പ്രശസ്ത വ്യക്തികള്‍



എ.സി.എൻ.നമ്പ്യാർ

അറത്തിൽ കണ്ടത്ത്‌ നാരായണൻ നമ്പ്യാർ (എ.സി.എൻ.നമ്പ്യാർ) ഒരു ഇന്ത്യൻ ദേശീയവാദിയായിരുന്നു. സുഭാഷ് ചന്ദ്ര ബോസിന്റെ സുഹൃത്തും സഹപ്രവർത്തകനുമായിരുന്നു. 1896 ൽ തലശേരിയിൽ ജനിച്ചു. എന്നാൽ, അദ്ദേഹം യൂറോപ്പിലെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ സേവിക്കുന്നതിൽ ഏറെക്കാലം ചെലവഴിച്ചു.

വെങ്ങയിൽ കുഞ്ഞിരാമൻ നയനാരുടെയും അറത്തിൽ കണ്ടതിൽ കല്യാണി അമ്മയുടെ നാലാമത്തെ പുത്രനായിരുന്നു അദ്ദേഹം. 1919 ൽ സരോജിനി നായിഡുവിന്റെ സഹോദരി സുഹാസിനി ചട്ടോപാധ്യായെ (ആദ്യത്തെ സ്ത്രീ കമ്യൂണിസ്റ്റ് അംഗം) 1919 ൽ വിവാഹം ചെയ്തു.

രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഇടതുപക്ഷ പത്രപ്രവർത്തകനായി യൂറോപ്പിൽ എസിഎൻ നമ്പ്യാർ പ്രവർത്തിച്ചിരുന്നു. 1930-കളിൽ നാസി പട്ടാളം ഇദ്ദേഹത്തെ ജയിലിൽ അടക്കുകയും, തുടർന്ന് പ്രാഗിലേക്ക് നാടുകടത്തുകയും ചെയ്തു.

1942 ജനുവരിയിൽ സുഭാഷ് ചന്ദ്ര ബോസിന്റെ ഫ്രീ ഇന്ത്യാ സെന്ററിൽ ചേർന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ശത്രുക്കളെ സഹായിക്കുന്നതിനും ബോസ് സ്ഥാപിച്ച സംഘടന ആയിരുന്നു ഇത്.

ശത്രുവുമായി സഹകരിച്ചതിനു യുദ്ധത്തിനുശേഷം അദ്ദേഹം ജയിലിൽ അടയ്ക്കപ്പെട്ടു. അദ്ദേഹം സ്വിറ്റസർലണ്ടിലേക്ക് രക്ഷപ്പെട്ടു. ബ്രിട്ടന്റെ ആഗ്രഹങ്ങൾക്കു വിരുദ്ധമായി നെഹ്റുവിന്റെ ഇടക്കാല ഗവൺമെൻറ് അദ്ദേഹത്തിന് ഒരു ഇന്ത്യൻ പാസ്പോർട്ട് നൽകി. പിന്നീട് അദ്ദേഹം ബെർണിലെ ഇന്ത്യൻ ലിഗേഷനിൽ ഒരു കൗൺസിലറായി ജോലിചെയ്തു. പിന്നീട് സ്കാൻഡിനേവിയൻ ഇന്ത്യൻ അംബാസഡറായി നിയമിക്കപ്പെട്ട അദ്ദേഹം 1951 ൽ ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമനിയുടെ ആദ്യ ഇന്ത്യൻ അംബാസിഡറായി.

1958 ൽ അദ്ദേഹത്തിന് പത്മഭൂഷൺ നൽകി.

എസിഎൻ നമ്പ്യാർ ഹിന്ദുസ്ഥാൻ ടൈംസിന്റെ യൂറോപ്യൻ ലേഖകനായി ഔദ്യോഗിക ജീവിതം പൂർത്തിയാക്കി.

ACN Nambiar

എ.ഡി മൊയ്തു

സംയുക്ത മലബാറിൽ കേളിരംഗത്തിൽ നിറഞ്ഞു നിന്ന ചുരുക്കം ചില ഓൾറൗണ്ടർമാരിൽ പ്രഗത്ഭനായ ഒരു തലശ്ശേരിക്കാരനുണ്ടായിരുന്നു . 6 വർഷം മുൻപ് നിര്യാതനായ എ ഡി മൊയ്തു .

പള്ളികൂടത്തിൻറെ പടികൾ ചവിട്ടിയതു മുതൽ കളിക്കളവുമായി ഇഴുകി ചേർന്ന മെലിഞ്ഞു നീണ്ട മൊയ്തു ജീവിതാന്ത്യം വരെയും കളിക്കളവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയായിരുന്നു.ആദ്യം എല്ലാ കളികളിലും വെട്ടിത്തിളങ്ങി നിന്ന ഈ താരം പിൽക്കാലത്തു കളിക്കളങ്ങൾ നിറഞ്ഞുനിന്ന അമ്പയറായി.

ക്രിക്കറ്റിൽതുടങ്ങി ഫുട്ബോളിലും ഹോക്കിയിലും പടന്നുകയറിയ കായികാവേശം പിനീട് ടെന്നീസിലേക്കും ബാസ്കറ്റ്ബാളിലേക്കും വ്യാപിച്ചു . ഗെയിംസിനോടൊപ്പം അത്ലറ്റിക്സിലും മികവ് കാണിച്ചപ്പോൾ മൊയ്തു തലക്കെട്ടുകൾ ആകർഷിച്ചു. അതിന്റെ അംഗീകാരമെന്നോണം കോഴിക്കോട് നടന്ന മലബാർ കോയമ്പത്തൂർ സ്കൂൾ മീറ്റിൽ തുടർച്ചയായി മൂന്ന് വർഷം (1935-36, 36-37, 37-38) ഓവർ ഓൾ ചാമ്പ്യൻഷിപ്പിനുള്ള ഗ്രിഗ് മെമ്മോറിയൽ മെഡൽ അദ്ദേഹത്തിൻറെയായി.

കോഴിക്കോട് മാനാഞ്ചിറ മൈതാനം കേന്ദ്രമായി തെന്നിന്ത്യയിലെ മികച്ച താരങ്ങളെല്ലാം വർഷംതോറും പൊരുതാനിറങ്ങിയിരുന്ന ഈ മീറ്റിൽ ഹൃസ്വദൂര ഓട്ടങ്ങൾക്കു പുറമെ ട്രിപ്പിലെ ജമ്പിലും ഈ തലശ്ശേരിക്കാരൻ മികവുകാട്ടി.

തലശ്ശേരി ഗവ : ബ്രണ്ണൻ ഹൈസ്കൂളിൽ നിന്നുള്ള മൊയ്തു കോയമ്പത്തൂരിൽ നടന്നുവന്ന വൈ .എം .സി.എ മീറ്റുകളിലും ക്ഷണിക്കപ്പെട്ട അത്ലറ്റ് ആയിരുന്നു.ഇന്ത്യയിൽ നൂറുവയസ്സു തികച്ച വിരലിൽ എണ്ണാവുന്ന ക്രിക്കറ്റ് ക്ലബ്ബുകളിൽ ഒന്നായ തലശ്ശേരി ടൌൺ ക്രിക്കറ്റ് ക്ലബ്ബിലാണ് മൊയ്തു ക്രിക്കറ്റ് ബ്ലാസ്റ്ര് അണിഞ്ഞത് .

പ്രഗല്ഭർഅണിനിരന്ന ടൌൺ ക്ലബിന് പാഡണിഞ്ഞ അദ്ദേഹം ബാറ്റുകൊണ്ട് ഏറെ മികവുകാണിച്ചില്ലെങ്കിലും ഇടം കൈയൻ മീഡിയം പേസർ എന്ന നിലയിൽ മിക്കവാറും എല്ലാ മത്സരങ്ങളിലും മൂന്നും നാലും വിക്കറ്റ് കൊയ്ത്തുവന്നു.

പ്രായാധിക്യത്തെത്തുടർന് കളിക്കളങ്ങളോട് വിടപറഞ്ഞ എ .ഡി യെ പിന്നീടുള്ള കാലം മത്സരങ്ങൾ നിയന്ത്രിക്കുന്ന സമർത്ഥനായ അമ്പയറുടെ ജേഴ്സി അണിഞ്ഞാണ് തലശ്ശേരിയിലെ കായികലോകം കണ്ടത്.

മത്സരങ്ങൾ നിയന്ത്രിക്കാൻ കോഴിക്കോട്ടും കൊച്ചിയിലുമൊക്കെ ഏറെകാലം സംഘടകർ തലശ്ശേരിയിൽ മൊയ്തുവിനെ തെരഞ്ഞുപിടിച്ചു കൊണ്ടുവരുമായിരുന്നു. കളികൾകൊണ്ട് സമ്പന്നമായിരുന്നു ജീവിതമെങ്കിലും ജീവിതത്തിൽ പറയാവുന്ന സമ്പാദ്യങ്ങളൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല .എന്നാൽ സ്പോർട്സ് കൗൺസിൽ പെൻഷൻ നൽകി അദ്ദേഹത്തെ ആദരിച്ചു .അദ്ദേഹത്തിന്റെ പുത്രന്മാരിൽ രണ്ടുപേർ കേരളത്തിൽ അംഗീകാരം നേടിയ കളിക്കാരായി വളരുകയും ചെയ്തു.

ആ സന്തോഷവും സംതൃപ്തിയും മരിക്കുംവരെ സജീവമായി കളിക്കളത്തിൽ ഉണ്ടായിരുന്ന മൊയ്തുവിന്റെ കൊഴിഞ്ഞു വീണ പല്ലുകൾക്കിടയിലും നിറഞ്ഞുനിന്ന പുഞ്ചിരിയിൽ തിളങ്ങിനിന്നിരുന്നു .

admoidu

എ.കെ ഗോപാലൻ

Ak Gopalan

ആയില്യത്ത് കുറ്റ്യാരി ഗോപാലൻ നമ്പ്യാർ ഒക്ടോബർ 1, 1904 ന് ജനനം . എ.കെ.ജി. കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു. അവശതയനുഭവിക്കുന്ന ഒരു ജനതക്കുവേണ്ടി നടത്തിയ പോരാട്ടങ്ങളെ കണക്കിലെടുത്ത് കമ്മ്യൂണിസ്റ്റ് അനുയായികൾ ഇദ്ദേഹത്തെ ബഹുമാനപൂർവ്വം പാവങ്ങളുടെ പടത്തലവൻ എന്നു വിശേഷിപ്പിക്കുന്നു. എ.കെ.ജിയാണ് ഇന്ത്യൻ ലോക്സഭയിലെ ആദ്യ കമ്മ്യൂണിസ്റ്റ് പ്രതിപക്ഷനേതാവ്. സ്വാതന്ത്ര്യ സമരസേനാനി, സാമൂഹിക പ്രവർത്തകൻ, തൊഴിലാളി നേതാവ്, ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ അധികാര സ്ഥാനങ്ങളിൽ അദ്ദേഹം ഒരിക്കലും ഇരുന്നിട്ടില്ല. സിപിഎം രൂപീകരിച്ചതിനു ശേഷം പാർട്ടി ഭരണത്തിൽ എത്തിയപ്പോഴും അദ്ദേഹം സമരവഴിയിലായിരുന്നു. ഇന്ത്യയിൽ ആദ്യമായി കരുതൽ തടങ്കൽ നിയമപ്രകാരം തടവിലായ വ്യക്തി എ.കെ. ഗോപാലനാണ്. എ.കെ. ഗോപാലൻ വേഴ്സസ് സ്റ്റേറ്റ് ഓഫ് മദ്രാസ് എന്ന കേസ് ഇന്നും വളരെയധികം ശ്രദ്ധിക്കപ്പെടുന്നു.

ഒരു നാടുവാഴിതറവാട്ടിൽ ജനിച്ചുവെങ്കിലും, ഗോപാലന്റെ മനസ്സ് കഷ്ടപ്പെടുന്ന തൊഴിലാളികളുടേയും, അവശതയനുഭവിക്കുന്ന സാധാരണക്കാരുടേയും കൂടെയായിരുന്നു. വളരെ ചെറിയ കാലം അധ്യാപകജോലി ചെയ്തിരുന്നവെങ്കിലും, അതല്ല തന്റെ മാർഗ്ഗമെന്ന് മനസ്സിലാക്കുകയും ജനസേവനത്തിനായി ഇറങ്ങിത്തിരിക്കുകുയം ചെയ്തു. ഗുരുവായൂർ സത്യാഗ്രഹം, ഉപ്പു സത്യാഗ്രഹം എന്നീ ചരിത്രപ്രധാനമായ മുന്നേറ്റങ്ങളിൽ പങ്കുകൊണ്ടു. നിരവധി തവണ പോലീസിന്റെയും മുതലാളി കിങ്കരന്മാരുടേയും ക്രൂര മർദ്ദനത്തിനിരയായി. കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയരംഗത്ത് പ്രവേശിച്ചു, 1939 ൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി മുഴുവൻ കമ്മ്യൂണിസത്തിലേക്ക് പരിവർത്തനം ചെയ്തപ്പോൾ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളിലൊരാളായി കേരളത്തിൽ നടന്ന സുപ്രധാനമായ തൊഴിലാളി സമരങ്ങളുടെ ആവേശമായി മാറി. കേരളത്തിനു പുറത്തേക്കും ഗോപാലന്റെ പ്രവർത്തനമേഘന വ്യാപിച്ചിരുന്നു. കൽക്കത്തയിൽ വച്ചു നടന്ന കിസാൻ സമ്മേളനം അദ്ദേഹത്തെ അഖിലേന്ത്യാ പ്രസിഡന്റായി തിരഞ്ഞെടുത്തു. പഞ്ചാബിൽ ജലനികുതിക്കെതിരേ നടന്ന സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിക്കുകയുണ്ടായി.

അഞ്ചു തവണ ലോക സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ, പാർട്ടി വിട്ടുപോയ 32 പേരിൽ ഒരാളായിരുന്നു എ.കെ.ഗോപാലൻ. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്) ന്റെ പോളിറ്റ് ബ്യൂറോ അംഗമായിരുന്നിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്ന സുശീലാ ഗോപാലനാണ് ജീവിത പങ്കാളി. 1977 മാർച്ച് 22 ന് സാധാരണക്കാരുടെ ഈ പ്രിയപ്പെട്ട നേതാവ് മരണമടഞ്ഞു.

എ.പി അച്യുതൻ മാസ്റ്റർ

ഒരു രണ്ടാം വിധാതാവുണ്ടായിരുന്നു പണ്ട് തലശ്ശേരിയിൽ. മൺമറഞ്ഞുപോകുന്ന സാംസ്കാരികനായകർക്ക് വിസ്മൃതിയുടെ താവളങ്ങൾ ഒരുക്കുന്ന പഴയകാല സാംസ്കാരികരംഗത്ത് പലരെയും അവഗണിച്ചു തള്ളുന്ന കൂട്ടത്തിൽ അദ്ദേഹവും ചെന്ന് വീണു.

ആർട്ടിസ്റ്റ് എ പി അച്യുതൻ മാസ്റ്റർ .... കലാസ്നേഹികളായ പഴയ തലമുറകളുടെ ഹൃദയങ്ങളിൽ പക്ഷെ അദ്ദേഹം ഇന്നും ജീവിക്കുന്നു .ഇന്ത്യയിൽ ഉടനീളം അറിയപ്പെട്ട അന്താരഷ്ട്രതലത്തിലും ശ്രദ്ധേയനായ ചലനപ്രതിമകളുടെ സൃഷ്ടാവ് എന്ന നിലയിൽ ജന സഹസ്രങ്ങളുടെ മനം കവർന്ന എത്രയെത്ര ശില്പങ്ങളാണ് ആ ഭാവനയിലൂടെ രൂപം കൊണ്ടത്.

കേവലം ചലിക്കുന്ന പ്രതിമകളായിരുന്നില്ല മാസ്റ്ററുടെ കൈകളിലൂടെ പിറന്നുവീണത് , ജീവന്റെ തുടിപ്പും ചലനാത്മകതയും ഉൾക്കൊള്ളുന്നതായിരുന്നു അദ്ദേഹത്തിന്റെ സൃഷ്ടികൾ .

ബ്രണ്ണൻ ഹൈസ്കൂളിൽ എസ്.എസ്.എൽ .സി പാസായശേഷം സ്വപ്രയത്നത്തിലൂടെ സ്വകാര്യമായി പരിശീലനംനേടി ചിത്രകലാധ്യാപകനായി ജോലി കണ്ടെത്തിയ മാസ്റ്റർ ഫോർത് ഫാമിൽ പഠിക്കുമ്പോഴാണ് ചലന പ്രതിമകളുടെ നിർമാണത്തിലേക്കു കടക്കുന്നത്. "ബേബി " യെ ഉണ്ടാക്കികൊണ്ടായിരുന്നു തുടക്കം . പിന്നീട് തച്ചോളി ഒതേനനെയും ,കുങ്കിയെയും ഉണ്ടാക്കി .1931 ലെ ഈ സൃഷ്ട്ടി ടൈംസ് ഓഫ് ഇന്ത്യയുടെ പ്രശംസ പിടിച്ചുപറ്റി. ഇതിനുശേഷം മെക്കാനിസം ഉപയോഗിച്ചുകൊണ്ടുള്ളതായി സൃഷ്ടികൾ. ഉഷയുടെ വീണവായന എന്ന ശിൽപം അങ്ങനെയാണ് പുറത്തുവന്നത്.

റിമോട്ട് കണ്ട്രോൾ സംവിധാനത്തോടെ നിർമ്മിച്ച "യന്ത്ര കന്യക" 1959 ൽ ഡൽഹിയിലെ അന്താരാഷ്ട്ര പ്രദർശനത്തിൽ സ്ഥാനം കണ്ടെത്തിയപ്പോൾ മാസ്റ്റർ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധേയനായി . ആ പ്രദർശനത്തിൽ ഏറ്റവും മികച്ചുനിന്ന മൂന്ന് ചലനപ്രതിമകളിൽ ഒന്നായിരുന്നു ഇത്. "വീണ വായിക്കുന്ന ഉർവശി" ആണ് മാസ്റ്ററുടെ അവസാനത്തെ സൃഷ്ടി.

