സർക്കസ്സിന്റെ ഈറ്റില്ലം

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭദശകത്തിലാണ് ഇന്ത്യൻ സർക്കസ്സ്അരങ്ങിൽ മാറ്റത്തിന്റെ ലാഞ്ചന കണ്ടുതുടങ്ങിയത്.കേരളീയരുടെ രംഗപ്രവേശത്തോടെ.കീലേരി കുഞ്ഞിക്കണ്ണൻ ടീച്ചർ ആയിരുന്നു ഈ ചരിത്ര സംക്രമണത്തിന്റെ നിമിത്തം.

തലശ്ശേരി ബി.ഇ.എം.പി സ്കൂളിലെ ജിംനാസ്റ്റിക് ഇൻസ്ട്രക്ടർ ആയിരുന്നു അദ്ദേഹം. കീലേരി ആരംഭിച്ച സർക്കസ്സ് കളരിയിൽ സാഹസികരായ ചെറുപ്പക്കാർ പലരും പരിശീലനം നേടി.ഇവർക്ക് മഹാരാഷ്ട്രക്കാരുടെ സർക്കസ്സുകളിൽ അഭയം ലഭിക്കുമെന്നായിരുന്നു കീലേരിയുടെ പ്രതീക്ഷ .അദ്ദേഹത്തിന്റെ ആഗ്രഹം സഫലമായില്ല .ശിഷ്യന്മാർ മറ്റു രംഗങ്ങളിൽ അഭയംതേടി.കളരി നിർജീവമായിപ്പോവുകയും ചെയ്തു.

വർഷങ്ങൾക്കുശേഷം ശിഷ്യരിൽ ഒരാളായ പരിയാലി കണ്ണൻ കീലേരിയെ സമീപിച്ചു .സ്വന്തമായി ഒരു സർക്കസ്സ് തുടങ്ങുകയായിരുന്നു പരിയാലിയുടെ ആഗ്രഹം . പൂവിടാൻ കുഞ്ഞമ്പു ,എം.കെ രാമൻ എന്നിവരുമൊത്ത് ഒരു യൂറോപ്യൻ ബയോസ്ക്കോപ് കമ്പനിയിൽ സർക്കസ്സ് അഭ്യാസങ്ങൾ നടത്തി സംഭരിച്ച കുറച്ചുപണം പരിയാലിയുടെ കൈവശമുണ്ടായിരുന്ന കൂടാരവും ഉപകരണങ്ങളും പണിയാൻ. അഭ്യാസികളെ ഗുരുനാഥൻ പരിശീലിപ്പിക്കണം .ശിഷ്യന്റെ അപേക്ഷ കീലേരി സ്വീകരിച്ചു.കളരി വീണ്ടും തുടങ്ങി. പരിയാലി,പൂവാടൻ കുഞ്ഞമ്പു ,പൂവാടൻ ഗോവിന്ദൻ ,കുന്നത്ത് യശോദ ,വേലാണ്ടി, മാധവി തുടങ്ങിയ തലശ്ശേരിക്കാരും കോഴിക്കോട്ടുകാരൻ എം.കെ രാമനും കളരിയിൽ ചേർന്നു.

circus

അന്നേവരെയും യൂറോപ്യൻ സർക്കസ്സുകളിൽപോലും ഹൊറിസോണ്ടൽ ബാർ ഒന്നോ രണ്ടോ ബാറുകളിലായിരുന്നു കളിച്ചിരുന്നത്. കീലേരി മൂന്ന് ബാറുകളിൽ പുതിയ പല ഇനങ്ങളും ചിട്ടപ്പെടുത്തി, എം.കെ രാമനെ പരിശീലിപ്പിച്ചു. ചെറുപ്പത്തിൽ തന്നെ പരിചമുട്ടുകളിയിലും മലക്കങ്ങളും ശീലിച്ച രാമന് അപാരമായ മെയ് സ്വാധീനമുണ്ടായിരുന്നതിനാൽ ബാർ അഭ്യാസത്തിൽ എളുപ്പം പ്രാഗൽഭ്യം നേടാൻ കഴിഞ്ഞു.

കമ്പകളിയാണ് സർക്കസ്സ് അരങ്ങിനു കീലേരി സംഭാവന ചെയ്ത മറ്റൊരിനം .ദക്ഷിണേന്ത്യയിൽ നാടോടികളായ അഭ്യാസികൾ പ്രദർശിപ്പിച്ചിരുന്ന കമ്പക്കയർ നടത്തവും ഞാണിന്മേൽക്കളിയും സമന്വയപ്പിച്ചാണ് ഈ അഭ്യാസം സംവിധാനം ചെയ്തത്.കീലേരിയുടെ ഭാര്യാസഹോദരൻ ചന്തു ആണ് കമ്പകളി ആദ്യമായി അരങ്ങിലവതരിപ്പിച്ചത്. മൂന്ന് വർഷത്തെ നിരന്തര പരിശീലനത്തിലൂടെ സർക്കസ്സിനാവശ്യമായ അഭ്യാസികളെ കീലേരി ഒരുക്കിയെടുത്തു.

