾ അർപ്പിച്ച നീലഞ്ചേരി ശങ്കരൻ നായരായിരുന്നു പത്രാധിപർ.

ബർമ്മൻ മലയാളികളുടെ സാമ്പത്തിക സഹായത്തോടെ ശ്രീനാരായണശിഷ്യനായ സ്വാമി ഗുരുപ്രസാദ് 1927 ൽ തലശ്ശേരിയിൽ നിന്നാരംഭിച്ച പത്രമാണ് "ഗജകേസരി". മൂർക്കോത്ത് കുമാരനായിരുന്നു പത്രാധിപർ.

ശ്രീനാരായണ ശിഷ്യനായ കെ.എം കുമാരസ്വാമി സന്യാസി 1933 ഏപ്രിലിൽ തലശ്ശേരിയിൽ നിന്നാരംഭിച്ച ഗുരുദേവ പ്രചാരണമാസികയാണ് "ധർമ്മപ്രഭ" എങ്കിലും കഥാ കവിത തുടങ്ങിയ സർഗാത്മക രചനകൾക്കും മാസികയിൽ സ്ഥാനമനുവദിക്കപ്പെട്ടു.മൂർക്കോത്ത് കുമാരൻ,എം.ചന്തുമുൻഷി,വി.സി കുഞ്ഞിരാമൻ വൈദ്യർ , അഡ്വ .പി.കുഞ്ഞിരാമൻ തുടങ്ങിയ തലശ്ശേരിക്കാരായിരുന്നു എഴുത്തുകാരിൽ മുൻതൂക്കം.

1934 ഫെബ്രുവരിയിൽ തലശ്ശേരി സരസ്വതിവിലാസം പ്രസ്സിൽനിന്ന് എം.മന്ദന്റെ ഉടമസ്ഥതയിൽ പ്രയാണമാരംഭിച്ച "സത്യവാദി" പത്രത്തിന്റെ നായകൻ മൂർക്കോത്ത് കുമാരനായിരുന്നു.പ്രാദേശിക പത്രമെന്ന നിലയിൽ കണ്ണൂർജില്ലയെ പൊതുവേയും തലശ്ശേരിയെ സവിശേഷമായും ബാധിക്കുന്ന പ്രശ്നങ്ങൾക്കായിരുന്നു വാർത്തകളിലും മുഖപ്രസംഗങ്ങളിലും മുൻതൂക്കം.

കോഴിക്കോടുനിന്നു പ്രശസ്തമായ നിലയിൽ പ്രസിദ്ധം ചെയ്തുപോരുന്ന 'ചന്ദ്രിക' പത്രത്തിന്റെ ജനനം തലശ്ശേരിയിൽ തന്നെ. 1934 ൽ കെ.എം സീതി സാഹിബ് ആരംഭിച്ച ചന്ദ്രിക 1948 ലാണ് കോഴിക്കോട്ടേക്ക് മാറ്റിയത്.