ജനലക്ഷങ്ങളെ ആകർഷിച്ച പ്രദർശനങ്ങളിൽ നിന്ന് മാസ്റ്റർ ഒന്നും നേടിയില്ല. വരുമാനത്തിന്റെ പകുതിയിലേറെ ടാക്സ് ആയി നൽകേണ്ടിയിരുന്നു. തുച്ഛമായ പെൻഷൻമാത്രം ആശ്രയിച്ചു ജീവിക്കേണ്ടി വന്നപ്പോഴും മാസ്റ്റർ കലയോടുള്ള സ്നേഹം കൈവിട്ടിട്ടില്ല . രാജാരവിവർമ്മയുടെ ചിത്രരചനാപാടവമായിരുന്നു അച്യുതൻ മാസ്റ്ററുടെ ജീവസ്സുറ്റ പ്രതിമകളുടെ പ്രത്യേകത . ഗാന്ധിജി ,നെഹ്റു,ശ്രീനാരായണഗുരു തുടങ്ങിയവരുടെ അർദ്ധകായ പ്രതിമകൾ പ്രശസ്തങ്ങളാണ്.

ജീവിച്ചിരിക്കുന്നവരിൽ ഗായകൻ യേശുദാസിന്റെ പ്രതിമ സവിശേഷ ശ്രദ്ധ അർഹിക്കുന്നു . ദ്രാവിഡ മുന്നേറ്റ കഴകം നേതാവായിരുന്ന അണ്ണാദുരൈ , മഹാകവികളായ ആശാൻ , ഉള്ളൂർ ,വള്ളത്തോൾ എന്നിവരുടെ ശില്പങ്ങളും പ്രസിദ്ധമാണ്.

ഒരുകാലത്തു കേരളത്തിലുടനീളം വിദ്യാലയങ്ങളിൽ ഉപയോഗിച്ചിരുന്ന ഭൂഗോള മാതൃക അച്ചുതൻ മാസ്റ്റർ തന്റെ വീട്ടിലിരുന്ന പേപ്പർ പൾപ്പ്കൊണ്ട് നിർമ്മിച്ചതായിരുന്നു.

കേരളത്തിൽ ആദ്യമായി ചിത്രരചന പഠിക്കുന്നവർക്കായി കണ്ണൂർ കോ-ഓപ്പറേറ്റീവ് പ്രസ്സിൽ നിന്നും അച്ചടിച്ചതും , മദിരാശി ഗവൺമെന്റ് അംഗീകരിച്ചതുമായ കരിമ്പലക ചിത്രങ്ങൾ ചിത്രകലാ വിദ്യാർത്ഥികൾക്ക് അമൂല്യ നിധിയായിരുന്നു.

1980 ഡിസംബർ 16 ന് അച്ചുതൻ മാസ്റ്റർ അന്തരിച്ചു.

A P Achuthan Master

അഡ്വ .പി കുഞ്ഞിരാമൻ

Adv. P Kunjhiraman

തലശ്ശേരിയിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകനും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്നു പി.കുഞ്ഞിരാമൻ. ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് മലബാർ കളക്ടറേറ്റിൽ ക്ലാർക്കായിട്ടായിരുന്നു.മദിരാശി കളക്ടറേറ്റിൽ ജോലി ചെയ്യുമ്പോഴാണ് അഭിഭാഷക ജോലിയിൽ ആകൃഷ്ടനാകുകയും ജോലി രാജിവെച്ച് ബി.എൽ ഡിഗ്രി എടുത്തശേഷം തലശ്ശേരി ബാറിൽ പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തത്. 1931 ൽ തലശ്ശേരി മുൻസിപ്പൽ കൗൺസിലർ ആയി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.1932 ൽ കോട്ടയം താലൂക്ക് ബോർഡ് മെമ്പറായി.1933 ൽ ജില്ലാ വിദ്യാഭ്യാസ കൗൺസിലിലേക്ക് തലശ്ശേരി മുൻസിപ്പൽ കൗൺസിലിന്റെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു .

ദേശീയ പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിച്ചു. 1942 മുതൽ 44 വരെ ജയിൽശിക്ഷ അനുഭവിക്കുകയും 1952 ൽ വീണ്ടും തലശ്ശേരി മുൻസിപ്പൽ ചെയർമാനായി അവരോധിക്കപ്പെടുകയും ഉണ്ടായി.

സി എച് കണാരൻ

സി എച് കണാരൻ നമ്മളെ വിട്ടു പിരിഞ്ഞിട് 29 വര്ഷം തികയുന്നു. സി എച് മരിക്കുമ്പോൾ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ സമ്മുന്നതനായ നേതാവായിരുന്നു , കോൺഗ്രസ്സും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലും തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും തൊഴിലാളി കർഷക വിഭാഹങ്ങളെ സംഘടിപ്പിച്ചുകൊണ്ട് രാഷ്ട്രീയരംഗത്തു ഉയർന്നുവന്ന സ സി എച് മരിക്കുന്നതുവരെ കേരളത്തിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ രക്തനക്ഷത്രമായിരുന്നു .

അഴിയൂരിലെ പാവപ്പെട്ട കുടുംബത്തിലെ അനന്തന്റെയും നാരായണിയുടെയും മകനായി സി എച് ജനിച്ചതും വളർന്നതും അമ്മയുടെ നാടായ തലശ്ശേരി പുന്നോലിലാണ് . തലശ്ശേരി ബി ഇ എം പി ഹൈസ്കൂളിൽ നിന്നും 1929 യിൽ മെട്രിക്കുലേഷൻ പരീക്ഷ പാസായ സി എച് പല കാരണങ്ങളാലും തുടർവിദ്ധ്യാഭ്യാസം ഉപേക്ഷിച്ചു ,അതിൽ ഏറ്റവും പ്രധാനം ദേശീയ പ്രസ്ഥാനത്തിലേക്കുള്ള ആകര്ഷണമായിരുന്നു .ദേശീയ സ്വാതന്ത്ര്യ സമരത്തിലേക്ക് കടന്നുചെന്ന സി എച്ചിന്റെ പ്രവർത്തന കേന്ദ്രം ആദ്യഘട്ടത്തിൽ തലശ്ശേരി ആയിരുന്നു.ബ്രിട്ടീഷ് സാമ്രാജത്യത്തിനെതിരായ അന്നത്തെ സമരരൂപം വിദേശവസ്ത്രബഹിഷ്കരണം,ഉപ്പുസത്യാഗ്രഹം തുടങ്ങിയനിയമമായിരുന്നു . 1932 ൽ സാമ്രാജ്യവിരുദ്ധപ്രസംഗം നടത്തിയതിന്റെ പേരിൽ സി എച് നെ അറസ്റ്ചെയ്യുകയും ഒരു വര്ഷം ശിക്ഷ വിധിക്കപ്പെടുകയും ചെയ്തു.ജയിൽ മോചിതനായ സി എച് കുറച്ചുകാലം അധ്യാപകജോലിയിലേർപ്പെട്ടു.കോടിയേരി എലിമെന്ററി സ്കൂളിൽ 1935 വരെ ജോലിചെയ്തു .

ഒരു വിപ്ലവകാരിയെ സി എച് നു അധ്യാപക ജോലി തുടരാൻ കഴിഞ്ഞില്ല . മുഴുവൻ സമയ കോൺഗ്രസ് പ്രവർത്തകനായി സി എച് മാറി . പ്രവർത്തനരംഗം തൊഴിലാളികളെയും കൃഷിക്കാരെയും സംഘടിപ്പിക്കുക എന്നതായിരുന്നു .തൊഴിലാളികളെ സംഘടിപ്പിക്കുകയെന്ന പ്രവർത്തനത്തിന്റെ ഭാഗമായി തലശ്ശേരി ബീഡി തൊഴിലാളികളെ സംഘടിപ്പിക്കുകയും അവരെ സാമൂഹ്യസാംസാരികരാഷ്ട്രീയരംഗത്ത് വളർത്തിയെടുക്കുകയും ചെയ്യുകയെന്ന പ്രവർത്തനത്തിനാണ് നേതൃത്വം നൽകിയത്.

ജീവൻകൊടുത്തും സാമൂഹ്യ സേവനം നടത്തുകയെന്ന ജീവിതലക്ഷ്യത്തിലേക്കു ബീഡിത്തൊഴിലാളികളെ നയിച്ചതു സി എച്ചിൻറെ വിപ്ലവകരമായ പ്രവർത്തനങ്ങളായിരുന്നു .തലശ്ശേരിയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല ആ പ്രവർത്തനം , മലബാറിലാകമാനം ബീഡി തൊഴിലാളികളെ സംഘടിപ്പിക്കുകയും തൊഴിലാളിൽ യൂണിയനുകളെ വർഗ്ഗസംഘടനയെന്ന നിലയിലേക്ക് മാറ്റിയെടുക്കുകയും ചെയ്യുന്നതിൽ സി എച് വഹിച്ച പങ്കു ചെറുതല്ല. അതോടൊപ്പം തന്നെ കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു . അതിന്റെ തുടകമായിരുന്ന 1937ൽ കുറ്റ്യാടിയിൽ നടന്ന പൂനംകൃഷിക്കാരുടെ സമരത്തിന്റെ നേതൃത്വം സി എച് ഏറ്റെടുത്തതു അന്ന് തലശ്ശേരി ബീഡി തൊഴിലാളി യൂണിയന്റെ ഒരു വളണ്ടിയർ സംഘടന സി അച്ചന്റെ നേതൃത്വത്തിൽ കുറ്റ്യാടിയിലെത്തിച്ചതു സമരം ചെയ്യുന്ന കൃഷിക്കാരിൽ അങ്ങേയറ്റത്തെ ആവേശമുള്ളതാക്കി .

1937ലും 39ലും തലശ്ശേരിയിൽ നടന്ന ബീഡിതൊഴിലാളി പണിമുടക്കിന്റെ നേതൃത്വം സി അച്ചന്റെ ആയിരുന്നു.

സംഘടനാരംഗത്തെ പാളിച്ചകളെയും, ക്ഷീണത്തെയും കണ്ടെത്താനും അവ പരിഹരിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് അസാധാരണമായിരുന്നു . അതുപോലെ തന്നെ രാഷ്ട്രീയവും സംഘടനാപരവുമായ പ്രശ്നങ്ങളിൽ ആരുമായി വിട്ടുവീഴ്ചയ്ക്കും സി എച് തയ്യാറായിരുന്നില്ല. വിശ്രമമില്ലാതെയുള്ള ദീർഘകാലത്തെ പ്രവർത്തനം സഖാവിനെ രോഗിയാക്കി 61 മതത്തെ വയസ്സിൽ. 1972 ഒക്ടോബർ 20ന് ആ വിപ്ലവകാരി നമ്മളെ വിട്ടുപിരിഞ്ഞു.

CH Kanaran

സി കെ ഗോവിന്ദൻ നായർ

CK Govindan Nair

കേരളരാഷ്ട്രീയത്തിന് തലശ്ശേരിനൽകിയ നിസ്തുല സംഭാവനയാണ് സി.കെ.ജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട സി.കെ. ഗോവിന്ദൻനായർ. ആകാരംപോലെതന്നെ രാഷ്ട്രീയത്തിലും അതികായകനായിരുന്ന അദ്ദേഹം തന്റെ ആദർശങ്ങളിൽ അടിയുറച്ചനിൽക്കുകയും അതേസമയം ജനാധിപത്യ മര്യാദകൾ ലംഘിക്കാതിരിക്കുകയും ചെയ്തു .

തലശ്ശേരിയിലെ പ്രശസ്ഥമായ ചിങ്ങാരോം കേളോത്ത് തറവാട്ടിൽ 1897 ജൂലായ് 7 ന് കെ എം അപ്പനായരുടെയും നാരായണി അമ്മയുടെയും മകനായി ജനിച്ചു. വൈദേശിക ഭരണത്തിന്റെ ഈറ്റില്ലമായ തലശ്ശേരിയിൽ ജനിച്ചു വളർന്ന അദ്ദേഹത്തിന് ബ്രിട്ടീഷുകാരുടെ പ്രതാപത്തിന്റെ നാൾ വഴികൾ ചെറുപ്പത്തിൽത്തന്നെ മനസിലാക്കാൻ സാധിച്ചിരുന്നു. ഭൂവുടമസ്ഥ കുടുംബത്തിലെ അംഗമെന്ന നിലയിൽ വൈദേശികഭരണം നാട്ടുകാരുടെ ഓരോ അവകാശവും എങ്ങനെ കവർന്ന എടുത്തുവെന്നും ബ്രിട്ടീഷ് മേല്കോയിമ അന്നത്തെ സാമൂഹ്യ ഭദ്രത എങ്ങനെ താറുമാറാക്കിയെന്നും അനുഭവജ്ഞാനത്തിലൂടെ അദ്ദേഹം കണ്ടെത്തി.അതുകൊണ്ടുതന്നെ നന്നേ ചെറുപ്പത്തിൽ സ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള അഭിവാഞ്ച അദ്ദേഹത്തിന്റെ രൂദ്ധമൂലമായി .

പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തലശ്ശേരി ബ്രണ്ണൻ കോളേജിൽ പഠിക്കുന്ന കാലത്ത് 1917 ൽ പാലക്കാട്ടു വെച്ച് ചേർന്ന വിദ്യാർത്ഥി സമ്മേളനത്തിൽ പങ്കെടുത്തതോടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് . ആ സമ്മേളനത്തിൽ കോളേജ് അധികൃതരുടെ വിലക്കിനെ വകവെക്കാതെ പങ്കെടുത്തതിന് അദ്ദേഹത്തിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു .ഇതേ തുടർന്ന് തലശ്ശേരിയിലെ പഠിപ്പു മതിയാക്കി മദിരാശിയിൽ ചേർന്നു ക്രിസ്ത്യൻ കോളേജിലും പച്ചയപ്പസ് കോളേജിലും മദിരാശിയിലെ കോളേജിലും പേടിച്ചു വിദ്യാഭ്യാസം പൂർത്തിയാക്കി.

മദിരാശിയിൽ നിയമ വിദ്യാർത്ഥിയായിരിക്കുമ്പോൾ ഗാന്ധിയെയും അലി സഹോദരന്മാരെയും കാണാൻ അദ്ദേഹത്തിന് അവസരം സിദ്ധിച്ചു. ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെയും നിയമലംഘനത്തിലൂടെയും ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ രാഷ്ട്രീയം കത്തികയറാണ് തുടങ്ങിയ ആദ്യഘട്ടമായിരുന്നു അത്. വക്കീലായി പ്രാക്ടീസ് ചെയ്യാനോ ബ്രിട്ടീഷുകാരുമായി കരണവന്മാർക്കുള്ള ബന്ധമുപയോഗിച്ചു നല്ല ജോലി തരപ്പെടുത്താനോ അദ്ദേഹം മെനക്കെട്ടില്ല. ഗാന്ധിജിയുടെ വിദേശവസ്ത്ര ബഹിഷ്കരണത്തിൽ ആകൃഷ്ടനായ സി കെ തന്റെ ആഡംബര ജീവിതം ത്യജിക്കുകയും വസ്ത്രധാരണ രീതിയിലെ പത്രാസ് ഉപേക്ഷിക്കുകയും പരുക്കൻ ഖാദി വസ്ത്രങ്ങൾ ധരിച്ചു തുടങ്ങുകയും ചെയ്തു.

1930 കളിൽ ദേശീയ സ്വാതന്ത്ര്യസമരം ശക്തമായപ്പോൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു മർദ്ദനമേറ്റവരെ സംരക്ഷിക്കാനും ജാതിമത ഭേദമന്യെ തന്റെ ഗൃഹത്തിൽ അവർക്കു ഭക്ഷണമൊരുക്കി കൊടുക്കാനും അദ്ദേഹം താല്പര്യംകാട്ടി. 1931 മുതൽ സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം പിന്നീടൊരിക്കലും തന്റെ ആദർശ ലക്ഷ്യങ്ങളിൽ നിന്ന് പിന്തിരികയോ പിന്മാറുകയോ ചെയ്തിട്ടില്ല . ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സത്യം സ്വാതന്ത്യം സമത്വംഎന്ന മുദ്രവാക്യത്തിലുറച്ചു നിന്ന് കൊണ്ട് വിട്ടുവീഴ്ചയില്ലാത്ത ആദർശസമരം തന്നെ അദ്ദേഹം നയിച്ചു. പക്ഷെ ആദർശത്തിൽ വിട്ടുവീഴ്ച കാണിക്കാത്ത അദ്ദേഹത്തിന്റെ സ്വഭാവം അനേകം ശത്രുക്കളെയുണ്ടാക്കിയെന്നു മാത്രമല്ല ഒരു വർഗ്ഗീയ വാദിയായി അദ്ദേഹത്തെ ചില കേന്ദ്രങ്ങളിൽ ചിത്രീകരിക്കാനും ഇടയായിട്ടുണ്ട്. നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്തതിന് ഒരു മാസത്തെ ജൈൽശിക്ഷയാണ് അദ്ദേഹത്തിന് ആദ്യം കിട്ടിയത്.

1933 ൽ കോഴിക്കോട് വെച്ച് ഗാന്ധിജിയെ സന്ദർശിക്കാനും അദ്ദേഹത്തോടൊപ്പം പല സ്ഥലത്തും പോകാനും സി.കെ ക്ക് അവസരം ലഭിച്ചു.ആ വർഷംതന്നെ മലബാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മലബാറിൽ കോൺഗ്രസിന് കെട്ടുറപ്പുള്ള ഒരു സംഘടന വാർത്തെടുക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു. 1942 ൽ ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്തതിനും മൂന്ന് വർഷത്തെ ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വന്നു. 1946 ലെ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽ നിന്ന് മത്സരിച്ചു ജയിച്ച സി.കെ മദിരാശി നിയമ സഭാംഗമായിരുന്നു.

1950 ൽ കോൺഗ്രസിൽ ഗ്രൂപ്പ് വഴക്കു വർധിച്ചു. അക്കാലത്ത് കെ.പി.സി.സി യിലേക് കുറ്റിപ്പുറത്തു നിന്നും തിരഞ്ഞെടുക്കപ്പെട്ട സി . പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുകയും കേരളഗാന്ധി എന്നറിയപ്പെടുന്ന കെ.കേളപ്പനെ പരാജയപ്പെടുത്തുകയും ചെയ്തു.

