തലശ്ശേരിയുടെ ചരിത്രം.



അറബിക്കടലിന്റെ തിരമാലകൾ നിരന്തരം തഴുകി കൊണ്ടിരിക്കുന്ന പശ്ചിമതീരത്തെ പ്രധാനപ്പെട്ട പട്ടണങ്ങളിലൊന്നാണ് തലശ്ശേരി. നഗരത്തിന്റെ വടക്ക് ധർമ്മടം പഞ്ചായത്ത് , കിഴക്ക് എരഞ്ഞോളി ,കോടിയേരി പഞ്ചായത്തുകളും , തെക്ക് ന്യൂ മാഹി പഞ്ചായത്തുകളും , പടിഞ്ഞാറു അറബികടലുകളുമാണ് അതിരുകൾ .

thalassery history

തലശ്ശേരി,ടെലിച്ചെറി,തലക്കച്ചേരി , എന്നിങ്ങനെയൊക്കെയാണ് പഴയ രേഖകളിൽ തലശ്ശേരിയുടെ നാമം രേഖപ്പെടുത്തിയതായി കാണുന്നത്. അനേകം ചേരികളുടെ തലസ്ഥാനമായതിനാൽ തലച്ചേരി എന്ന പേർ വന്നതാണെന്ന് ഒരഭിപ്രായം.വടക്കൻ കേരളത്തിന്റെ ഭരണസിരാകേന്ദ്രമെന്ന നിലയിൽ കച്ചേരികളുടെ ആസ്ഥാനമായ തലകച്ചേരിയായിരുന്നു ഈ പ്രദേശം എന്നും അഭിപ്രായമുണ്ട്. ഏതായാലും കേരള ചരിത്രത്തിൽ സുപ്രധാനമായ ഒരു സ്ഥാനം ഈ നഗരം കൈക്കലാക്കിയിട്ടുണ്ട്.

ചിറക്കൽ ,കോട്ടയം,കടത്തനാട്ട് രാജാക്കന്മാരുടെ സംഗമകേന്ദ്രമെന്ന നിലയിലും ,രണ്ടു തറ ,കുറുങ്ങോട് തുടങ്ങിയ പ്രാദേശിക ഭരണകർത്താക്കളുടെ പ്രവർത്തന കേന്ദ്രമെന്ന നിലയിലും തുറമുഖമെന്ന നിലയിലുമാണ് ഈ നഗരം വളർന്നത്.

പ്രാചീന സഞ്ചാരികളുടെ യാത്രാവിവരങ്ങളിൽ ധർമ്മടത്തെക്കുറിച്ചു പരാമർശമുണ്ടെങ്കിലും തലശ്ശേരി എന്ന പേര് രേഖപ്പെടുത്തിയതായി കാണുന്നില്ല. ഇന്നത്തെ തലശ്ശേരിയുടെ പ്രാചീനനാമം തിരുവങ്ങാടെന്നായിരുന്നു എന്നും പറയപ്പെടുന്നു.തലശ്ശേരിയുടെ പ്രാചീന നാമം "ശ്വേതാരാണ്യപുരി" എന്ന തിരുവങ്ങാട് ആണെന്നു മാന്വൽ ഓഫ് അഡ്മിനിസ്ട്രേഷൻ ഓഫ് മദ്രാസ് പ്രെസിഡൻസിയുടെ രേഖകളിൽ കാണുന്നു. അഗസ്ത്യ ശിഷ്യനായ ശ്വേതമുനിയിൽ നിന്നാണ് ഈ പേര് വന്നതെന്നാണ് വിശ്വാസം. തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രത്തിന്റെ കരാളന്മാരിൽപെട്ട പോണൂലിൽ മൂസ്സാദിന്റെ വകയായിരുന്ന തിരുവളപ്പന് കുന്നിൽ ആണ് ഈസ്റ്റ് ഇന്ത്യ കമ്പനി പണിത കോട്ട സ്ഥിതി ചെയുന്നത് . എന്തായാലും പഴയ കോട്ടയം താലൂക്കിൽ തലശ്ശേരിയെന്ന വ്യാപാരകേന്ദ്രത്തിന്റെ വളർച്ച യൂറോപ്യൻ ആധിപത്യത്തോടെയാണ് ഉണ്ടായതെന്നതിൽ സംശയമില്ല.