ചിറക്കര വയലിൽ കേരളീയരുടെ ഒന്നാമത്തെ സർക്കസ്സ് കൂടാരമുയർന്നു . ' പരിയാലിസ് മലബാർ ഗ്രാന്റ് സർക്കസ്സ്' കീലേരി തന്നെയാണ് ഈ സ്ഥാപനം ഉദ്ഘാടനം ചെയ്തത്.അന്ന് കേരള സർക്കസ്സ് വനിതാതാരം കുന്നത്ത് യശോദയും അരങ്ങേറി.

സാഹസികരായ ഒട്ടേറെ ചെറുപ്പക്കാർ മുന്നോട്ടുവന്നു .അവരിൽപലരും ദരിദ്ര കുടുംബങ്ങളിൽനിന്നുള്ളവരായിരുന്നു .അവരിൽ പലർക്കും കീലേരി ആഹാരവും ,വസ്ത്രവും നൽകി.പരിശീലനകാലത്ത് ആരിൽനിന്നും യാതൊരുവിധ പ്രതിഫലവും സ്വീകരിച്ചിരുന്നില്ല .സർക്കസ്സ് കലയുടെ വളർച്ച മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.ഇരുപതു വർഷങ്ങൾക്കകം കീലേരിയുടെ ശിഷ്യന്മാർ ഇന്ത്യൻ സർക്കസ്സ് അരങ്ങ് കീഴടക്കി . ഇതിനകം മഹാരാഷ്ട്രക്കാർക്ക് പുറമെ കർണാടകക്കാരും ആന്ധ്രാക്കാരും ബംഗാളികളും സർക്കസ്സ് കമ്പനികൾ ആരംഭിച്ചിരുന്നു.

1920 ൽ കീലേരിയുടെ ശിഷ്യന്മാർ വീണ്ടും രംഗപ്രവേശം ചെയ്തു ,ആദ്യം കീലേരികുഞ്ഞിക്കണ്ണൻ ജൂനിയർ വൈറ്റ് വെയ് സർക്കസ്സ്,രണ്ടാമതായി കല്ലൻ ഗോപാലൻ ഗ്രേറ്റ് റെയ്മൺ സർക്കസ്സ്, ഈ രണ്ടു സ്ഥാപനങ്ങളും നാൾക്കുനാൾ പുരോഗതിയിലേക്കു കുതിച്ചു. സർകസ്സിനെ ഇത്രയും ഉയരത്തിൽ എത്തിച്ച കീലേരിയോട് ശിഷ്യന്മാരും കുല ഗുരുവിനോടുള്ള നീതി പുലർത്തിയില്ല. അദ്ദേഹത്തിന് ഇന്നും ഒരേയൊരു സ്മാരകശിലയേയുള്ളു .തലശ്ശേരിക്കടുത്ത് ഇല്ലിക്കുന്ന് സി.എസ്.ഐ പള്ളിസെമിത്തേരിയിലെ ശവക്കല്ലറ .ഇന്ത്യയിലെ ഓരോ സർക്കസ്സ് കൂടാരവും കീലേരിയുടെ സ്മാരകമന്ദിരങ്ങളായിരിക്കാം . കീലേരിയുടെ സ്മരണ നിലനിർത്താൻ തലശ്ശേരി നഗരസഭയും ഇന്നേവരെ ശ്രദ്ധിച്ചില്ല . ഈ നൂറ്റാണ്ടിലെ രണ്ടും മൂന്നും നാലും ദശകങ്ങളായിരുന്നു ഇന്ത്യൻ സർക്കസ്സിന്റെ സുവർണകാലഘട്ടം ,കീലേരിയും കളരിയും സജീവമായിരുന്ന കാലം.സർക്കസ്സ് അരങ്ങുകളിൽ കലാത്മകമായ കൊടും മത്സരങ്ങൾ നടന്നിരുന്ന ആവേശോജ്വലനാളുകൾ.

സർക്കസ്സ് കമ്പനികളുടെ എണ്ണം പെരുകുകയും ഉടമസ്ഥന്മാരിൽ ഭൂരിഭാഗം കേരളീയരാവുകയും ചെയ്തതോടെ നൂറുകണക്കിന് പെൺകുട്ടികൾ കൂടാരങ്ങളിൽ കൊണ്ടുവരപ്പെട്ടു.തലശ്ശേരി-കണ്ണൂർ പ്രദേശങ്ങളിൽ നിന്നുള്ളവരായിരുന്നു കൂടുതൽ. ആവശ്യത്തിലേറെ പെൺകുട്ടികൾ കൂടാരങ്ങളിൽ വന്നു തുടങ്ങിയതോടെ അരങ്ങിലെ പുരുഷന്മാരുടെ മേധാവിത്വത്തിനു മങ്ങലേറ്റു. പുരുഷന്മാർ മാത്രം അവതരിപ്പിച്ചിരുന്ന സാഹസികമായ പല ഇനങ്ങളും വനിതകൾ കയ്യടക്കി.കമ്പകളിപോലും പെൺകുട്ടികൾ അരങ്ങിൽ പ്രദർശിപ്പിച്ചു.