1952 ലെ തിരഞ്ഞെടുപ്പിനു മുൻപ് കോൺഗ്രസ് പിളർന്നു കിസാൻ മസ്ദൂർ പ്രജാപാർട്ടി രൂപീകൃതമായപ്പോൾ കേളപ്പജിയടക്കം പ്രമുഖ കോൺഗ്രസ്സുകാരെല്ലാം അതിലേക്ക് ചേക്കേറി . ദുർബലമായ കോൺഗ്രസ് സംഘടനയെ മലബാറിൽ പ്രവർത്തനക്ഷമമാക്കിയത് സി.കെ യും ഇ. മൊയ്തു മൗലവിയും കോഴിപ്പുറത്ത് മാധവ മേനോനും കുട്ടിമാളുഅമ്മയും ചേർന്ന കൂട്ടുകെട്ടാണ്. 1957 ൽ കേരളം അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ചരിത്രത്തിലാദ്യമായി ബാലറ്റിലൂടെ അധികാരത്തിലെത്തി .എന്നാൽ രണ്ടു വർഷത്തിനകം ഇ.എം.സ് ഗവൺമെന്റിനെതിരായി ശക്തമായ ബഹുജനപ്രക്ഷോഭം ഉയർന്നു വന്നു. അക്കാലത്ത് ആദ്യമായി 144 വകുപ്പ് പാസ്സാക്കിയപ്പോൾ വിമോചനസമരത്തിൽ പങ്കെടുത്ത പലരും ഭയന്നു പിന്മാറാൻ തുടങ്ങ്യ. 144 വകുപ്പ് പ്രകാരമുള്ള ഉത്തരവ് പരസ്യമായി ലംഘിച്ചു തലശ്ശേരി കടപ്പുറത്ത് വെച്ചു സി.കെ ആദ്യമായി അറസ്റ്റ് വരിച്ചു. കോൺഗ്രസ് സംഘടനക്കു വേണ്ടി സ്വന്തമായ വസ്തുവഹകൾ വിറ്റുപ്രവർത്തനം നടത്തിയ നേതാക്കൾ നമ്മുടെ നാട്ടിൽ വളരെയധികം ഒന്നുമില്ല . സി.കെ സംഘടനാപ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുവേണ്ടി 1951 ൽ സ്വന്തമായി ജനവാണി എന്ന പേരിൽ ഒരു പത്രം ആരംഭിച്ചിരുന്നു. കുറച്ചുകാലം പത്രം നടത്തിയപ്പോൾ ഭീമമായ നഷ്ടത്തിൽ കലാശിക്കുകയും തന്റെ വസ്തുക്കൾ വിറ്റു കടം വീട്ടേണ്ട സ്ഥിതി വിശേഷം നേരിടുകയും ചെയ്തു. ഒരിക്കലും രാഷ്ട്രീയത്തിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കാനോ തന്റെ ബന്ധുക്കൾക്ക് ഉദ്യോഗങ്ങൾ നേടിക്കൊടുക്കാനോ തുനിഞ്ഞിരുന്നില്ല . സ്വന്തം മകനു പോലും നല്ലൊരു ഉദ്യോഗം കിട്ടുന്നതിന് ശുപാർശ പറയാൻ പലരും ഉപദേശിച്ചെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല . 1960 ൽ കെ.പി.സി.സി പ്രെസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധേയനായി. തുടർന്നു ജവാഹർലാൽ നെഹ്റുവിന് വളരെ താല്പര്യമുള്ള തെക്കേ ഇന്ത്യയിലെ നേതൃത്വ നിരയിലേക്ക് അദ്ദേഹം നടന്നുകയറി . കോൺഗ്രസ് വർക്കിംങ്ങ് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട സി.കെ പല വിഷയങ്ങളിലും തന്റെ അഭിപ്രായം തുറന്നടിക്കുകയും ഇടതുപക്ഷ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരുടെ നിരയിലേക്ക് മാറുകയും ചെയ്തിരുന്നു . 1964 ൽ രാജ്യസഭയിലേക്ക് കേരത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് എടക്കാട് നാരായണന്റെ നേതൃത്വത്തിലുള്ള പാട്രിയറ്റ് പത്ര ഗ്രൂപ്പിന്റെ ഡയറക്ടർ ബോർഡ്അംഗമായി പ്രവർത്തിച്ചിരുന്നു . ഇന്ത്യൻ ഓയിൽ കോർപറേഷന്റെ രൂപീകരണത്തിനുശേഷം അതിന്റെ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചു . ജവഹർ ലാലിനും ഇന്ദിരാഗാന്ധിക്കും വിശ്വസ്തനായ നേതാവായിത്തീർന്ന അദ്ദേഹം ആദർശരാഷ്ട്രീയത്തിന്റെ ആൾരൂപമായിരുന്നു. ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെടുന്ന നേതാവായി മാറിക്കൊണ്ടിരിക്കുന്ന വേളയിലാണ് 1964 ജൂൺ 27 ന് അദ്ദേഹം ദിവംഗതനായത് .

സി കെ രേവതി അമ്മ

സി കെ രേവതി അമ്മ, മലബാറിലെ ഒരു പ്രശസ്ത തീയ്യ കുടുംബത്തിലെ അംഗമായിരുന്നു. കാരായി ദമയന്തിയുടെ മകളായ രേവതി അമ്മ, ഇംഗ്ലണ്ടുമായി നല്ല ബന്ധം പുലർത്തിയിരുന്ന പ്രമുഖ വ്യാപാരിയായ കാരായി ബാപ്പുവിന്റെ ചെറുമകൾ ആണ്. രേവതി അമ്മയുടെ ഭർത്താവ്, മാഹിയിലെ പോലീസ് കമ്മീഷണർ ആയിരുന്നു. അവരുടെ അമ്മാവൻ മേയറും ആയിരുന്നു.

മയ്യഴി, മലബാർ എന്നീ പ്രദേശങ്ങളിൽ രാഷ്ട്രീയ, സാമൂഹിക, സാമുദായിക മേഖലകളിൽ രേവതി അമ്മയുടെ സാന്നിധ്യം ശക്തമായി നിലകൊണ്ടു. മയ്യഴിയിലെ സ്ത്രീകളുടെ വിമോചനത്തിനായി പോരാടിയാണ് അവർ പൊതുജീവിതം ആരംഭിച്ചത്. അവരും അവരുടെ മകളും ഗാന്ധിജിയുടെ ഹരിജന ക്ഷേമനിധിയിലേയ്ക്ക് അവരുടെ ആഭരണങ്ങൾ സംഭാവന ചെയ്തു.

തന്റെ സ്വന്തം ബന്ധുക്കളിൽ നിന്നും കടുത്ത എതിർപ്പു അവർക്കു നേരിടേണ്ടി വന്നിട്ടുണ്ട്. 'അങ്ങാടിയിലെ ആട്' എന്ന് വിളിച്ചു അവരുടെ ബന്ധുക്കൾ അവരെ കളിയാക്കി.

. ആംഗ്ലോ-ഫ്രെഞ്ച് സംസ്കാരത്തിന്റെ പശ്ചാത്തലത്തിൽ അവരെ സാമൂഹ്യപ്രവർത്തകരുടെ പദവി നേടിയെടുക്കുകയും അവരുടെ ആത്മകഥയായ 'സഹസ്രപൂർണിമ' യിൽ, മകൾ, ഭാര്യ, അമ്മ എന്ന നിലയിൽ അവർ അനുഭവിച്ച മാധുര്യവും കയ്പേറിയതുമായ അനുഭവങ്ങൾ അവർ പങ്കുവെച്ചു.

സി.കെ.പി ചെറിയ മമ്മുക്കേയി

CKP Cheriya Mammukeyi

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിലെ ഉരുക്കുമനുഷ്യനെന്നു അറിയപ്പെട്ടിരുന്ന കരുത്തനായ നേതാവാണ് സി.കെ.പി.ചെറിയ മമ്മുക്കേയി.അതിപുരാതനമായ കേയി കുടുംബത്തിൽ ജനിച്ച ചെറിയ മമ്മുക്കേയി സാഹിബ് മുസ്ലിം ലീഗിനെ വടക്കേമലബാറിൽ പടുത്തുയർത്തിയവരിൽ പ്രഥമഗണനീയനായിരുന്നു.1920 മെയ് 10 നാണു മമ്മുക്കേയി ജനിച്ചത്.താനൂരിലെ വി.പി. സൈനുദ്ധീൻകുട്ടി സാഹിബാണ് ബാപ്പ , സി.കെ.പി പള്ളിമഹജ്ജുമ്മ എന്നവർ ഉമ്മയും. തലശ്ശേരി ഓടത്തിൽ പള്ളി ജമാഅത്തിൽപെട്ടതാണ് കുടുംബം.

ചെറുപ്പത്തിൽ ബിസിനസ്സിൽ ഏർപ്പെട്ട സി.കെ.പി സിഹ്റിയ മമ്മുക്കേയി എല്ലാവർക്കും പ്രിയപ്പെട്ട "കേയിസാഹിബാണ് .സീതി സാഹിബ്,പോക്കർ സാഹിബ്, ഉപ്പി സാഹിബ് ,ബാഫഖി തങ്ങൾ എന്നിവരോടൊത്ത് മുസ്ലിം ലീഗിന്റെ സ്ഥാപനത്തിന് കഠിന പ്രയത്നം നടത്തി.മുസ്ലിം ലീഗിലെ "കിങ്മേക്കർ" എന്ന അപരനാമത്തിൽ അറിയപ്പെട്ടു.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ വൈസ് പ്രസിഡണ്ടും ,ചന്ദ്രിക ഡയറക്ടർ ബോർഡ്അംഗവുമായിരുന്നു.കൂടാതെ കേരള ഫിനാൻഷ്യൽ കോർപറേഷൻ, കെ.എസ്.ആർ.ടി.സി. എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഡയറക്ടർ സ്ഥാനവും വഹിച്ചിരുന്നു.വിമോചന സമരകാലത്ത് അറസ്റ്റ് വരിച്ചു ജയിലിൽ കിടക്കുകയുണ്ടായി.

കേയിസാഹിബ് മരണസമയത്ത് ഇന്ത്യൻ നാഷണൽ ലീഗ് കേരള സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് ആയിരുന്നു.

സി.വി ബാലൻ നായർ

ആത്മാനുഭൂതിയാണ് ഏതുകലയുടെയും അന്തസ്സത്തയെന്നു വിശ്വസിക്കുന്ന ഒരു കലാകാരനാണ് ആർട്ടിസ്റ്റ് ശ്രീ.സി.വി ബാലൻ നായർ .1910 ഓഗസ്റ്റ് 23 ന് പുത്തുരംശം അധികാരിയായിരുന്ന ഒതയോത്ത് കുഞ്ഞുണ്ണി നമ്പ്യാരുടെയും തലശ്ശേരി തിരുവങ്ങാട് ചമ്പാടൻ വീട്ടിൽ സാവത്രിയുടെയും അഞ്ചാമത്തെ പുത്രനായാണ് ജനനം . തലശ്ശേരി ബ്രണ്ണൻ സ്കൂളിലായിരുന്നു വിദ്യാഭ്യാസം .ചെറുപ്പത്തിൽ തന്നെ പഠനത്തേക്കാൾ ചിത്രം വരയ്ക്കുന്നതിലായിരുന്നു ശ്രീ ബാലൻ നായർക്ക് താല്പര്യം .ചിത്രരചനക്ക് പുറമെ നാടകാഭിനയത്തിലും സംഗീതത്തിലും ബാലൻ നൈർക് വലിയ ഭ്രമമായിരുന്നു.

ഒരുപാട് കഷ്ടതകൾ അനുഭവിച്ച അദ്ദേഹം ഒരുവിധം ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ജ്യേഷ്ഠൻ ശ്രീ .സി.വി.നാരായണൻ നായരുടെ കൂടെ കളരിപ്പയറ്റ് പഠിക്കുകയും മറ്റുകളരികളിൽ ജ്യേഷ്ഠന്റെ കൂടെ പയറ്റാൻ പോകുവാനും തുടങ്ങി .

1925 ൽ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ കുറച്ചുമാസമുണ്ടായിരുന്ന ആർട്ടിസ്റ്റ് ശ്രീ .എം.രാമൻ (ഇന്നത്തെ സ്കൂൾ ഓഫ് ആർട്ടിന്റെ സ്ഥാപകൻ) എന്ന ആളുടെ ചിത്രരചന കാണാനും പഠിക്കുവാനും, അദ്ദേഹത്തിന്റെ ഒരുപാട് ഉപദേശങ്ങൾ ലഭിക്കുവാനും സാധിച്ചിരുന്നു.

1930 ൽ തിരുവനന്തപുരത്തു പോകുവാനും അവിടെ അന്ന് എഫ്.എൽ പരീക്ഷക്ക് പഠിക്കാനെത്തിച്ചേർന്ന പ്രസിദ്ധ സാഹിത്യകാരനായ എം.ആർ നായരുടെ (സഞ്ജയൻ )ശുപാർശ പ്രകാരം തിരുവനന്തപുരം സ്കൂൾ ഓഫ് ആർട്സിൽ സ്റ്റൈപ്പന്റോടുകൂടി പഠിക്കുവാനും സാധിച്ചു. ബാലൻ നായരിൽ ഒളിഞ്ഞുകിടന്നിരുന്ന ചിത്രകലാവാസനയെ പുറത്തുകൊണ്ടുവന്നതിൽ സഞ്ജയനുള്ള പങ്ക് വളരെവലുതാണു.

1933 ആഗസ്റ്റ് മാസത്തിൽ തലശ്ശേരി പട്ടണത്തിൽ ഒരു ചിത്രകലാലയം ആരംഭിച്ചു. 1939 ൽ തലശ്ശേരി ബ്രണ്ണൻ ഹൈസ്കൂളിൽ ചിത്രകലാദ്ധ്യാപകനായി നിയമിക്കപ്പെട്ടു. 1939 ഒക്ടോബറിൽ തങ്കമ്മയെ വിവാഹം ചെയ്തു. മലബാറിന്റെ നാനാഭാഗത്തുനിന്നും ചിത്രകലാഭ്യാസത്തിനായി കുട്ടികൾ വരൻ തുടങ്ങി.

1944 രണ്ടാമത്തെ ജ്യേഷ്ഠനായ ഡ്രീ സി.വി നാരായൺ നായർ അകാലചരമം അടഞ്ഞു. അതോടെ കളരിസംഘത്തിന്റെ അദ്ധ്യക്ഷനായി പ്രചാരണമാരംഭിച്ചു.

ഏകദേശം 120 കളരികൾ കേരളത്തിൽ പലയിടത്തും സി.വി നാരായൺ നായരുടെ സ്മാരകമായി നടത്താൻ കഴിഞ്ഞുവെന്നുള്ളത് ഒരു വലിയ നേട്ടം തന്നെ ആയിരുന്നു.

ബാലൻ നായർ സ്വന്തം ചിത്രങ്ങളുമായി ഒരിക്കൽ ബോംബെ,കൽക്കത്ത എന്നീ പട്ടണങ്ങളിൽ സഞ്ചരിക്കുകയുണ്ടായി.ചില ചിത്രങ്ങൾ അവിടെ വിൽക്കുകയും ചെയ്തു.

1962 ൽ കേരത്തിലെ ലളിതകലാ അക്കാദമി അംഗമായി തിരഞ്ഞെടുത്തു അദ്ദേഹത്തെ ബഹുമാനിക്കുകയുണ്ടായി .1966 ൽ ബ്രണ്ണൻ സ്കൂളില്നിന്നും പിരിഞ്ഞു.അതിനുശേഷം കേരളസ്കൂൾ ഓഫ് ആർട്സിന്റെ പ്രിൻസിപ്പൽ ആയും സേവനമുഷ്ഠിച്ചു.

C V Balan Nair

സി.വി നാരായണൻ നായർ

CV Narayanan Nair

ബ്രിട്ടീഷ് കൊളോണിയൽ മേധാവികൾ നിരോധിക്കുകയും തട്ടിത്തകർക്കുകയും ചെയ്ത കേരളത്തിന്റെ കളരി പാരമ്പര്യം പുനരുദ്ധരിക്കുകയും കേരളബയുടെ വീരത്തിലാകമായി പുനഃസ്ഥാപിക്കുകയും ചെയ്തത് ബ്രിട്ടീഷ് ഭരണത്തിന്റെ സിരാകേന്ദ്രമായ തലശ്ശേരിയുടെ തന്നെ പുത്രൻ വീരശ്രീ സി.വി നാരായണൻ നായരാണെന്നത് ചരിത്രത്തിന്റെ തന്നെ വിരോധാഭാസമാണെന്നു തോന്നുന്നു. വിദേശമേധാവിത്വം എക്കാലത്തും ഭയപ്പെടുന്നത് ദേശീയ ജനതയുടെ ആത്മവീര്യത്തെയും അവരെ അവരാക്കുന്ന സാംസ്കാരിക പാരമ്പര്യത്തെയുമാണ്. അതുകൊണ്ടുതന്നെ കേരളത്തെ കേരളമാക്കിയ കളരി പാരമ്പര്യം ബ്രിട്ടീഷ് മേധാവികൾക്ക് എന്നും കണ്ണിലെ കരടും ദുഃസ്വപ്നവുമായിരുന്നു.

ബ്രിട്ടീഷ് ശക്തിയെ വെല്ലുവിളിച്ച വേലുത്തമ്പിയും പഴശ്ശിയും നടത്തിയ പോരാട്ടങ്ങൾ , ആദ്യഘട്ടത്തിൽ അവർ നേടിയ വീരവിജയങ്ങൾ , കേരള വീരന്മാർ രൂപംകൊടുത്ത ഗറില്ലായുദ്ധതന്ത്രങ്ങൾ എന്നിവ അധികാരികളുടെ ഉറക്കംകെടുത്തി.കേരളീയ വീരത്വത്തെയും മനോബലത്തെയും കുറിച്ചുള്ള വിശകലനങ്ങൾ അവരെ കൊണ്ട് ചെന്നെത്തിച്ചത് കളരി പരിശീലനകേന്ദ്രങ്ങളിലാണ് . ആയുധ പരിശീലനവും ആയുധം കൊണ്ടുനടക്കുന്നതും പൂർണ്ണമായി നിഷ്കാസനം ചെയ്താലേ അടിക്കടി ഉയിർകൊള്ളുന്ന കലാപങ്ങളെ തടയാനാകൂ എന്ന് അധികാരികൾ വിലയിരുത്തി. അന്നത്തെ മലബാർ കളക്ടർ ആയ റോബർട്ട് റിച്ചാർഡ്സ് 1803 ൽ ആയുധ നിരോധനം പ്രഖ്യാപിക്കുകയും സൈന്യത്തെ ഉപയോഗിച്ച് ഗ്രാമാന്തരങ്ങളിൽ തിരച്ചിൽനടത്തി. ആയുധങ്ങൾ കണ്ടുകെട്ടുകയും കളരി പരിശീലനം തടയുകയുംചെയ്തു .അതുകൊണ്ടും അരിശംതീരാത്ത ബ്രിട്ടീഷ്മേധാവി ആയുധം ഒളിച്ചുവെച്ചവരെ തൂക്കിക്കൊല്ലാനോ നാടുകടത്താനോ അനുമതി നല്കണമെന്നു ബോംബെ പ്രവിശ്യ ഗവർണറോട് അപേക്ഷിക്കുകയുംചെയ്തു .ദേശീയ തലത്തിൽ ആയുധനിരോധനം (1878 ) നടപ്പാക്കുന്നതിന് ശക്തമായ നിയന്ത്രണം കേരളീയ ആയോധനപാരമ്പര്യത്തെയും ജനതയുടെ ആത്മവീര്യത്തെയും ബ്രിട്ടീഷുകാർ എത്രത്തോളം ഭയന്നിരുന്നുവെന്നതിന് തെളിവാണ്.