ഗാന്ധിജി തലശ്ശേരിയിൽ

ഗാന്ധിജി 1920 ആഗസ്റ്റ് 19 നാണു ആദ്യമായി തലശ്ശേരിയിൽ വന്നത്.അങ്ങനെപറയുന്നത് ഒരുപക്ഷെ ശെരിയല്ല , ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായി കോഴിക്കോട്ടെ ഒരു പ്രസംഗം കഴിഞ്ഞു അദ്ദേഹവും ഷൗക്കത്തലിയുംകൂടി മംഗലാപുരത്തേക്ക് പോകുകയായിരുന്നു.തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ,പ്ലാറ്റ്ഫോമിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തോട് ഗാന്ധിജി സംസാരിച്ചു. ഇത് സംബന്ധിച്ച് മൊയാരത്ത് ശങ്കരൻ തന്റെ ആത്മകഥയിൽ ഇങ്ങനെ എഴുതി " രണ്ടു പേരും 5 മിനിറ്റ് പ്ലാറ്റ്ഫോമിൽ കൂടിയ ജനക്കൂട്ടത്തോട് വണ്ടിയുടെ വാതിൽക്കൽ നിന്നുകൊണ്ട് പ്രസംഗിച്ചു, ഗാന്ധിജിയുടെ ഹൃദയം തുറക്കുന്ന മധുരവാക്കും , പ്രസന്നവും പ്രശാന്തസുന്ദരമായ മുഖഭാവവും , അതിനെതിരായി ഷൗക്കത്തലിയുടെ അസാധാരണ ഭീമാകാരവും കനത്ത ഒച്ചയും ആത്മാർത്ഥതതുളുമ്പുന്ന അഭ്യർത്ഥനയും സകലരെയും ആകർഷിച്ചു.

1934 ജനുവരിയിൽ ഗാന്ധിജി വീണ്ടും കേരളം സന്ദർശിക്കുമെന്ന അറിയിപ്പുണ്ടായി. മാതൃഭൂമിയുടെ സ്ഥാപകനായ കെ മാധവൻ നായരുടെ ഛായാപടം അനാച്ഛാദനം നിർവഹിക്കാനും ഗുരുവായൂർ സത്യാഗ്രഹവുമായി ബന്ധപ്പെട്ട് അവിടെ പ്രസംഗിക്കാനും ഗാന്ധിജി തീരുമാനിച്ചിരുന്നു. യാത്രക്കിടയിൽ ഗാന്ധിജി തലശ്ശേരിയിലും ഇറങ്ങി സംസാരിക്കണമെന്ന ആവശ്യം ഉയർന്നുവന്നു.കോൺഗ്രസ്സ് നേതാവായ ഡോ.ടി.വി.എൻ നായർ , ചന്ദ്രോത്ത് കുഞ്ഞിരാമൻ നായർ ,പി.ക ഗോവിന്ദൻ , ശേഖരൻ എന്നിവരാണ് ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഗാന്ധിജിക്ക് എഴുതിയത്.ഈ ആവശ്യം അംഗീകരിക്കപ്പെട്ടു.

1934 ജനുവരി 12 നാണ് ഗാന്ധിജി തലശ്ശേരിയിൽ എത്തുന്നത്. പയ്യന്നൂരിലും കണ്ണൂരിലും അദ്ദേഹത്തിന് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. " സനാതന ധർമ്മ പരിരക്ഷിണി സഭയുടെ" നേതൃത്വത്തിൽ കരിങ്കൊടി പ്രകടനവും പയ്യന്നുരിൽ ഉണ്ടായിരുന്നു.ഗാന്ധിജിക്കെതിരെ പ്രകടനം നടത്തിയ അവർ ഗുരുവായൂരിലെ പ്രസംഗവും അലങ്കോലപ്പെടുത്താൻ ശ്രമിച്ചു.

ഗാന്ധി സ്വീകരണ സംഘത്തിന്റെ ഖജാൻജി ഡോ.ടി.വി.എൻ നായരായിരുന്നു. 775 രൂപ 1 അണ 3 പ പൊതുയോഗത്തിൽവെച്ച് പണക്കിഴിയായി ഗാന്ധിജിക്ക് നൽകി. തലശ്ശേരിയിൽ ഗാന്ധിജിചെയ്ത പ്രസംഗം "അയിത്തത്തിനുള്ളിൽ അയിത്തം" എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഗാന്ധിജിക്ക് അടുത്ത സ്വീകരണയോഗം ഏർപ്പാട് ചെയ്തത് ഫ്രഞ്ച് ധീനപ്രദേശമായ മയ്യഴിയിലെ പുത്തമ്പലം ക്ഷേത്രത്തിന്റെ അങ്കണത്തിലായിരുന്നു.