അമ്പതുകളുടെ പാതിയിലായിരുന്നു ഇന്ത്യയിലേക്ക് കമലാസർക്കസ്സിന്റെ തിരിച്ചുവരവ് .പത്ത് വർഷത്തെ വിദേശപര്യടനം കഴിഞ്ഞുള്ള കമലയുടെ വരവ് ഗ്രേറ്റ് റെയ്മനെ രണ്ടാം സ്ഥാനത്തേക്ക് തള്ളി. കമലാ സർക്കസ്സിന്റെ ഉടമസ്ഥനായ പ്രൊഫ. കെ .ദാമോദരൻ പ്രതിഭാശാലിയും ധീരനുമായിരുന്നു. വനിതാ താരങ്ങൾക്കാണ് അദ്ദേഹം അരങ്ങിൽ പ്രാധാന്യം നൽകിയത്.വന്യമൃഗശിക്ഷണവും പ്രദർശനവും വരെ വനിതാ താരത്തെ പരിശീലിപ്പിച്ച ദാമോദരൻ വിദേശ സർക്കസ്സുകളെ അനുകരിച്ച് അനേകം ഇനങ്ങൾ ഇന്ത്യൻ സർക്കസ്സ് അരങ്ങിനു സംഭാവന ചെയ്തു . വിദേശങ്ങളിൽനിന്നും പ്രഗല്ഭരായ കലാകാരന്മാരെയും കലാകാരികളെയും അത്യപൂർവ്വ മൃഗങ്ങളെയും വരുത്തിയാണ് പ്രൊഫസർ ഗോപാലൻ അരങ്ങിനു വർണ്ണപ്പൊലിമ നൽകിയത്.

circus

തലശ്ശേരിയിൽ ജന്മംകൊണ്ട ഏറ്റവും പ്രശസ്തമായ ത്രീറിംഗ് സർക്കസ്സ് കമ്പനി ആയിരുന്നു കമലാ സർക്കസ്സ് .സൗത്ത് ഇന്ത്യൻ ലേഡീസ് സർക്കസ്സ് എന്ന പേരിൽ പ്രൊഫ ദാമോദരന്റെ പിതാവ് ആരംഭിച്ച സർക്കസ്സാണ് 1944 ൽ കമലാ സർക്കസ്സ് ആയി മാറിയത്.


എഴുപതുകളിൽ കേരളത്തിൽ നിന്നും സർക്കസ്സ് കൂടാരങ്ങളിലേക്ക് പുതിയതലമുറയുടെ വരവുകുറഞ്ഞു. വേതനവ്യവസ്ഥയിലും ജീവിത സൗകര്യങ്ങളിലുമുള്ള അപാകതകളും അപകട സാധ്യതകളും സർക്കസ്സ് കലയുടെ പ്രലോഭനീയമുഖത്തെ വികലപ്പെടുത്തിയിരുന്നു. ആദ്യകാല സർക്കസ്സുടമസ്ഥന്മാർ കലാകാരന്മാരോടും കലാകാരികളോടും വെച്ചുപുലർത്തിയിരുന്ന ആദരപൂർവ്വ സൗഹൃദവും സത്യസന്ധതയും പിൽകാലത്ത് വന്നവർ പിന്തുടരുകയുണ്ടായില്ല.മുതലാളിത്ത മനോഭാവവും ചൂഷണപ്രവണതയും വർദ്ധിക്കുകയും കൂടാരത്തിനുള്ളിലെ തിക്താനുഭവങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്തു.അനേക വർഷങ്ങളിലെ അധ്വാനത്തിനുശേഷം വെറും കൈയോടെ തിരികെവരേണ്ടിവന്നവരും വീഴ്ചകൾകാരണം പരിക്കുപറ്റി നിരാംലമ്പരായിത്തീർന്നവരും പുതിയ തലമുറയ്ക്ക് മുന്നറിയിപ്പുകളായി .

ഇന്ത്യൻ ഭരണ ഘടനയനുസരിച്ച് സർക്കസ്സ് കേന്ദ്രസംസ്ഥാന സർക്കാരുകളുടെ യാതൊരു വകുപ്പിലും ഉൾപ്പെടുന്നില്ല .ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാർ കൈയാളുന്നതും സംസ്ഥാനങ്ങളിൽ മാറി മാറി സഞ്ചരിച്ച് പ്രദർശനം നടത്തുന്നതുമായ സർക്കസ്സിനെ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും തുല്യ നിയന്ത്രണാധികാരം നൽകുന്ന വകുപ്പിൽ ഉൾപ്പെടുത്തി ദേശീയ കലയായി അംഗീകരിക്കണം. ജോലിസ്ഥിരത , ജീവിത സുരക്ഷിതത്വം ,ശമ്പള വ്യവസ്ഥ , അർഹമായ ആനുകൂല്യങ്ങൾ എന്നിവ കർശനമായി നിയമങ്ങളിലൂടെ ഉറപ്പുവരുത്തണം .