പ്രസ്തുത നവോത്ഥാനത്തിന്റെ അമരക്കാരനായ കേരളത്തിന്റെ സൂര്യതേജസ്സായ വീരശ്രീ സി.വി നാരായണൻ നായരെക്കുറിച്ച് കേരളീയരോ തലശ്ശേരി പ്രദേശത്തുള്ളവർപോലും അർഹമായ വിധത്തിൽ മനസിലാക്കിട്ടില്ല . തലശ്ശേരി തിരുവങ്ങാട് ചമ്പാടൻവീട് എന്ന തറവാട്ടിൽ മുറ്റത്തും മുറികളിലും രാപ്പകൽ വ്യതാസമില്ലാതെ അറുപത് കഴിഞ്ഞ ഒരു ഗുരുനാഥൻ യുവാവായ അസാമാന്യമായ ശിഷ്യന് താൻ നേടിയ അഭ്യാസത്തിന്റെ മുഴുവൻ തികവും അഞ്ച് വർഷമായി പകർന്നു കൊടുക്കുകയായിരുന്നു .അക്കാലത്തു വടകര-തലശ്ശേരി പ്രദേശങ്ങളിൽ " ഗുരുക്കൾ" എന്നറിയപ്പെട്ടിരുന്ന കോട്ടക്കൽ കണാരൻ ഗുരുക്കൾ കളരിഅഭ്യാസത്തിന്റെ നിറകുടമായിരുന്നു. ഗുരുക്കൾ സമൂഹത്തിൽ അപ്രത്യക്ഷമായിക്കഴിഞ്ഞ കളരിപ്പയറ്റെന്ന കലയെ സുരക്ഷിതമായി സൂക്ഷിച്ച് അർഹനായ ശിഷ്യന് കൈമാറാനുള്ള നിമിത്തം മാത്രമായിരുന്നു.സി വി നാരായണൻ നായർ 1926 ൽ തിരുവങ്ങാട് ക്ഷേത്ര ചിത്രയ്ക്ക് കിഴക്കുവശത്ത് കേരളം കളരി എന്ന പേരിൽ കളരി പ്രവർത്തനം ആരംഭിക്കുകയുംചെയ്തു.ഇരുപതു വയസുമാത്രം പ്രായമായ , അഭ്യാസത്തിന്റെ എല്ലാ മർമ്മങ്ങളും സ്വായത്തമാക്കിയ നാരായൺ നായരുടെ കളരി യുവാക്കളുടെ ആകർഷണകേന്ദ്രമായി മാറി.

കളരിപ്പയറ്റിന്റെ വീറും വീര്യവും കേരളീയരുടെ മുൻപിൽ അവതരിപ്പിച്ചെങ്കിലേ നഷ്ടപെട്ട കലയെ വീണ്ടെടുക്കാനാവൂ എന്ന് സി.വി വിശ്വസിച്ചു.1933 ൽ തിരുവങ്ങാട് കേന്ദ്രമാക്കി കേരള കളരി സംഗം രൂപംകൊണ്ടു. തലശ്ശേരി നാരങ്ങാപ്പുറം കോൺഗ്രസ്സ് സമ്മേളനത്തിൽ കേരളം കളരി സംഘത്തിന്റെ ആദ്യ പ്രദർശനം അരങ്ങേറി. അന്ന് അതുകണ്ട വടക്കേഇന്ത്യക്കാർ പോലും അത്ഭുദാരവത്തോടെ യുവാവായ നാരായണൻ നായരെ പ്രശംസിച്ചു.കേരളത്തിന് പുറത്ത് കളരിപ്പയറ്റിനെ പരിചയപ്പെടുത്താൻ കർണ്ണാടകം, തമിഴ്നാട് എന്നിവിടങ്ങളിലും ബോംബെ,ദൽഹി, എന്നീ വടക്കൻ ഇന്ത്യൻ നഗരങ്ങളിലും കേരള കളരി സംഘത്തിന്റെ പ്രദർശനങ്ങൾ നടന്നു. 1937 ൽ സിലോണിൽനടത്തിയ പ്രദർശനത്തോടെ കളരിയുടെ പെരുമ അലയഴികൾക്കപ്പുറമെത്തിക്കാനും സി.വി.എൻ നു കഴിഞ്ഞു. മട്ടന്നൂർ ,കതിരൂർ ,കൂത്തുപറമ്പ് ,ചെർപ്പുളശ്ശേരി എന്നിവിടങ്ങളിൽ കളരികൾ സ്ഥാപിച്ചു പരിശീലനം നൽകുന്നതിനും ശിഷ്യപരമ്പരയെ സൃഷ്ടിക്കാനും ഇദ്ദേഹത്തിന് സാധിച്ചു.

നാരായണൻ നായരുടെ അമാനുഷമെന്ന അഭ്യാസപ്രകടനം കണ്ട കൊച്ചി മഹാറാണി അദ്ദേഹത്തിന് വീരശ്രീ ബഹുമതി കല്പിച്ചു നൽകിയതോടെ അദ്ദേഹം വീരശ്രീ നാരായണൻ നായർ എന്ന് അറിയപ്പെട്ടു.

കേരളത്തിന്റെ അകത്തും പുറത്തും മിന്നൽപ്പിണർപോലെ വേദിയിൽ തിളങ്ങിയ നാരായണനായരുടെ ജീവിതം ക്ഷണികമായിരുന്നു.മുപ്പത്തിയെട്ടാം വയസ്സിൽ 1944 ജൂൺ 27 ന് കേരളത്തിന്റെ വീരശ്രീ നാടിനോട് യാത്രപറഞ്ഞു. തലശ്ശേരി തിരുവങ്ങാട് കളരിയിൽനിന്നു മുളപൊട്ടിയ കളരിയാരവം അരനൂറ്റാണ്ടിനകം ഇന്ന് ഭാരതത്തിന്റെ അതിർത്തികടന്ന് യൂറോപ്പിലും അമേരിക്കയിലും മാറ്റൊലികൊള്ളുന്നു.ഈ മഹത്തായ നേട്ടത്തിന് വീരകേരളം വീരശ്രീ സി.വി നാരായണൻ നായരോട് പൂർണ്ണമായും കടപ്പെട്ടിരിക്കുന്നു.

ചേമഞ്ചേരി കുഞ്ഞിരാമൻ നായർ

തലശ്ശേരിയുടെ നൃത്ത-നാട്യരംഗത്തെ കുലപതിയാണ് ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ.കടത്തനാട് കോവിലകം കഥകളി യോഗത്തിൽ കൂടിയായിരുന്നു ഇദ്ദേഹം കലാലോകത്ത് ശ്രദ്ധേയനായത്. പിന്നീട് ഭരതനാട്യം പോലുള്ള ശാസ്ത്രീയ നൃത്തരൂപങ്ങളുടെ വളർച്ചയ്ക്കും പ്രവർത്തനത്തിനുമായി സ്വയം സമർപ്പിച്ചു.

അരനൂറ്റാണ്ട് മുൻപ് തിരുവങ്ങാട് തിയോസഫിക്കൽ സൊസൈറ്റി വക ലെഡ് ബിറ്റർ ഹാളിൽ ഇദ്ദേഹം ആരംഭിച്ച " ഭാരതീയനാട്യ കലാലയം " ഉത്തരകേരളത്തിലെ നൃത്തകലാരൂപങ്ങളുടെ കേന്ദ്രസ്ഥാനമായിത്തീർന്നു.ക്ലാസിക്കൽ നൃത്തരൂപങ്ങളിലും കഥകളിയിലും അവഗാഹമായ ജ്ഞാനമുള്ള ഈ ഗുരുവര്യൻ മറ്റൊരു വിദ്യാലയവും സ്ഥാപിച്ചിട്ടുള്ള "ചേലിയ കഥകളി വിദ്യാലയം " ശ്രീ മേക്കുന്നത് കുഞ്ഞികൃഷ്ണൻ നായർ രചന നിർവഹിക്കുകയും ശ്രീ കുഞ്ഞിരമാണ് നായർ സംവിധാനം ചെയ്യുകയും ചെയ്ത സംഗീതനൃത്തനാടകങ്ങൾ ഒരു കാലത്തു ഉത്തരകേരളത്തിന്റെ ദൃശ്യവിരുന്നായിരുന്നു .

കേരളം സംഗീതനാടക അക്കാദമി സംസ്ഥാന അവാർഡും ഫെലോഷിപ്പും നൽകി ആദരിച്ച ഈ നൃത്താചാര്യൻ പുതുതലമുറക്ക് പ്രചോദനവും അനുഗ്രഹവും പകർന്നുകൊണ്ട് കലാലോകത്തെ ഇപ്പോഴും ധന്യമാക്കുന്നു.

Chemanjeri Kunhiraman Nair

ഡോ.ഇ.കെ ജാനകി

DR EK Janaki

ലോകപ്രശസ്ത സസ്യശാസ്ത്രജ്ഞനെയും അമേരിക്കയിലെ മിഷിഗൻ സർവ്വകലാശാലയിൽ നിന്നും ഡോക്ടർ ഓഫ് സയൻസ് (ഡി.എസ്.ഡി) ബിരുദം കരസ്ഥമാക്കുകയും കാൽനൂറ്റാണ്ട് കാലത്തെ നിസ്തുല്യമായ ഗവേഷണ സംഭാവനകളെ മുൻനിർത്തി അതെ സർവ്വകലാശാല എൽ .എൽ .ഡി ബഹുമതി ബിരുദം നൽകി ആദരിക്കുകയും, ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും ഗവേഷണരംഗത്ത് തിളങ്ങുകയും ചെയ്ത പ്രതിഭാശാലിയായ ഡോ .ഇ.കെ ജാനകി ശാസ്ത്ര ലോകത്തെ ഒരു അത്ഭുതപ്രതിഭയാണ്.

തലശ്ശേരി ചേറ്റംകുന്നിലെ സബ്ജഡ്ജിയായിരുന്ന ദിവാൻ ബഹദൂർ ഇ.കെ കൃഷ്ണന്റെ പുത്രിയായിട്ടാണ് ഇ.കെ ജാനകി ജനിച്ചത്.തലശ്ശേരി സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം മദ്രാസ് ക്യുൻസ് മേരി കോളേജില്നിന്നും ബോട്ടണിയിൽ ബി.എ. ഓണേഴ്സും ,എം.എ ബിരുദവും നേടിയ ഷെഹ്സാൻ മദിരാശി വിമെൻസ് ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപികയായി ജോലി ചെയ്യുന്നതിനിടയിലാണ് 1928 ൽ റിസർച്ച് ഫെല്ലോഷിപ്പോടുകൂടി അമേരിക്കയിലെ മിഷിഗൻ സർവ്വകലാശാലയിൽ ശാസ്ത്രരംഗത്തെ അതികായകനായ ഡോ. ചെസ്റ്റർ അർണോൾഡിന്റെ സതീർത്ഥയാവുന്നത്.ഡോക്ടർ ഓഫ് സയൻസ് (ഡി.എസ്.സി) ബിരുദത്തോടുകൂടിയാണ് അവർ ഇന്ത്യയിലേക്ക് തിരിച്ചുവന്നത്.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പ്രൊഫസർ ആയി ജോലി കിട്ടിയ ഡോ ഇ.കെ ജാനകി 1934 ൽ പ്രൊഫസർ സ്ഥാനം രാജി വെക്കുകയും കോയമ്പത്തൂർ കരിമ്പ് ഗവേഷണ കേന്ദ്രത്തിൽ പ്രവേശിക്കുകയും ചെയ്തു. താൻ കണ്ടുപിടിച്ച നേട്ടങ്ങൾ വിവരിക്കാൻ 1939 ൽ അവർ എഡിൻബറോയിലെ ജനറ്റിക്ക് കോൺഫറൻസിൽ പങ്കെടുക്കുകയുണ്ടായി.

തന്റെ ഗവേഷണം വികസിപ്പിക്കാനുള്ള ഉദ്യോഗവുമായിട്ടായിരുന്നു അവർ പിന്നീട് ഇംഗ്ലണ്ടിലെ ജോൺ ഐവാൻസ് ഹോർട്ടി കൾച്ചറൽ ഇൻസ്റ്റിട്യൂട്ടിൽ പ്രവേശനം നേടിയത് സസ്യധാന്യങ്ങളുടെ പരിണാമത്തെകുറിച്ചായിരുന്നു ജാനകി ഗവേഷണം തുടങ്ങിയത്.

റോയൽ ഹോർട്ടി കൾച്ചറൽ സൊസൈറ്റിയിൽ അവർ നടത്തിയ ഗവേഷണം ശാസ്ത്രരംഗത്തെ മറ്റൊരു അപൂർവ നേട്ടങ്ങൾക്ക് വഴിവെക്കുകയുണ്ടായി.ധാന്യങ്ങളിലെ കോശങ്ങളിലുള്ള ക്രോമ സംഘടനയിൽ സാധാരണ കാണാറുള്ള മന്ദഗതിയിലുള്ള മാറ്റങ്ങൾക്ക് വേഗം കൂടി ക്രോമസംഖ്യയെ ഇരട്ടിപ്പിച്ചു ആകർഷകമായ വിളകൾ ഉണ്ടാകാൻ ഡോ ജാനകിക്ക് കഴിഞ്ഞു. സ്വാത്രന്ത്ര്യാനന്തരം രാഷ്ട്ര പുനഃ നിർമാണത്തിനായി പല തുറകളിൽ പ്രാവിണ്യം നേടിയവരെ കണ്ടെത്തുവാൻ നെഹ്റു ഒരു ശ്രമം നടത്തുകയുണ്ടായി.ഇംഗ്ലണ്ടിൽവെച്ച് നെഹ്റു ഡോ ജാനകിയെ കാണുകയും ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു. നെഹ്റുവിന്റെ ക്ഷണം സ്വീകരിച്ചു അവർ ഇന്ത്യയിലെ സസ്യസമ്പത്തിനെ പറ്റി പഠനം നടത്തുന്നതിനുവേണ്ടി രൂപീകരിക്കപ്പെട്ട ബോട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സ്പെഷ്യൽ ഓഫീസർ ആയി 1952 ൽ ചുമതലയേൽക്കുകയുണ്ടായി .1954 ൽ അലഹബാദിലെ സെൻട്രൽ ബൊട്ടാണിക്കൽ ലബോറട്ടറിയുടെ ഡയറക്ടർ സ്ഥാനം വഹിക്കുന്നതിനിടയിലാണ് ഡോക്ടർ ജാനകി ഇഞ്ചി ,കാച്ചിൽ , മഞ്ഞൾ തുടങ്ങിയ സുഗന്ധ വ്യജ്ഞനങ്ങളുടെ പ്രജനനത്തെപ്പറ്റി പഠനം നടത്തിയത്. 1959 ൽ ജമ്മു കാശ്മീർ റീജിയണൽ റിസർച്ച് ലബോറട്ടറി ബോട്ടണി വകുപ്പിന്റെ മേധാവിയായും അവർ പ്രവർത്തിക്കുകയുണ്ടായി.ഒടുവിലായി മദ്രാസിലെ മധുരവയൽ യൂണിവേഴ്സിറ്റി റിസർച്ച് ലബോറട്ടറിയിൽ ഗവേഷണം നടത്തി വരികയായിരുന്നു അപ്പോഴാണ് അന്ത്യമുണ്ടായത്.ഡോ .ജാനകിയും സി.ഡി ഡാർലിംഗ്ടണും സെറിന് രചിച്ച "The Chromosome Atlas of Cultivated Plants" എന്ന പ്രാമാണിക ഗ്രന്ഥം ഗവേഷണ വിദ്യാർത്ഥികളുടെ ഒരു റെഫെറൻസ് ഗ്രന്ഥമാകാൻ അധികനാൾ വേണ്ടിവന്നില്ല. മൂന്ന് പതിറ്റാണ്ടുകാലം ഡോക്ടർ ജാനകി ഇന്ത്യയിലെ ഗവേഷകർക്ക് വഴികാട്ടിയും മാർഗ്ഗദീപവുമായി തിളങ്ങി.ശാസ്ത്രരംഗത്തെ സ്തുത്യർഹമായ സേവനത്തെ മുൻനിർത്തി ഭാരത സർക്കാർ 1977 ൽ പദ്മശ്രീ ബഹുമതി നൽകി അവരെ ആദരിക്കുകയും ചെയ്തു.

ഡോ. വേണു ബാപ്പു

ശാസ്ത്ര മണ്ഡലത്തിൽ ലോക പ്രശസ്തിയിലേക്കുയർന്ന തലശ്ശേരിക്കാരനുണ്ട് . ബാഹ്യാന്തരീക്ഷത്തിൽ ഒരു വാൽ നക്ഷത്രം ഇദ്ദേഹത്തിന്റെ പേർ വഹിച്ചു ഭ്രമണം നടത്തുന്നുവെന്നതിൽ നമുക്കെല്ലാം അഭിമാനിക്കാം . കുറച്ചുനാൾ മുൻപ് അന്തരിച്ച ബാഹ്യാകാശ ശാസ്ത്രജ്ഞൻ വേണു ബാപ്പു. ഹൈദരാബാദ് ഒബ്സർവേറ്ററിയിൽ ശാസ്ത്രജ്ഞനായിരുന്ന ഡോ. സി.കെ ബാപ്പുവിന്റെ മകൻ, ഗോളശാസ്ത്രത്തിൽ വിദേശങ്ങളിൽ ഉന്നത പഠനം നടത്തിയ വേണു അമേരിക്ക ആസ്ഥാനമായിട്ടുള്ള വേൾഡ് അസ്ട്രോണോമിക്കൽ കോൺഫറൻസിന്റെ ചെയർമാൻ പദവിവരെ അലങ്കരിച്ച ശാസ്ത്രജ്ഞൻ ആണ്.ഗോളശാസ്ത്രത്തിനു അദ്ദേഹം നൽകിയ മൗലിക സംഭാവനകളെ മാനിച്ചുകൊണ്ടാണ് പുതുതായി കണ്ടുപിടിക്കപ്പെട്ട ഒരു വാൽനക്ഷത്രത്തിനു ലോക ഗോള ശാസ്ത്ര സംഘടന അദ്ദേഹത്തിന്റെ പേർ നൽകിയത്.