gandhiji

ജവഹർഘട്ട് (ആസാദ് കടപ്പുറം)

jawahar ghat

ജന്മഭൂമിയുടെ മോചനത്തിനുവേണ്ടി നടന്ന ഒരു ഐതിഹാസികമായ സമരമായിരുന്നു 1940 ൽ തലശ്ശേരിയിൽ അരങ്ങേറിയത്. കോൺഗ്രസ്സിലെ സോഷ്യലിസ്റ്റ് പാർട്ടിയിലെ ഇടതുപക്ഷ വിഭാഗമായിരുന്നു അന്ന് സമരരംഗത്ത് ഉണ്ടായിരുന്നത്.ബ്രിട്ടീഷ് ഗവൺമെന്റിന്റെ വ്യാപകമായ മർദ്ദനത്തിൽ പ്രതിക്ഷേധിക്കുവാനും കിരാതഭരണം അവസാനിപ്പിക്കുവാനും വേണ്ടിയായിരുന്നു തലശ്ശേരി സെൻറ് ജോസഫ് സ്കൂളിന്റെ പടിഞ്ഞാറ് വശത്തുള്ള വിശാലമായ കടപ്പുറത്ത് പൊതുയോഗം നടത്താൻ തീരുമാനിച്ചത് .സമരം മുൻക്കൂട്ടി കണ്ട ബ്രിട്ടീഷ് ഭരണാധികാരികൾ ജാഥയ്ക്കും പൊതുയോഗത്തിനും നിരോധമേർപ്പെടുത്തുകയുണ്ടായി.ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ആയിരക്കണക്കിനു സേനാനികൾ കെ.ദാമോദരൻ ,പി.കെ മാധവൻ ,പി.കെ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ നിരോധനം വകവെക്കാതെ ഇന്നത്തെ ജവഹർഘട്ടിൽ പ്രതിഷേധത്തിന്റെ കാഹളം മുഴക്കി.

യോഗം തടയാനെത്തിയ ബ്രിട്ടീഷ് പോലീസും സമരസേനാനികളും ഏറ്റുമുട്ടുകയും അത് വെടിവെപ്പിൽ കലാശിക്കുകയും ചെയ്തു.അദ്ധ്യാപകനും സാമൂഹ്യ പ്രവർത്തകനും കർഷകസംഘത്തിന്റെ പ്രവർത്തകനുമായ ധീരവിപ്ലവകാരി ഓടക്കാട് സ്കൂൾ അദ്ധ്യാപകൻ അബുമാസ്റ്ററും ,ടെമ്പിൾ ഗേറ്റിലെ ഗ്രേറ്റ് ഡർബാർ ബീഡി കമ്പിനിയിലെ തൊഴിലാളിയും ആയ ചാത്തുക്കുട്ടിയും ബ്രിട്ടീഷ് പോലീസിന്റെ വെടിയുണ്ടകൾക്കിരയായി.

സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഉപ്പ് സത്യാഗ്രത്തിന്റെ ഭാഗമായി കേളപ്പന്റെ നേതൃത്വത്തിലുള്ള വളണ്ടിയർ സംഘം 1930 ഏപ്രിൽ 13 ന് തലശ്ശേരിയിൽ എത്തുകയും , ആസാദ് കടപ്പുറത്ത് ഹരീശ്വരൻ തിരുമുമ്പിന്റെ നേതൃത്വത്തിൽ ഉപ്പ് നിയമലംഘനം നടത്തുകയും ചെയ്തു.

കേയീവംശം

പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ കാലങ്ങളിൽ തന്നെ കേരളത്തിലെ സമ്പദ് വ്യവസ്ഥയിൽ സമൂല പരിവർത്തനം സൃഷ്ടിച്ച വിശിഷ്ട പാരമ്പര്യമാണ് മലബാറിലെ കേയീമാർക്കുള്ളത്ത് . കേരളത്തെ വാണിജ്യപരമായി വിദേശരാജ്യങ്ങളുമായി ബന്ധിപ്പിച്ച ശക്തമായ കണ്ണികളാണ് കേയിമാർ .പാർസി ഭാഷയിൽ 'നാഥൻ" എന്ന അർഥം ദ്യോതിപ്പിക്കുന്നതാണ് കേയി എന്ന വിശേഷണം .