Dr. MK Vainu Bapu

എരഞ്ഞോളി മൂസ

തലശ്ശേരിയിലെ എരഞ്ഞോളിയിൽ നിന്നുള്ള മാപ്പിള ഗായകനാണ് എരഞ്ഞോളി മൂസ. 'മാണിക്യ മലരായ പൂവി', 'മനസ്സിന്റെ ഉള്ളിൽ നിന്നുളിയുന്ന മാണിക്യ രാജാത്തി' , 'അരിമുല്ല പുഞ്ചിരി കണ്ട് കൊതിച്ചു പോയി' തുടങ്ങിയ പല പ്രശസ്ത മാപ്പിള പാട്ടുകളും പാടിയിട്ടുണ്ട്. ഗ്രാമഫോൺ എന്ന സിനിമയിലും മൂസ അഭിനയിച്ചിട്ടുണ്ട്. 2010 ൽ അദ്ദേഹത്തിന് കേരള സംഗീത നാടക അക്കാദമിയിൽ നിന്ന് മാപ്പിളപ്പാട്ടിന് അവാർഡ് ലഭിച്ചു.

Eranholi Moosa

ഗംഗാധര മാരാർ

ജീവിച്ചിരിക്കെ സമൂഹത്തിന്റെയും ഉന്നതരെന്ന് അഭിനയിക്കുന്നവരുടെയും അഴിമതികൾക്കെതിരെ വീറോടെ പോരാടിയും ആലംബഹീനരുടെ കണ്ണീരിലും വേദനയിലും തുണയ്ക്ക് എത്തിയും ചരിത്രത്തിന്റെ തങ്കത്താളുകളിൽ സ്വയം തന്റെ ചിത്രവും ചരിത്രവും വരച്ചിട്ട് കാലായവനികയ്ക്കുള്ളിലേക് പിൻ വാങ്ങിയ ഗംഗാധര മാരാർ.

കാലത്തും വൈകീട്ടും തലശ്ശേരി ഗവണ്മെന്റ് ആശുപത്രിയുടെ വാർഡുകളിലൂടെ രോഗികൾക്കിടയിൽ കൈയിൽ കാർഡ്ബോർഡ് കഷ്ണങ്ങളുമായി എന്നും മാരാരെത്തും .ബെഡുകളിൽനിന്നും ബെഡുകളിലേക് രോഗിയുടെ നാടും പേരും രോഗവിവരവും ചോദിച്ചറിഞ്ഞു തന്നാലാവുന്നവിധം ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകി നടന്നുനീങ്ങും.

റെയ്ൽവേയിൽ ജോലിചെയ്യവേ കമ്മ്യൂണിസ്റ്റായതിന്റെ പേരിൽ ഉദ്യോഗത്തിൽനിന്നും പിരിച്ചയക്കപെട്ടു . പിന്നീടാണ് തൊഴിലാളി വർഗ്ഗതാല്പര്യം ഇദ്ദേഹത്തിന്റെ മനസ്സിൽ അങ്കുരിച്ചത് .അവരെ സംഘടിപ്പിക്കുന്നതിലും അവകാശങ്ങൾ നേടികൊടുക്കുന്നതിലും മുന്നണി പോരാളിയായി അണുവിട വിട്ടുവീഴ്ചയ്ക്കില്ലാതെ നിലപാടുമായി മുന്നേറിയ അദ്ദേഹത്തെ പലർക്കും വെറുപ്പായിരുന്നു .അഴിമതിക്കും അനീതിക്കും എതിരെ പൊട്ടിത്തെറിക്കുന്ന സ്വഭാവം ആയിരുന്നു അദ്ദേഹത്തിന്റേത് .സി എച് മുഹമ്മദ് കോയയെ ആസിഡ് ബൾബ് എറിഞ്ഞതും , പി ആർ കുറുപ്പിനെ ചുറ്റികകൊണ്ടടിച്ചും അധികാര കേന്ദ്രങ്ങൾക്കെതിരെ ഒറ്റയാൻ പോരാട്ടം നടത്തിയതും മാരാരിലെ വിപ്ലവകാരിതന്നെ . സാഹിത്യത്തിലും ഇംഗ്ലീഷ്ഭാഷയിലും അഗാധപാണ്ഡിത്യമുള്ള മാരാർ തനിക്കെതിരെയുള്ള കേസുകളെല്ലാം കോടതിയിൽ സ്വയം വാദിക്കാറണ് പതിവ് . "ആർ യു എ പാട്രിയട്" എന്ന ഇംഗ്ലീഷ് പുസ്തകം രചിച്ച അദ്ദേഹം ജീവിത സായന്തനത്തിൽ ഏറെ കഷ്ടതയിലായിരുന്നു .

ചെങ്കോട്ടയിൽ ചെങ്കൊടി പാറുന്ന നാളിൽ മാത്രമേ താൻ വിവാഹം കഴിക്കു എന്ന് പ്രതിജ്ഞ ചെയ്ത് ജീവിതം മുഴുവൻ അവിവാഹിതനായും ഏകനായും കഴിഞ്ഞ മാരാർക്ക് ദീനക്കിടക്കിയിൽ സഹായത്തിനെത്തിയത് സഹോദരി മാത്രമായിരുന്നു .

രോഗികളുടെ പരാതികൾക്കും ആവലാതികൾക്കും കാതുകൂർപ്പിച്ചും ജീവനക്കാരോടും ഡോക്ടർമാരോടും ചെയ്യേണ്ടുന്ന കാര്യങ്ങളെപ്പറ്റി നിരന്തരം ഓര്മിപ്പിച്ചും വാർഡുകളിലേക്ക് ശുഷ്കാന്തിയോടെ ഒരു തപസ്യഎന്നോണം നടന്നു നീങ്ങിയ മാരാരുടെ ഓർമകളെ തലശ്ശേരി ജനറൽ ആശുപത്രി ചുമരുകൾക്കുള്ളിൽ നിന്നും പടിയിറക്കാനാവില്ല .

Gangadhar Marar

ഹെർമൻ ഗുണ്ടർട്ട്

Herman Gundert

കേരളത്തിനും മലയാള ഭാഷയ്ക്കും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ജർമൻ ഭാഷാ പണ്ഡിതനായിരുന്നു റെവ്. ഡോ. ഹെർമൻ ഗുണ്ടർട്ട് (1814 ഫെബ്രുവരി 4 - 1893 ഏപ്രിൽ 25). ജർമനിയിലെ സ്റ്റുട്ട്ഗാർട്ട് എന്ന സ്ഥലത്ത് 1814 ഫെബ്രുവരി 4-നു ജനിച്ചു. 1836 ജൂലൈ 7-നു് ഇന്ത്യയിലെത്തി. മദ്രാസ് പ്രസിഡൻസിയുടെ വിവിധഭാഗങ്ങളിൽ മതപ്രചരണ സംബന്ധമായ ജോലികൾ നടത്തുന്നതിനിടയിൽ 1838 ഒക്ടോബർ 7-നു് ഗുണ്ടർട്ടും ഭാര്യയും തിരുനെൽവേലിയിൽ നിന്നും തിരുവന്തപുരത്തെത്തി താമസമാക്കി. തമിഴ്നാട്ടിലെ ഹ്രസ്വകാല ജീവിതത്തിനിടയിൽ തമിഴ്ഭാഷയിൽ പ്രസംഗപാടവം നേടിയ ഗുണ്ടർട്ട് അതിവേഗം മലയാളവും പഠിച്ചു.ഹെർമൻ ഗുണ്ടർട്ടിനെ മലയാളം പഠിപ്പിച്ചത് ഊരാച്ചേരി ഗുരുനാഥൻമാർ. തലശ്ശേരിക്കടുത്ത് ചൊക്ലിയിലെ കവിയൂർ ആണ് ഗുരുനാഥൻമാരുടെ ജന്മദേശം.ഇവരെക്കുറിച്ച് കേട്ടറിഞ്ഞ ഹെർമൻ ഗുണ്ടർട്ട് മലയാളം പഠിക്കാൻ ഇവരെ തേടിയെത്തുകയായിരുന്നു. താൻ താമസിച്ചിരുന്ന ഇല്ലിക്കുന്നിലേക്ക് ഊരാച്ചേരി ഗുരുനാഥൻമാരെ ക്ഷണിച്ചു കൊണ്ടുപോയായിരുന്നു ഗുണ്ടർട്ട് മലയാള ഭാഷയിൽ പ്രാവീണ്യം നേടിയത്. താമസിയാതെ തലശ്ശേരിയിലും നെട്ടൂരിലും സ്കൂളുകളും നെട്ടൂരിൽ ഒരു കല്ലച്ചുകൂടവും സ്ഥാപിച്ചു. ‘ബാസൽ മിഷൻ’ എന്ന അന്തർദ്ദേശീയമത സംഘടനയുടെ ഇന്ത്യയിലെ സെക്രട്ടറിയായും സ്കൂൾ ഇൻസ്പെക്ടറായും പ്രവർത്തിച്ചു. ഇക്കാലഘട്ടത്തിൽ സ്കൂളുകളിൽ പഠിപ്പിക്കാനായി മലയാളം, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പുസ്തകങ്ങൾ എഴുതി അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ഒര ആയിരം പഴഞ്ചൊൽ എന്ന പഴഞ്ചൊൽ ശേഖരം സമാഹരിച്ചതും ഇദ്ദേഹമാണ്.

അദ്ദേഹം ജർമ്മനിയിലെ കാൽവ് നഗരത്തിൽ വച്ച് 1893ൽ അന്തരിച്ചു.സാഹിത്യ നോബൽ ജേതാവായ ഹെർമൻ ഹെസ്സെ ഗുണ്ടർട്ടിന്റെ മകൾ മേരിയുടെ മകനാണ്.

ജർമ്മനിയിലെ ബാദൻവ്യുർട്ടൻബർഗ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ സ്റ്റുട്ഗാർട്ടിലെ കിർഷ് സ്റ്റ്രാസ്സ് (ദേവാലയ റോഡ്) എന്ന തെരുവിലെ ഒരു വീട്ടിലാണു് ഹെർമൻ ഗുണ്ടർട്ട് ജനിച്ചതു്. പിതാവ് ലുഡ്വിഗ് ഗുണ്ടർട്ട് ഒരു അദ്ധ്യാപകനും വ്യവസായിയും ആയിരുന്നു. 1810 ഒക്ടോബർ 14-നു് അദ്ദേഹം ക്രിസ്റ്റ്യാനെ എൻസ്ലിൻ (Christiane Ensslin) എന്ന യുവതിയെ വിവാഹം ചെയ്തു. അവരുടെ മൂന്നാമത്തെ മകനായി 1814 ഫെബ്രുവരി നാലിനായിരുന്നു ഹെർമൻ ഗുണ്ടർട്ടിന്റെ ജനനം.[3]

പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിൽ തെക്കൻ ജർമ്മനിയിൽ ശക്തി പ്രാപിച്ചുവന്ന ഒരു മതനവീകരണസംരംഭമായിരുന്നു ഭക്തിപ്രസ്ഥാനം (Pietism). ജീവനുള്ള വിശ്വാസം സ്നേഹഫലങ്ങൾ പ്രകടമാക്കണമെന്നും അതിനുവേണ്ടി സാമൂഹ്യപ്രവർത്തനങ്ങൾ അത്യന്താപേക്ഷിതമാണെന്നും ഭക്തിപ്രസ്ഥാനക്കാർ വിശ്വസിച്ചു. ഒരു തരം ആത്മീയമായ പുനർജനനത്തിലൂടെ മാത്രമാണു് യഥാർത്ഥത്തിലുള്ള ദൈവസന്തതികളാകാൻ കഴിയൂ എന്നു് അവർ കരുതി. യൊഹാൻ ആൽബ്രഷ്ട് ബെംഗൽ (Johann Albrecht Bengel, 1687-1752), ഫ്രീഡറിക് ക്രിസ്റ്റഫ് ഓട്ടിംഗർ (Friedrich Christoph Oetinger, 1702-1782)എന്നിവരായിരുന്നു ഭക്തിപ്രസ്ഥാനത്തിന്റെ മുഖ്യവക്താക്കൾ. സാർവ്വലൗകികവീക്ഷണവും മിസ്റ്റിസിസവും കലർന്ന ഇവരുടെ ചിന്തകളും ആശയങ്ങളും പിൽക്കാലത്തു് ഗുണ്ടർട്ടിന്റെ ജീവിതശൈലിയെ സാരമായി സ്വാധീനിച്ചിട്ടുണ്ടു്. 1812-ൽ ഇവരുടെ ആഭിമുഖ്യത്തിൽ ബ്രിട്ടീഷ് ബൈബിൾ സൊസൈറ്റി സ്റ്റുട്ട്ഗാർട്ടിൽ ഒരു ശാഖ തുറന്നു. ലുഡ്വിഗ് അതിന്റെ പ്രാരംഭപ്രവർത്തകരിൽ ഒരാളായിച്ചേർന്നു. ഭാര്യ ക്രിസ്റ്റ്യാനെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ അത്യധികം സഹായിച്ചിരുന്നു.

ജനിച്ചു പത്താം ദിവസം സ്ഥലത്തെ കത്തീഡ്രലിൽ കുട്ടിയ്ക്കു് സ്നാപനം നൽകി 'ഹെർമൻ' എന്നു പേരിട്ടു. അക്കാലത്തു് ജർമ്മൻ ദേശീയതയുടെ പ്രതീകമായിരുന്നു, ഒന്നാം നൂറ്റാണ്ടിൽ റോമാക്കാരെ ജർമ്മനിയിൽ നിന്നു തുരത്തിയോടിച്ച ഹെർമൻ ഡെർ കെറുസ്കെർ (Herman der Cherusker). 1813-ൽ ലൈപ്സിഗ്ഗിൽ വെച്ച് നെപ്പോളിയൻ സൈന്യത്തെ പരാജയപ്പെടുത്തി ജർമ്മനിയെ ഒരിക്കൽ കൂടി വിദേശാധിപത്യത്തിൽ നിന്നു വിമോചിപ്പിച്ചതിൽ ദേശാഭിമാനം പൂണ്ട ജർമ്മൻ ജനത അക്കാലത്തു ജനിച്ച അനേകം കുട്ടികൾക്കു് 'ഹെർമൻ' എന്നു തന്നെയാണു് പേരിട്ടിരുന്നതു്.

ജസ്റ്റീസ് വി.ആർ കൃഷ്ണയ്യർ

ജസ്റ്റീസ് കൃഷ്ണയ്യർ ഒരു വെറും ന്യായാധിപനല്ല .ജനങ്ങൾക്കിടയിൽ അറിയപ്പെടുന്നത് ജസ്റ്റീസ് കൃഷ്ണയ്യർ ആയിട്ടാണ്. അദ്ദേഹത്തിന്റെ വ്യക്തിത്വം എനിക്ക് തോന്നിയത് വെറുമൊരു ന്യായാധിപനായിട്ടല്ല. അദ്ദേഹം എല്ലാറ്റിലുമേറെ മനുഷ്യസ്നേഹിയും ജനസേവകനുമാണ്.

1948 ൽ വക്കീലായിരുന്നപ്പോൾ കൃഷ്ണയ്യരെ കരുതൽ തടങ്കൽ നിയമം അനുസരിച്ച് അന്നത്തെ മദ്രാസ് പോലീസ് അറസ്റ്റ് ചെയ്തു.ഒരു മാസം കണ്ണൂർ ജയിലിൽ തടവുകാരനായി കിടന്നു.കോടതി രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ച് എന്നതാണ് അറസ്റ്റിന് കാരണം.

പേരെടുത്ത വക്കീലായിരുന്നപ്പോഴാണ് 1957 ൽ കൃഷ്ണയ്യർ നിയമസഭയിലേക്ക് തിരഞ്ഞെടുത്തത്.മന്ത്രിയാകണമെന്നു ഇ.എം.എസ് അഭ്യർത്ഥിച്ചു.മലബാറിൽ ജന്മികളുടെ സിവിൽക്കേസും തൊഴിലാളികൾക്കെതിരെ ക്രിമിനൽ കേസും വാദിക്കാൻ കൃഷ്ണയ്യർ തന്നെയായിരുന്നു മുൻനിരയിൽ .

ഇ.എം.എസ് മന്ത്രിസഭയിൽ ആഭ്യന്തരം,നിയമം,ജയിൽ,വൈദ്യുതി,ജലസേചനം,സാമൂഹിക ക്ഷേമം,ഉൾനാടൻ ജലഗതാഗതം തുടങ്ങിയ ഏഴു വകുപ്പുകൾ കൈകാര്യം ചെയ്തത് 42 കാരനായിരുന്ന വി.ആർ കൃഷ്ണയ്യർ ആയിരുന്നു. ഇ.എം.എസ് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം.പാർട്ടി ചിഹ്നം സ്വീകരിക്കാതെ കമ്മ്യൂണിസ്റ്റ് പിന്തുണയോടെ ജയിച്ച് മന്ത്രിയായ കൃഷ്ണയ്യർ പാർട്ടി നേതാക്കൾക്കും സഖാക്കൾക്കും ക്രമേണ അനഭിമതനായി.തന്റെ വകുപ്പിൽ പാർട്ടിയുടെ ഒരു ഇടപെടലും അദ്ദേഹം അനുവദിച്ചില്ല.

ന്യായാധിപൻ എന്ന നിലയിൽ ,പ്രതിജ്ഞാബദ്ധതയുള്ള ഒരു സാമൂഹ്യപരിഷ്കർത്താവെന്ന നിലയിൽ ,അനീതിക്കും അധർമ്മത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത സമരഭടൻ എന്ന നിലയിൽ ഒക്കെ മലയാളികളുടെ ആശാദീപമായ കൃഷ്ണയ്യരുടെ ഭാഷ എന്നും ഏതൊരാളെയും ആകർഷിച്ചിട്ടുണ്ട്.

1975 ൽ ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് കേസിൽ അവരുടെ താല്പര്യത്തിനൊത്ത് വിധിയെഴുതാൻ സുപ്രീംകോടതി ജഡ്ജിയായിരുന്ന കൃഷ്ണയ്യർ കൂട്ടാക്കിയില്ല.അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഇത് കാരണമായി.

സുപ്രീംകോടതി ജഡ്ജി സ്ഥാനത്ത് നിന്ന് റിട്ടയർ ചെയ്തശേഷം 1987 ൽ വീണ്ടും ഒരു തിരഞ്ഞെടുപ്പ് നേരിട്ടു.രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചു.എതിർസ്ഥാനാർത്ഥിയും സുഹൃത്തുമായ ആർ.വെങ്കട്ടരാമൻ കൃഷ്ണയ്യരെ തോൽപിച്ചു രാഷ്ട്രപതിയായി.

ജോലിയിൽനിന്ന് വിരമിച്ച ശേഷം സ്ഥിരതാമസം എറണാകുളത്തേക്കാക്കിയെങ്കിലും തലശ്ശേരിയായുള്ള ബന്ധം ജസ്റ്റീസ് ഒരിക്കലും മറന്നില്ല.പൂർവ്വ പ്രതാപങ്ങൾ നഷ്ടപെട്ട തലശ്ശേരിയെ ഒരു മാതൃകാനഗരമായി ഉയർത്തണമെന്ന് അദ്ദേഹത്തിന് തീവ്രമായ ആഗ്രഹമുണ്ടായിരുന്നു.

രാഷ്ട്രീയത്തിലും ,സാഹിത്യത്തിലും കലാകായിക രംഗങ്ങളിലും പ്രസിദ്ധിനേടിയ അനേകം മഹത്തുക്കൾക്ക് ജന്മം നൽകിയ നാടാണല്ലോ തലശ്ശേരി. പൂർവ്വപ്രതാപങ്ങൾ നഷ്ടപ്പെട്ട തലശ്ശേരിയെ ഒരു മാതൃകാനഗരമായി വളർത്തുവാനുള്ള പല പദ്ധതികളും അദ്ദേഹം ആവിഷ്കരിക്കുകയും ചെയ്തിരുന്നു.

2014 ഡിസംബർ 4 ന് അദ്ദേഹം നിര്യാതനായി.

Justice VR Krishna Iyer

കെ രാഘവൻ മാസ്റ്റർ

K Raghavan master

മലയാളത്തിന്റെ പ്രിയങ്കരനായ സംഗീത സംവിധായകൻ രാഘവൻ മാസ്റ്റർ പിറന്നുവീണത് തലശ്ശേരി കടലോരത്തെ കൊച്ചുവീട്ടിലാണ്.മലയാള സിനിമ ഗാന ശാഖയുടെ നവോത്ഥാനത്തിന് ചുക്കാൻപിടിച്ചത് രാഘവൻ മാസ്റ്ററും എം.എസ് ബാബുരാജ് എന്നിവരാണ് .നാടൻപാട്ട് കലാകാരനായിരുന്ന എം.കൃഷ്ണന്റെയും നാരായണിയുടെയും മകനായി 1913 ഡിസംബർ 2 ന് ജനനം.

അച്ഛന്റെ നാടൻ പാട്ടിന്റെ ഈണങ്ങൾ അദ്ദേഹത്തെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്.

കോഴിക്കോട് ഓൾ ഇന്ത്യ റേഡിയോ കലാകാരനായിരുന്നു അദ്ദേഹം.4 ദശാബ്ദകാലം ഗാനരംഗം അടക്കിവാണ മാസ്റ്റർ 60 ഓളം മലയാള സിനിമയ്ക്കുവേണ്ടി സംഗീതം ചെയ്തിട്ടുണ്ട്.അതിൽ പലതും ഇന്നും നമ്മൾ മലയാളികൾക്ക് നിത്യഹരിത ഗാനങ്ങൾ ആണ്.

1954 ൽ റിലീസ് ചെയ്ത 'നീലക്കുയിൽ' എന്ന ചിത്രത്തിലെ ഗാനങ്ങൾ മലയാളസിനിമ ഗാനശാഖയ്ക്ക് പുതിയ ഒരു മുഖം തന്നെ നൽകി. മാസ്റ്റർ മലയാള സിനിമാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. 1973 , 1977 വർഷങ്ങളിൽ കേരള സംസ്ഥാന ഫിലിം അവാർഡ്സിന്റെ മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. കൂടാതെ ജെ.സി ഡാനിയേൽ പുരസ്കാരവും, ഏഷ്യാനെറ്റിന്റെ ലൈഫ് ടൈം അച്ചീവ്വ്മെന്റ് അവാർഡും ലഭിച്ചു.

2010 ഭാരത സർക്കാർ പദ്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. 2013 ഒക്ടോബർ 19 ന് തന്റെ 99 ആം വയസ്സിൽ അദ്ദേഹം നമ്മളോട് വിടപറഞ്ഞു .

കെ.എം ബാലകൃഷ്ണൻ

കേരളാ സ്റ്റേറ്റ് റവന്യു ഡിപ്പാർട്ട്മെന്റിലൂടെയാണ് തലശ്ശേരിക്കാരനായ കെ.എം ബാലകൃഷ്ണൻ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഭൂ പരിഷ്കരണ നിയമം നടപ്പിലാക്കുന്നതിൽ സുപ്രധാനമായ പങ്കുവഹിക്കുകയുണ്ടായി.ലാൻഡ് ബോർഡിൻറെ അഡീഷണൽ സെക്രട്ടറിയായിരിക്കുമ്പോൾ ആരോഗ്യ വകുപ്പുമന്ത്രി എൻ.കെ ബാലകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായി.തലശ്ശേരിയിലും കേരത്തിലെ ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജിലും പേ വാർഡുകൾ നിർമ്മിക്കപ്പെട്ടത് ഈ കാലഘട്ടങ്ങളിലാണ് . കോഴിക്കോട് ജില്ലാ കലക്ടറായി ഏറെ കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹകരണ മേഖലയ്ക്ക് ഗണ്യമായ സംഭാവന നൽകിയ കെ.എം ബാലകൃഷണൻ കോ- ഓപ്പറേറ്റീവ് രജിസ്ട്രാർ ആറു ജോലി ചെയ്തു വരുന്നതിനിടയിലാണ് സർവ്വീസിൽ നിന്ന് റിട്ടയർ ചെയ്തത് .പിരിഞ്ഞ ശേഷം കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ എം.ഡി യായും പ്രവർത്തിക്കുകയുണ്ടായി.

കമലാ ഭായ് പ്രഭു

ഗാന്ധിജിയുടെ തലശ്ശേരി സന്ദർശനം ഒരുപാട് വീര സ്വാതന്ത്ര്യ സമര സേനാനികളെ സൃഷ്ടിച്ചു. ശ്രീ എൽ.എസ് പ്രഭുവിന്റെ പത്നിയാണ് കമലാ പ്രഭു.

ഇന്ത്യയിലൊട്ടുക്കും ബ്രിട്ടീഷ് പാർലിമെന്റിലും കോളിളക്കം സൃഷ്ടിച്ച ചരിത്രപ്രസിദ്ധമായ താലി കേസിലെ നായികയാണ് അവർ. വിദേശ വസ്ത്ര ഷാപ്പ് പിക്കറ്റ് ചെയ്തതിന് അറസ്റ്റ് ചെയ്യപ്പെട്ട കമലാ പ്രഭുവിന് തലശ്ശേരി ജോ.മജിസ്ട്രേറ്റ് കോടതി 6 മാസം തടവും 1000 രൂപ പിഴയും വിധിച്ചു.പിഴ ഈടാക്കാനായി അവരുടെ ആഭരണങ്ങൾ ഓരോന്നായി അഴിച്ചുവാങ്ങി . എന്നാൽ താലി മാല അഴിച്ചെടുക്കാൻ അവർ അനുവദിച്ചില്ല.ഹൈന്ദവവിശ്വാസമനുസരിച്ച് ഭർത്യ മരണത്തിലല്ലാതെ ഹിന്ദുസ്ത്രീയുടെ കെട്ടുതാലി അഴിച്ചുമാറ്റാൻ പാടില്ലാത്തതിനാൽ ഈ കൃത്യം ഇന്ത്യൻ സ്ത്രീത്വത്തിനുമേൽ ബ്രിട്ടീഷ് സാമ്രാജത്വം നടത്തിയ ഒരു ആക്രമണമായി പരക്കെ ആക്ഷേപിക്കപെട്ടു. ഒടുവിൽ വെല്ലൂർ ജയിലിൽ അടക്കപ്പെട്ടിരുന്ന കമലാപ്രഭുവിന്റെ താലി ക്ഷമാപണപൂർവ്വം തിരിച്ചു നല്കാൻ മദിരാശി ഗവൺമെന്റ് തയ്യാറായി.

കീലേരി കുഞ്ഞിക്കണ്ണൻ

Keeleri Kunhikannan

കേരളത്തിലെ സർക്കസ്സ് കലയുടെ ഈറ്റില്ലമാണ് തലശ്ശേരി. കീലേരി കുഞ്ഞിക്കണ്ണൻ ടീച്ചറാണ് തലശ്ശേരിയിൽ സർക്കസ്സിന്റെ കുലഗുരു.അന്ന് നിലവിലുണ്ടായിരുന്ന പരിമിതമായ ഇന്ത്യൻ സർക്കസ്സിൽ നിന്നും ലോക സർക്കസ്സിൽ നിന്നും പ്രചോദനം ഉൾകൊണ്ട് ബി.ഇ.എം.പി ഹൈസ്കൂൾ അധ്യാപകനായിരുന്ന കീലേരി കുഞ്ഞിക്കണ്ണൻ സ്വന്തമായി സർക്കസ്സ് കളരി ആരംഭിക്കുകയും കുട്ടികളെ സൗജന്യ പരിശീലനത്തിലൂടെ മികച്ച സർക്കശ്ശഭ്യാസികളാക്കി മാറ്റുകയും ചെയ്തു.പഴയകാലത്ത് ഇന്ത്യൻ സർക്കസ്സ് മേഖല ടീച്ചറുടെ ശിഷ്യരായ യുവതിയുവാക്കൾ കയ്യടക്കിയിരുന്നു. ടീച്ചർ നിലവിൽ വരുത്തിയ പരിശീലന സൗകര്യത്തിൽ നിന്നും മുതലെടുത്തു , തലശ്ശേരിക്കാരും അല്ലാത്തവരുമായ മലയാളികളുടെ ഒട്ടേറെ സർക്കസ്സ് കമ്പനികൾ നിലവിൽ വരികയുണ്ടായി.

ബർലിനിൽ വെച്ചു ടീച്ചറുടെ തലശ്ശേരിക്കാരനായ ശിഷ്യൻ കണ്ണൻ ബോബയോവിന്റെ അഭ്യാസപ്രകടനം കണ്ടു സാക്ഷാൽ അഡോൾഫ് ഹിറ്റ്ലർ 'ജമ്പിങ്ങ് ഡെവിൾ' എന്നുപറഞ്ഞു തന്റെ അഭിനന്ദനം പ്രകടിപ്പിക്കുകയുണ്ടായി. ടീച്ചറുടെ കാലശേഷം എം.കെ രാമനാണ് സ്വന്തം കളരിയുടെ ഈ കലാസപര്യ തുടർന്നത്.

ഇന്ത്യൻ സർക്കസ്സിൽ കേരളീയർക്കുണ്ടായിരുന്ന പ്രാമുഖ്യ നഷ്ടപ്പെട്ടിരിക്കുന്നു , എന്നിരുന്നാലും കുഞ്ഞിക്കണ്ണൻ ടീച്ചറിലൂടെ തലശ്ശേരിക്കു കൈവന്ന കായിക കലാ പാരമ്പര്യത്തെ അംഗീകരിച്ചുകൊണ്ടാണ് കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ കായിക കലാ സ്ഥാപനമായ സായ് ജിംനേഷ്യം ഇവിടെ ആരംഭിച്ചത്.

കോടിയേരി ബാലകൃഷ്ണൻ

കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ നേതാക്കളിൽ ഒരാൾ. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി. ശ്രീ.കുഞ്ഞുണ്ണി കുറുപ്പിന്റെയും, ശ്രീമതി നാരായണി അമ്മയുടെയും മകനായി 1953 നവംബർ 16 ന് തലശ്ശേരിയിലെ കൊടിയേരിയിൽ ജനനം.

പഠനകാലത്ത് തന്നെ എസ്.എഫ്.ഐ യിൽ സജീവ പ്രവർത്തകൻ ആയിരുന്നു.1973 മുതൽ 1979 വരെ എസ്.എഫ്.ഐ സംസ്ഥാന ജനറൽ സെക്രട്ടറിയായും 1980 മുതൽ 1982 വരെ ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ കമ്മിറ്റി പ്രഡിഡണ്ട് ആയും പ്രവർത്തിച്ചു.അടിയന്തരാവസ്ഥ കാലത്ത് 16 മാസം ജയിലിൽ കിടന്നിട്ടുണ്ട്.1982 ,1987 ,2001 , 2006 ,2011 എന്നിങ്ങനെ 5 വർഷം കേരളം നിയമസഭയിലേക്ക് തലശ്ശേരി മണ്ഡലത്തിൽനിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2006 - 2011 അച്യുതാനന്ദൻ മന്ത്രിസഭയിലെ ആഭ്യന്തര ടൂറിസം വകുപ്പ് മന്ത്രി ശ്രീ കോടിയേരി ബാലകൃഷ്ണൻ ആയിരുന്നു.

kodiyeri balakrishnan

ഡോ.എം.ഡി രാഘവൻ

MD Raghavan

കേരത്തിലെ നാടൻ പഠനത്തിന് തുടക്കംകുറിച്ച അന്താരാഷ്ട്ര പ്രശസ്തിനേടിയ നരവംശശാസ്ത്രജ്ഞൻ എം.ഡി. രാഘവൻ തലശ്ശേരി ചേറ്റംകുന്നു സ്വദേശിയാണ്.ബ്രണ്ണൻ കോളേജില്നിന്നും മംഗലാപുരം അലുഷ്യ കോളേജിൽനിന്നും പഠനം പൂർത്തിയാക്കിയശേഷം മദ്രാസ് എഗ്മൂർ മ്യൂസിയത്തിൽ ക്യുറ്റെറ്ററായി ജോലിചെയ്യുന്നതിനിടയിലാണ് നരവംശശാസ്ത്രത്തിൽ ഉപരിപഠനത്തിനു ഓക്സ്ഫോർഡ് സർവ്വകലാശാല ഇദ്ദേഹത്തെ തിരഞ്ഞെടുത്തത് . ഉന്നതപഠനം പൂർത്തിയാക്കി തിരിച്ചെത്തിയ അദ്ദേഹത്തെ നീലഗിരിയിലെയും വയനാട്ടിലെയും ഗിരിവർഗക്കാരെപ്പറ്റി പഠിക്കാൻ നിയുക്തരായ ബറോൺ വോൺ ദൗത്യസംഘത്തിൽ അംഗമായി മദ്രാസ് സർവ്വകലാശാല നിയമിക്കുകയുണ്ടായി. നരവംശത്തിലെ വിഭിന്ന വിഭാഗങ്ങളെപ്പറ്റി പ്രായോഗിക പരിജ്ഞാനം സിദ്ധിക്കുവാൻ ഈ പഠനസംഘത്തിലെ പ്രവർത്തനം അദ്ദേഹത്തിന് ഉപകരിക്കുകയുണ്ടായി. ഓൾ ഇന്ത്യ ഓറിയന്റൽ കോൺഫറൻസിന്റെ പ്രസിഡണ്ട് ആയും മദ്രാസ് യൂണിവേഴ്സിറ്റിയിലെ നരവംശശാസ്ത്രശാഖയുടെ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിക്കുകയുണ്ടായി .

1964 ൽ സിലോൺ ഗവൺമെന്റിന്റെ എത്തനോളജിസ്റ് ആയി നിയമിതനായതോടെ അദ്ദേഹം സിലോണിലേക്ക് യാത്രയായി .സിലോണിലെ പട്ടികജാതിക്കാരുടെ ഉന്നമനത്തിനായി രൂപീകരിക്കപ്പെട്ട സംഘടനയുടെ അംഗമായും തുടർന്ന് 1951 മുതൽ 55 വരെ അതിന്റെ തലവനായും പ്രവർത്തിക്കുകയുണ്ടായി. ദ്വീപ് നിവാസികളുടെ ഉയർച്ചയ്ക്കും അവരുടെ സാമൂഹ്യവും സാംസ്കാരികവുമായ വളർച്ചയ്ക്കുംവേണ്ടി അദ്ദേഹം ചെയ്ത സേവനങ്ങളെ മാനിച്ചു കൊണ്ട് സിലോൺ സർവ്വകലാശാല എം.ഡി രാഘവന് നരവംശ ശാസ്ത്രത്തിൽ ഹിൽഡാ ഓബേസ്ക്കരേ റിസർച്ച് ഫെല്ലോഷിപ്പ് നൽകി ആദരിക്കുകയുണ്ടായി .

"Folk plays and dances of kerala" , "Traditionan Arts of India and Cultural Change" തുടങ്ങിയ ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. തലശ്ശേരി പുന്നോലിലെ ഇന്ന് നഷ്ടപെട്ടിരിക്കുന്ന ചെള്ളത്തു ഗുഹാചിത്രങ്ങളെപ്പറ്റിയുള്ള പഠനങ്ങളും , ഇല്ലിക്കുന്ന് ചിറക്കൽക്കാവ് ഭഗവതി ക്ഷേത്രത്തിലെ തെയ്യങ്ങളെക്കുറിച്ചുള്ള പഠനങ്ങളും ശ്രേദ്ധേയമാണ്.

മേജർ ജനറൽ ട്ടി .പത്മിനി

മേജർ ജനറൽ ട്ടി .പത്മിനി തലശ്ശേരി മണ്ണയാട് ജനിച്ചു . 1967 മിലിട്ടറി നഴ്സിംഗ് സെലെക്ഷൻ ലഭിച്ചു.അതിനുശേഷം ഇന്ത്യൻ നാവിൽ ഹോസ്പിറ്റൽ കപ്പലിൽ , മുംബൈയിൽ നിയോഗിതയായി.