ആദ്യത്തെ കേയിവംശജനായ ആലൂപ്പിക്കാക്ക കണ്ണൂരിനടുത്തുള്ള ചൊവ്വയിൽനിന്നാണ് കച്ചവട ആവശ്യാർത്ഥം തലശ്ശേരിയിൽ വന്നത്. തലശ്ശേരിയിൽ വന്നതോടെ ആലൂപ്പിക്കാക്കയുടെ കച്ചവടം അഭിവൃദ്ധപെട്ടു കൊപ്പര,കുരുമുളക്,ചന്ദനം,ഏലം,മരം തുടങ്ങിയവ ധാരാളമായി വിദേശ രാജ്യങ്ങളിലേക്കു അക്കാലത്തു കയറ്റിപോയിരുന്നു.ആലൂപ്പിക്കാക്കയുടെ മരണശേഷം മരുമകൻ മൂസാക്കാക്ക പിന്തുടർച്ചാവകാശിയായി രംഗത്ത് വന്നു.

കച്ചവട ആവശ്യാർത്ഥം തിരുവിതാംകൂർ ഭാഗത്ത് ചെന്ന് ചരക്കുകൾ കയറ്റിറക്കുമതി ചെയ്യാൻ ആലപ്പുഴയിൽ തോട് വെട്ടിയ മൂസാക്കാക്ക അനേകം പത്തേമാരികളുടെയും പായകപ്പലുകളുടെയും അധിപനായി. കോലത്തിരിരാജാക്കന്മാർക്കും ബ്രാഹ്മണ കുടുംബങ്ങൾക്കും മൂസാക്കാക്ക നൽകിയ സഹായ സഹകരണങ്ങളിൽ സംതൃപ്തനായ തിരുവിതാംകൂർ തമ്പുരാൻ കച്ചവടം ചെയ്യാൻ ആലപ്പുഴയിൽ കൊച്ചു സ്ഥലവും കുറച്ച് തേക്കിൻകാടും സമ്മാനിച്ചു.തിരുവിതാംകൂർ രാജാവിൽനിന്നു ലഭിച്ച തേക്കിൻ മരങ്ങൾ കൊണ്ടാണ് തലശ്ശേരിയിലെ ഓടത്തിൽ പള്ളി പണിതത്.

മൂസാക്കാക്കയുടെ കാലം കഴിഞ്ഞ ശേഷമാണ് കേയിമാർ നാലുതാവഴികളായി പിരിഞ്ഞത് .ഓർക്കാട്ടേരി, വലിയപുര, പുതിയപുര, കേളോത്ത് എന്നീ നാലുതാവഴികൾക്ക് യോഗ്യതാനുസരണം സ്വത്തുക്കളും പള്ളികൾ മുതലായ ധർമ്മ സ്ഥാപനങ്ങളും വീതിക്കപ്പെട്ടു. വലിയപുര താവഴിയിലെ അംഗമായിരുന്ന മായൻ കുട്ടി പ്രസിദ്ധ പണ്ഡിതനായിരുന്നു.അദ്ദേഹം എഴുതിയ 'ഖുർ ആൻ തഫ്സീർ' ഏറെ പ്രസിദ്ധമായിരുന്നു.

കേരളക്കരയിൽ മാത്രമല്ല ,തെക്ക് -വടക്കൻ കർണ്ണാടകം ,മുംബൈ,തമിഴ്നാട് എന്നീ പ്രദേശങ്ങളിലും കേയിമാർക്ക് അനവധി ഭൂസ്വത്തുക്കളും കെട്ടിടങ്ങളുമുണ്ടായിരുന്നു .മൂസാക്കാക്കയുടെ കാലത്താണ് കേരളത്തിലെ ഏക രാജവംശമായ അറക്കലുമായി കേയിമാർ വിവാഹ ബന്ധത്തിലേർപ്പെടാൻ തുടങ്ങിയത്.ഓടത്തിൽ പള്ളിക്ക് പൊൻതാഴികക്കുടം പണിയിപ്പിച്ചത് കേളോത്ത് താവഴിയിലെ വലിയകുഞ്ഞഹമ്മദ് കേയിയാണ് .

കേയിമാരുടെ സാന്നിദ്ധ്യവും സഹവാസവുംകൊണ്ട് തലശ്ശേരി ചൈതന്യ ധന്യമായിട്ടുണ്ട്. മത സാംസ്കാരിക വിദ്യാഭ്യാസ ,സാമൂഹ്യ വ്യാപാര മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ ഒരു നീണ്ട നിരതന്നെ കേയി വംശജരിലുണ്ട്.അവരുടെ സംഭാവനകൾ രേഖപ്പെടുത്താതെ തലശ്ശേരിയുടെ ചരിത്രം പൂർണമാവില്ല.



keyi destiny