നാല് വർഷത്തെ സേവനത്തിനുശേഷം കുട്ടികളെ ശ്രുശ്രുഷിക്കുന്ന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.ഇതിനുവേണ്ടി 1975 പീഡിയാട്രിക് നഴ്സിംഗ് ഡിപ്ലോമ കരസ്ഥമാക്കി. 1993 ൽ ലഫ്റ്റനെന്റ് കേണൽ ആയും 2000 ൽ കേണൽ ആയും സ്ഥാനക്കയറ്റം ലഭിച്ചു.

ചണ്ഡിഗർഹിൽ വെസ്റ്റേൺ കമാൻഡ് ഹോസ്പിറ്റൽ ഇൻ ചാർജ് ആയി സേവനമനുഷ്ഠിക്കുമ്പോളാണ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സ്ഥാനം തേടിയെത്തുന്നത്.അതിനുശേഷം ആണ് ഉയർന്ന പദവിയായ മേജർ ജനറൽ സ്ഥാനം ലഭിക്കുകയും അഡിഷണൽ ഡയറക്ടർ ജനറൽ ആയി ഡൽഹി ആർമി ഹെഡ് ക്വാർട്ടേഴ്സിലേക്ക് നിയോഗിതയാകുന്നതും.

2009 ൽ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ കൈയിൽനിന്നും നാഷണൽ ഫ്ലോറെൻസ് നൈറ്റിംഗേൽ അവാർഡ് ലഭിച്ചു.

Major General T Padmini

മമ്മദ്ക്ക

Mammadka

വരകളുടെ ലോകത്ത് ഒരു ലൈഫ് മോഡൽ. മമ്മദ്ക്ക . തലശ്ശേരി കേരള സ്കൂൾ ഓഫ് ആർട്സിലെ ചിത്രകലാവിദ്യാർത്ഥികൾ മനുഷ്യശരീര പഠനത്തിനായി ആശ്രയിക്കുന്നത് ലൈഫ് മോഡൽ മമ്മദ്ക്കെയെയാണ് . നിരവധി കണ്ണുകൾക്ക് മുന്നിൽ മണിക്കൂറുകളോളം നിശ്ചലം നിൽക്കുന്ന മമ്മദ്ക്കയ്ക്ക് ചെറിയ പ്രതിഫലം ലഭിക്കും.

മനുഷ്യശരീരം വരച്ചുപഠിക്കാൻ സ്വന്തം ശരീരം മമ്മദ്ക്ക സമർപ്പിച്ചിട്ട് 40 വർഷത്തിലധികമായി.മമ്മദ്ക്ക മലബാറിലെ ചിത്രകാരന്മാർക്ക് മറക്കാൻപറ്റാത്ത വ്യക്തിയാണ്.

ഡോ. മനയത്ത് ദാമോദരൻ

ഇന്ത്യയിലെ ഏറ്റവും പ്രമുഖനായി അംഗീകരിക്കപ്പെട്ട ഒരു ബയോകെമിസ്റ് ആണ് ചേറ്റംകുന്നു സ്വദേശി മനയത്ത് ദാമോദരൻ.മദ്രാസ് പ്രെസിഡെൻസി കോളേജില്നിന്നും ബിരുദാനന്തര ബിരുദവും . ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽനിന്നും ഉന്നതപഠനവും പൂർത്തിയാക്കിയ ശേഷം ജര്മനിയിലും ഇംഗ്ലണ്ടിലും ഗവേഷണ രംഗത്ത് ശോഭിക്കുകയും ചെയ്ത ഡോക്ടർ എം.ദാമോദരൻ മദ്രാസ് യൂണിവേഴ്സിറ്റിയിലെ ബയോകെമിസ്ട്രി ഡിപ്പാർട്മെന്റിന്റെ തലവനായും പുണെയിലെ നാഷണൽ ചെമിക്കൽ ലബോറട്ടറിയുടെ ഡിറക്ടറായും സേവനമനുഷ്ടിക്കുകയുണ്ടായി.

സൂഷ്മാണുക്കൾ മൂലം ജൈവ പദാർത്ഥങ്ങൾ വിയോജനം ചെയ്യപ്പെടുന്ന പ്രക്രിയയെപ്പറ്റിയുള്ള ഗവേഷണ പ്രബന്ധമാണ് ലണ്ടൻ സർവകലാശാലയിൽ ഗവേഷണം ചെയ്യുവാൻ അദ്ദേഹത്തിന് അവസരമൊരുക്കിയത് .പ്രോട്ടീൻസ്സിൽ അടങ്ങിയിരിക്കുന്ന ആസ്പരാജിനെയും ഗ്ലാട്ടമൈനിനെയും അമൈഡ് സിദ്ധാന്തം പ്രകാരം വേർതിരിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞത് ഈ രംഗത്തെ അപൂർവ്വനേട്ടമായിരുന്നു. ഈ ഗവേഷണത്തെ മുൻനിർത്തി ലണ്ടൻ സർവകലാശാല പ്രൊഫസർ ദാമോദരന് ഡോക്ടർ ഓഫ് സയൻസ് (ഡി.എസ്സ്.സി) ബിരുദം നൽകി.1962ൽ ജർമ്മനിയിലെ ഗവേഷണരംഗത്ത് പ്രവർത്തിക്കുമ്പോൾ പ്രോലിയൻ കെമിസ്ട്രിയുടെ പിതാവെന്ന് വിശേഷിക്കപ്പെടുന്ന അസർ ഹാൾഡനുമായുള്ള സൗഹൃദം ദാമോദരന്റെ ജീവിതത്തിൽ വഴിത്തിരിവായി .സോർബോസ് കാർബോഹൈഡ്രേറ്റ് നിർമ്മാണത്തെപ്പറ്റിയും സൂക്ഷ്മാണു ജീവികളിലെ ഭൗധികമാറ്റങ്ങളെ പറ്റിയും , ജീവകോശങ്ങൾ രാസമാറ്റങ്ങൾക്ക് വിധേയരായിത്തീരുന്ന പ്രക്രിയയെപ്പറ്റിയുള്ള ഗവേഷണ പ്രബന്ധങ്ങൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപെടുന്നവയാണ് .

Manayath Damodaran

ടി.എം മൊയ്തു സാഹിബ്

T M Moidu Sahib

തലശ്ശേരിയെയെയും കണ്ണൂരിനെയും ബന്ധിപ്പിക്കുന്ന ശക്തമായ കണ്ണിയായ മൊയ്തുപാലം പണിതത് ജനസേവനത്തിന്റെ ഉദാത്ത മാതൃക തലമുറയ്ക്ക് കാണിച്ചുകൊടുത്ത ടി.എം മൊയ്തു സാഹിബ് ആയിരുന്നു. തലശ്ശേരിയിലെ പ്രസിദ്ധമായ മുക്കാട്ടിൽ തറവാട്ടിലെ ഈ അംഗം കുടുംബ വ്യാപാരവുമായി ബന്ധപ്പെട്ട് ചെറുപ്പത്തിൽ മദിരാശിക്കു കടന്നിരുന്നു.സ്വന്തമായി ടിമ്പർ കമ്പനി സ്ഥാപിച്ച അദ്ദേഹം പൊതുപ്രവർത്തനത്തിൽ ആകൃഷ്ടനായി ധനവും ശേഷിയും വിനിയോഗിച്ചു.

മലബാർ കലാപം നിമിത്തം ദുരിതത്തിലായ ഏറനാട്ടിലെയും വള്ളുവനാട്ടിലെയും സഹോദരി സഹോദരന്മാരെയും ദുരിതനിവാരണത്തിന് ബി.പോക്കർ സാഹിബിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച മാപ്പിള എമിലിയോറഷൻ കമ്മിറ്റിയുടെ വക്താവായിരുന്നു മൊയ്തു സാഹിബ്.

സ്വന്തം നാട്ടിൽ റോഡുകളും, പാലങ്ങളും ,വിദ്യാലയങ്ങളും കെട്ടിപ്പടുക്കാൻ മൊയ്തുസാഹിബ് കാണിച്ച താത്പര്യത്തിന്റെ മികച്ച ഉദാഹരണമാണ് ധർമ്മടം കുടക്കടവിൽ നിർമ്മിച്ച പാലം . ബ്രിട്ടീഷ് ഗവൺമെന്റ് ആണ് ഈ പാലത്തിന് മൊയ്തുപാലം എന്ന് നാമകരണം ചെയ്തത്.

നാൽപ്പത്തി ഒന്നാം വയസ്സിൽ അൻപതുവർഷത്തെ ഗ്യാരണ്ടി ഉണ്ടെന്നറിഞ്ഞ മൊയ്തുസാഹിബിന്റെ ജീവിതത്തിന്റെ ഗ്യാരണ്ടിയും അത്രതന്നെയായിരുന്നു. 51 വയസ്സിൽ 1940 നവംബർ 15 ന് അദ്ദേഹം നിര്യാതനായി .ഗ്യാരണ്ടി പിരിയഡ് കഴിഞ്ഞു ഒന്നര ദശാബ്ദകാലം പാലത്തിന് യാതൊരു കോട്ടവും സംഭവിച്ചില്ല . പാലം നിർമാണത്തിന് നേതൃത്വം വഹിച്ച സി.വാസുദേവൻ എന്ന ഓവര്സിയരുടെ ഓവർ കോൺഫിഡെൻസിന്റെ സ്മാരകം കൂടിയാണ് മൊയ്തു പാലം.

മൂർക്കോത്ത് കുമാരൻ

മലയാള സാഹിത്യത്തിന്റെ നവോത്ഥാന നായകരിൽ ഒരാളാണ് മൂർക്കോത്ത് കുമാരൻ 23 ഓളം കൃതികൾ പ്രസിദ്ധം ചെയ്തിട്ടുണ്ട്. വസുമതി വെള്ളിക്കൈ, എന്നീ നോവലുകളും , മാർക്കട സന്ദേശം ,ഇലഞ്ഞിപൂമാല ,ആശാകുല, ദർശനമാല തുടങ്ങിയവയാണ് പ്രസിദ്ധ കൃതികൾ. ശ്രീനാരായണ ഗുരുവിന്റെ പ്രഥമ ജീവിചരിത്രഗ്രന്ഥത്തിന്റെ കർത്താവും മൂർക്കോത്ത് തന്നെ. പത്രാധിപർ അദ്ധ്യാപകൻ, നഗരസഭാഗം,സാമുദായിക പ്രവർത്തകൻ,ഗുരുധർമ്മ പ്രചാരകൻ എന്നീ നിലയിൽ മൂർക്കോത്തിന്റെ സേവനം എക്കാലവും സ്മരിക്കപ്പെടും.

Moorkoth Kumaran

മൂർക്കോത്ത് കുഞ്ഞപ്പ

Moorkoth Kunhappa

മൂർക്കോത്ത് കുഞ്ഞപ്പ ഉപന്യാസകാരനും ,പത്രപ്രവത്തകനും ,പരിഭാഷകനുമാണ്. "പരശുരാമൻ " എന്ന പേരിലാണ് അദ്ദേഹം കൂടുതലെഴുതിയത്.ബാലാമണിയമ്മയുടെ "'അമ്മ" ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയത് ഇദ്ദേഹമാണ്. മലയാള പത്രങ്ങളിൽ നിരന്തരമായി ഹാസ്യ കോളങ്ങളിലേക് സംഭാവന ചെയ്തുകൊണ്ടിരുന്ന ആളാണ് മൂർക്കോത്ത് കുഞ്ഞപ്പ. "ഉരുളക്കുപ്പേരി" , "കടലാസിന്റെ കഥ" എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ സൃഷ്ടികളാണ് . മലയാള സാഹിത്യത്തിന് കുഞ്ഞപ്പയുടെ മികച്ച സംഭാവന സ്വന്തം അച്ഛന്റെ ജീവിചരിത്രമാണ്.

മൂർക്കോത്ത് രാമുണ്ണി

ശ്രീ മൂർക്കോത്ത് രാമുണ്ണി , രണ്ടാം ലോക മഹായുദ്ധത്തിൽ എയർ ഫോഴ്സ് പൈലറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മലയാളി. ശ്രീ മൂർക്കോത്ത് കുമാരന്റെ രണ്ടാമത്തെ പുത്രൻ.

അദ്ദേഹം നല്ലൊരു ക്രിക്കറ്റ് ,ഹോക്കി പ്ലെയറും ആയിരുന്നു. അന്ന് നിലനിന്നിരുന്ന ജാതി വ്യവസ്ഥക്ക് എതിരായിരുന്നു അദ്ദേഹം.ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ അന്ന് സമൂഹത്തിൽ ഉണ്ടായിരുന്ന ജാതി മത പക്ഷപാതത്തിനെതിരെ പോരാടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.

വിങ് കമാണ്ടറായി ബർമ്മ ഫ്രണ്ടിൽ പങ്കെടുത്ത് സ്വാതന്ത്ര്യ ഇന്ത്യയിൽ നെഹ്രുവിന്റെ ക്യാബിനറ്റ് സെക്രട്ടറിയേറ്റിൽ വ്യോമസേനയെ പ്രതിനിധീകരിച്ച് പ്രവർത്തിച്ചു.നേപ്പാൾ,ബംഗ്ലാദേശ്,ലക്ഷദ്വീപ്,നാഗാലാൻഡ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.തലശ്ശേരിയിലെ ധർമ്മടത്ത് സ്ഥിരതാമസമാക്കിയ രാമുണ്ണി, ഇംഗ്ലീഷിലും,മലയാളത്തിലും ഒട്ടേറെ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ഐ.എ.എസ് പദവിയോടെ റിട്ടയർ ചെയ്ത രാമുണ്ണി ഒട്ടനവധി കമ്മിറ്റികളുടെ ചെയർമാൻ ആയിരുന്നു.

Moorkoth Ramunni

മൂർക്കോത്ത് ശ്രീനിവാസൻ

Moorkoth Sreenivasan

ശ്രീ മൂർക്കോത്ത് കുമാരന്റെ ഇളയ പുത്രൻ,ശ്രീ മൂർക്കോത്ത് ശ്രീനിവാസൻ തലശ്ശേരിയിലെ പ്രശസ്തനായ അധ്യാപകൻ ആയിരുന്നു. നല്ലൊരു പ്രാസംഗികനും ഇംഗ്ലീഷ് ഭാഷയിൽ അതീവ ജ്ഞാനവും അദ്ദേഹത്തിന് ഉണ്ടായിരുന്നു.മാതൃഭൂമി വാരികയിൽ കുറെ കാലം നിരവധി കവിതകളും ,ചെറുകഥകളും എഴുതിയിട്ടുണ്ട്. കേരളത്തിലും പോണ്ടിച്ചേരിയിലും ആയി 31 വർഷത്തെ ആദ്ധ്യാപക ജീവിതത്തിൽ 24 വർഷത്തോളം ഹെഡ് മാസ്റ്റർ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തലശ്ശേരിയിലെ ഹിന്ദു ദിന പത്രത്തിന്റെ റിപ്പോട്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്.

എം.വി ദേവൻ

കേരളത്തിലെ പ്രമുഖശില്പിയും ചിത്രകാരനും എഴുത്തുകാരനും പ്രഭാഷകനുമാണ് മഠത്തിൽ വാസുദേവൻ എന്ന എം. വി. ദേവൻ (15 ജനുവരി 1928 - 29 ഏപ്രിൽ 2014) . കേരളത്തിലെ ആധുനിക ചിത്രകലാപ്രസ്ഥാനത്തിന്റെ പ്രചാരകരിൽ മുമ്പൻ.വാസ്തുശില്പ മേഖലയിൽ ലാറി ബേക്കറുടെ അനുയായി. മയ്യഴിയിലെ മലയാള കലാഗ്രാമത്തിന്റെ ഓണററി ഡയറക്ടർ.

തലശ്ശേരിക്കടൂത്ത് പന്ന്യന്നൂർ എന്ന ഗ്രാമത്തിലാണ് ദേവൻ ജനിച്ചത്. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം 1946-ൽ മദ്രാസിൽ ചിത്രകല പഠിക്കുവാനായി പോയി. മദ്രാസ് സ്കൂൾ ഓഫ് ആർട്ട് ആന്റ് ക്രാഫ്റ്റ്സിൽ ഡി.പി. റോയ് ചൗധരി, കെ.സി.എസ്. പണിക്കർ തുടങ്ങിയവരുടെ കീഴിൽ ചിത്രകല അഭ്യസിച്ചു.

ഈ ഗുരുനാഥന്മാർ അദ്ദേഹത്തിന്റെ ജീവിതത്തെയും ചിത്രകലയെയും വലിയ അളവു വരെ സ്വാധീനിച്ചു. ഈ സമയത്ത് അദ്ദേഹം എം. ഗോവിന്ദനുമായി പരിചയപ്പെട്ടു. എം.വി. ദേവന്റെ ജീവിത വീക്ഷണത്തിൽ ഈ കൂട്ടുകെട്ട് വലിയ മാറ്റങ്ങൾ വരുത്തി.

മദ്രാസിൽ നിന്ന് തിരിച്ചുവന്ന അദ്ദേഹം മാതൃഭൂമി ദിനപത്രത്തിൽ മുഴുവൻ സമയ ചിത്രകാരനായി ജോലിയിൽ പ്രവേശിച്ചു. 1952 മുതൽ 1961 വരെ മാതൃഭൂമിയിൽ ജോലി ചെയ്തു. അതിനുശേഷം മദ്രാസിൽ തിരിച്ചുപോയി ‘സതേൺ ലാങ്ഗ്വജസ് ബുക്ക് ട്രസ്റ്റ്’ എന്ന സ്ഥാപനത്തിൽ കലാ ഉപദേഷ്ടാവായി ജോലിയിൽ പ്രവേശിച്ചു. ഇവിടെ 1961 മുതൽ 1962 വരെ ജോലിചെയ്തു.

മദ്രാസ് ലളിതകലാ അക്കാദമി (1962 മുതൽ 1968 വരെ), ന്യൂഡെൽഹി ലളിതകലാ അക്കാദമി (1966 മുതൽ 1968 വരെ), എഫ്.എ.സി.ടി. (കലാ ഉപദേഷ്ടാവായി, 1968 മുതൽ 1972 വരെ) എന്നിവിടങ്ങളിൽ അദ്ദേഹം തന്റെ സർഗ്ഗ സപര്യ തുടർന്നു. 1974 മുതൽ 1977 വരെ കേരള ലളിതകലാ അക്കാദമിയുടെ അദ്ധ്യക്ഷൻ ആയിരുന്നു.

ശില്പകലയിൽ തന്റേതായ മുഖമുദ്ര പതിപ്പിച്ച അദ്ദേഹം ഏപ്രിൽ 29, 2014 നു അന്തരിച്ചു.

M V Devan

എൻ.ഇ. ബാലറാം

NE Balaram

ഭാരതത്തിലെ പല രാഷ്ട്രീയ നേതാക്കളും ഒടുവിൽ സന്യാസം വരിച്ചിട്ടുണ്ട്.എന്നാൽ എൻ.ഇ.ബാലറാമിന്റെ കഥ മറിച്ചാണ്.കേവലം പതിമൂന്നാം വയസ്സിൽ സംസ്കൃതാധ്യാപകനായ ബാലറാം സന്യാസിയാകാൻ ആഗ്രഹിച്ചു. അല്പകാലത്തിനുള്ളിൽ കഷായമുപേക്ഷിച്ചു , ദേശീയ പ്രസ്ഥാനത്തിലെത്തി.ഒടുവിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലും.അദ്ദേഹം പിൽകാലത് പാർട്ടിയുടെ പല ഉന്നത സ്ഥാനങ്ങളിലും ഇരുന്നിട്ടുണ്ട്. എം.എൽ.എ ,എം.പി ,സംസ്ഥാനമന്ത്രി എന്നീ പദവികളിലുമെത്തിയിട്ടുണ്ട്.

സഹൃദയനും പണ്ഡിതനുമായ ബാലറാം നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്.മലയാളം ,തമിഴ് ,സംസ്കൃതം , ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള അവഗാഹത്തിനു പുറമെ ബംഗാളി മുതലായ ഭാഷകളും പരിചയമുണ്ടായിരുന്നു.

തലശ്ശേരിയുടെ ഈ പ്രിയപുത്രൻ 1994 ജൂലൈ 16 ന് എഴുപത്തിനാലാം വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു.

നെട്ടൂർ പി .ദാമോദരൻ

നെട്ടൂർ പി. ദാമോദരൻ 1913 മേയ് 14, തലശ്ശേരിയിൽ ജനനം , ഒന്നാം ലോകസഭയിലെ (1952) തലശ്ശേരി നിയോജകമണ്ഡലത്തിൽ നിന്നുള്ള അംഗമായിരുന്നു. ആ സമയത്ത് ഇത് മദ്രാസ് സ്റ്റേറ്റിന്റെ ഭാഗമായിരുന്നു. ഇദ്ദേഹം പ്രതിനിധീകരിച്ചിരുന്നത് ഇപ്പോൾ നിലവിലില്ലാത്ത കിസാൻ മസ്ദൂർ പ്രജാ പാർട്ടിയെയാണ്. 42.61% വോട്ടുകളോടെയാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. നല്ല പാർലമെന്റേറിയൻ, പത്രപ്രവർത്തകൻ, പരോപകാരി, പരിഷ്കാരോന്മുഖൻ, എഴുത്തുകാരൻ എന്നീ നിലകളിൽ ഇദ്ദേഹം പ്രശസ്തനായിരുന്നു. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ഇദ്ദേഹം ഫിസിക്സിൽ ബിരുദം കരസ്ഥമാക്കിയിരുന്നു. ഇവിടെവച്ചാണ് ഇദ്ദേഹത്തിന്റെ പൊതുജീവിതം ആരംഭിച്ചത്. കോളേജ് കൗൺസിലിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ സ്റ്റുഡന്റ് യൂണിയൻ ചെയർമാനെന്ന സ്ഥാനം 1935-ൽ ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.

കുറച്ചുകാലം ഇദ്ദേഹം പത്രപ്രവർത്തകനായി ജോലി ചെയ്തിരുന്നു. ആദ്യം ഫ്രീ പ്രസ്സ് ജേണൽ, പിന്നീട് മാതൃഭൂമിയുടെ മുംബൈ പ്രതിനിധി എന്നിവിടങ്ങളിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. 1960-കളുടെ തുടക്കത്തിൽ കോഴിക്കോട് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'ദിനപ്രഭ' എന്ന ദിനപ്പത്രത്തിന്റെ പത്രാധിപരായും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. 1963-66 കാലഘട്ടത്തിൽ ഇദ്ദേഹം ഇന്ത്യാ ഗവണ്മെന്റിന്റെ ആഭ്യന്തര മന്ത്രാലയത്തിൽ ഷെഡ്യൂൾഡ് കാസ്റ്റുകളുടെയും ട്രൈബുകളുടെയും ക്ഷേമത്തിനായുള്ള ഓഫീസർ എന്ന പദവി വഹിച്ചിരുന്നു. ഈ ജോലിക്കായി ഇദ്ദേഹം ഇൻഡ്യ ആകമാനം യാത്ര ചെയ്തിരുന്നു. ഈ യാത്രകളെപ്പറ്റി ധാരാളം യാത്രാവിവരണങ്ങളും ഇദ്ദേഹം എഴുതിയിരുന്നു. 1967-ൽ ഇദ്ദേഹത്തെ പിന്നോക്ക വിഭാഗ സംവരണ കമ്മീഷന്റെ ചെയർമാനായി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ഇടതു ജനാധിപത്യ മുന്നണി സർക്കാർ നിയമിക്കുകയുണ്ടായി. 1970-ൽ കമ്മീഷൻ റിപ്പോർട്ട് നൽകുന്നതുവരെ ഇദ്ദേഹം ഈ സ്ഥാനത്ത് തുടർന്നു. നെട്ടൂർ കമ്മീഷൻ റിപ്പോർട്ട് എന്നറിയപ്പെടുന്ന ഈ രേഖ സംസ്ഥാനത്ത് പല രാഷ്ട്രീയ യുദ്ധങ്ങൾക്കും കാരണമാകുകയുണ്ടായി.

ഇൻഡ്യൻ സ്വാതന്ത്ര്യസമരത്തിന്റെ രജതജൂബിലിയോടനുബന്ധിച്ച് ഇദ്ദേഹത്തിന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി "താമ്രപത്രം" നൽകുകയുണ്ടായി.

Nettur P Damodaran

ഒ. ചന്തുമേനോൻ

O Chandu Menon

മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ എന്ന് വിശേഷിപ്പിക്കുന്ന ഇന്ദുലേഖയുടെ കർത്താവാണ് ഒയ്യാരത്ത് ചന്തുമേനോൻ. ഒറ്റ നോവൽ കൊണ്ടുതന്നെ മലയാളസാഹിത്യചരിത്രത്തിൽ സമുന്നതസ്ഥാനം വഹിക്കുന്നു അദ്ദേഹം. രണ്ടാമത്തെ നോവലായ ശാരദയും വായനക്കാരുടെയും നിരൂപകരുടെയും മുക്തകണ്ഠപ്രശംസയ്ക്ക് പാത്രമായി. ചന്തുമേനോൻ ശാരദയുടെ ഒന്നാംഭാഗമേ എഴുതാൻ സാധിച്ചുള്ളൂ.

1847 ജനുവരി 9-ന് പ്രമാണിത്വമുള്ള കുടുംബത്തിലാണ് ചന്തുമേനോൻ ജനിച്ചത്. അച്ഛൻ ഉത്തരകേരളത്തിലെ കോട്ടയം താലൂക്കിൽ തലശ്ശേരി നഗരത്തിന് സമീപം പിണറായി അംശം കെളാലൂർ ദേശത്ത്, എടപ്പാടി ചന്തുനായർ. അദ്ദേഹം ആദ്യം പോലീസ് ആമീനും പിന്നീട് പലയിടങ്ങളിലായി തഹസിൽദാരും ആയി ജോലിനോക്കി. അമ്മ കൊടുങ്ങല്ലൂർ ചിറ്റെഴുത്ത് ഭവനത്തിലെ പാർവ്വതിയമ്മ. രണ്ടു പെണ്മക്കളും മൂന്ന് ആണ്മക്കളും ഉള്ളതിൽ ഇളയതായിരുന്നു ചന്തുമേനോൻ. ചന്തുനായർ കുറുമ്പ്രനാട് താലൂക്കിൽ നടുവണ്ണൂരിൽ താമസിച്ച് അവിടത്തെ തഹസിൽദ്ദാരായി ജോലിനോക്കുന്ന കാലത്താണ് ചന്തുമേനോൻ ജനിക്കുന്നത്. അവിടെനിന്ന് കോവിൽക്കണ്ടിയിലേക്ക് (ഇന്നത്തെ കൊയിലാണ്ടി) ചന്തുനായർക്ക് സ്ഥലംമാറ്റം കിട്ടി. അവിടെ കോതമംഗലം ക്ഷേത്രത്തിനടുത്തുള്ള വീട്ടിലായിരുന്നു ചന്തുമേനോന്റെ ബാല്യം. വിദ്യാരംഭം കഴിഞ്ഞ് അദ്ദേഹം കോരൻ കുരിക്കൾ എന്ന നാട്ടെഴുത്തച്ഛന്റെ കീഴിൽ പഴയ സമ്പ്രദായത്തിൽ പഠിച്ചുവരെ കോട്ടയം താലൂക്കിലേക്ക് ചന്തുനായർക്ക് മാറേണ്ടിവന്നു. അങ്ങനെ തലശ്ശേരിയിൽ തിരുവങ്ങാട്ടെ ഒയ്യാരത്ത് വീട്ടിൽ താമസമായി. ആ വഴിക്കാണ് ഒയ്യാരത്ത് ചന്തുമേനോൻ എന്ന് പേര് സിദ്ധിക്കുന്നത്. കുഞ്ഞമ്പുനമ്പ്യാർ എന്ന വിദ്വാന്റെ കീഴിൽ കാവ്യാലങ്കാദികൾ പഠിച്ച് സംസ്കൃതത്തിൽ സാമാന്യപാണ്ഠിത്യം നേടി. കവിയായിരുന്ന നാരങ്ങോളി ചിറക്കൽ കുഞ്ഞിശങ്കരൻ നമ്പിയാരുമായി ബന്ധം അദ്ദേഹത്തെ സാഹിത്യരസികനാക്കി. ചന്തുനായർക്ക് വീണ്ടും കോവിൽക്കണ്ടിക്ക് സ്ഥലം മാറ്റം ഉണ്ടായപ്പോൾ അവിടത്തെ ഒരു ഇംഗ്ലീഷ് സ്കൂളിൽ ചേർത്തുപഠിപ്പിച്ചു. അക്കാലത്ത് സർക്കാർ ഉദ്യോഗസ്ഥർക്ക് ഹിന്ദി ആവശ്യമായിരുന്നതിനാൽ അതു പഠിപ്പിക്കാനും ഏർപ്പാടുചെയ്തു.

1857-ൽ 57-ആം വയസ്സിൽ പ്രമേഹരോഗത്താൽ ചന്തുനായർ മരിച്ചു. മൂത്തജ്യേഷ്ഠനായ ശങ്കരമേനോനും ആ വർഷം മേടത്തിൽ തന്റെ 19-ആം വയസ്സിൽ വസൂരിബാധിച്ച് മരണമടഞ്ഞു. അദ്ദേഹം സരസകവിയും ദ്വിഭാഷാപണ്ഡിതനുമായിരുന്നു. ശങ്കരമേനോന്റെ മരണശേഷം കുടുംബം തിരികെ തലശ്ശേരിയിലേക്ക് മാറി. ബാസൽ മിഷൻ നടത്തിയിരുന്ന തലശ്ശേരി പാർസി സ്കൂളിൽ ചന്തുമേനോൻ പഠിത്തം തുടർന്നു. സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കെ സ്വന്തം നിലയിൽ പഠിച്ച് ഇംഗ്ലീഷിലും സംസ്കൃതത്തിലും പ്രാവീണ്യം നേടി. അൺകവനന്റ് സിവിൽ സർവ്വീസ് പരീക്ഷയിൽ ഇംഗ്ലീഷിൽ ഉന്നതനിലയിൽ ജയിച്ച ചന്തുമേനോൻ മെട്രിക്കുലേഷനു ചേർന്നു. തലശ്ശേരി സ്മാൾക്കാസ് കോടതിയിൽ ജഡ്ജി മി. ജെ.ആർ. ഷാർപ്പ് ചന്തുമേനോന്റെ കഴിവറിഞ്ഞ് അവിടത്തെ ആറാം ഗുമസ്തനായി നിയോഗിച്ചു. 1864-ൽ അങ്ങനെ ആദ്യമായി അദ്ദേഹം സർക്കാരുദ്യോഗത്തിലെത്തി.

പി.വി കുഞ്ഞിരാമൻ

സ്വാതന്ത്ര്യസമരസേനാനിയും ട്രേഡ് യൂണിയൻ നേതാവും രാഷ്ട്രീയ പ്രവർത്തകനുമായ പുതിയവീട്ടിൽ കുഞ്ഞിരാമന്റെ ജീവിതം സമരങ്ങളുടെ ഒരു ഘോഷയാത്രയാണ്.

1942 ക്വിറ്റ് ഇന്ത്യ സമരം കൊടുമ്പിരികൊള്ളുന്നു .കതിരൂർ ഹൈസ്കൂളിലെ എട്ടാംതരം വിദ്യാർത്ഥിയായ കുഞ്ഞിരാമനായിരുന്നു ക്ലാസ്സിലെ നേതാവ്. തായാട്ട് ശങ്കരൻ, എം.പി ഗോവിന്ദൻ നമ്പ്യാർ, ഭട്ടത്തിരിപ്പാട് തുടങ്ങിയ സീനിയർ വിദ്യാർത്ഥികളുടെ ഉശിരൻ നേതൃത്വത്തിൽ ദിവസങ്ങളോളം പഠനം സ്തംഭിപ്പിക്കാൻ സാധിച്ചു.

1944 ലാണ് ഇദ്ദേഹം റോയൽ ഇന്ത്യൻ നേവിയിൽ ചേർന്നത്. ട്രെയിനിങ്ങും എഡ്യൂക്കേഷൻ ടെസ്റ്റും വിജയകരമായി പൂർത്തിയാക്കിയതിനാൽ മൂന്നുമാസത്തെ പ്രത്യേക സബ് മറൈൻ ഡിറ്റക്ടർ കോഴ്സിന് പ്രവേശനാനുമതി ലഭിച്ചു.പരിശീലനം അവസാനിച്ചയുടനെ ബർമ്മയുദ്ധത്തിനു പുറപ്പെട്ടു.

കേരളത്തിൽ തിരിച്ചെത്തിയതിന് ശേഷം മുഴുവൻ സമയവും തലശ്ശേരി താലൂക്കിൽ പാർട്ടി പ്രവർത്തനത്തിനായി ഉഴിഞ്ഞുവെച്ചു.ആയിടയ്ക്കാണ് മാഹി വിമോചന സമരത്തിന്റെ തുടക്കം.സമരത്തിലെ ആദ്യാവസാന പങ്കാളിയായിരുന്നു കുഞ്ഞിരാമൻ. 1955 ആഗസ്റ്റ് മാസം ഗോവ വിമോചന സമരത്തിൽ പങ്കെടുക്കാൻ മലബാറിൽനിന്നും പുറപ്പെട്ട കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംഘത്തലവൻ പി.വി കുഞ്ഞിരാമനായിരുന്നു.

തലശ്ശേരി താലൂക്കിൽ കശുവണ്ടിത്തൊഴിലാളികളായ സ്ത്രീകളെ സംഘടിപ്പിച്ചു ആദ്യമായി സമരം നടത്തിയത് പി.വി യുടെ നേതൃത്വത്തിൽ ആയിരുന്നു.ഒരു ഇന്ത്യൻ സ്വാതന്ത്യ്ര സമരഭടന്റെ ആനുകൂല്യങ്ങൾ അനുഭവിച്ചു സുഖകരമായ ജീവിതം നയിക്കാൻ പി.വി ഇഷ്ടപ്പെടുന്നില്ല.

PV Kunhiraman

പി.എസ് കരുണാകരൻ

ps karunakaran

1937 ൽ തലശ്ശേരിയിൽ ജനിച്ചു.32 വർഷം സ്കൂൾ ഓഫ് ഫൈൻ ആർട്സ് തലശ്ശേരിയുടെ പ്രിൻസിപ്പൽ ആയിരുന്നു. സി.വി ബാലൻ മാസ്റ്ററുടെ ശിഷ്യനായി ബ്രണ്ണൻ ഹൈ സ്കൂളിൽ ഉണ്ടായിരുന്നു.ഗ്രാഫിക്സിലും ലിത്തോഗ്രാഫിയിലും മദ്രാസ് കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്നും പരിശീലനം നേടിയിട്ടുണ്ട്.

ശാരദാകൃഷ്ണയ്യർ ഫൈൻ ആർട്സ് സൊസൈറ്റി നടത്തിയ അഖിലേന്ത്യ എക്സിബിഷനിൽ ഗേറ്റുകൾ മുഴുവൻ ഡിസൈൻ ചെയ്തത് ഇദ്ദേഹം ആയിരുന്നു.1996 ൽ കേരള ചിത്രകലാ പരിഷത്ത് പുരസ്കാര പത്രം നൽകി ആദരിച്ചിട്ടുണ്ട്.2003 ൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ,തലശ്ശേരിയും 2006 ൽ ലളിതകലാ അക്കാഡമിയും ആദരിച്ചിട്ടുണ്ട്.

2015 ഏപ്രിൽ 8 ന് അദ്ദേഹം നിര്യാതനായി.

പിണറായി വിജയൻ

കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കരുത്തുറ്റ നേതാവ്.തലശ്ശേരിയിലെ പിണറായിലെ പാറപ്രത്ത് 1944 മാർച്ച് 21 ന് ജനിച്ചു.സി.പി.എം പോളിറ്റ് ബ്യുറോ അംഗം.1998 മുതൽ 2015 വരെ സി.പി.ഐ.എം ജനറൽ സെക്രട്ടറി ആയിരുന്നു.

സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ ശേഷം കുറച്ചുകാലം കൈത്തറി വസ്ത്ര നിർമ്മാണത്തിൽ ഏർപ്പെട്ട അദ്ദേഹം പിന്നീട് ബ്രണ്ണൻ കോളേജിൽനിന്നും പ്രീ ഡിഗ്രിയും ,ഡിഗ്രിയും പൂർത്തിയാക്കി.വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ്.1964 കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു.കേരള സ്റ്റുഡന്റസ് ഫെഡറേഷന്റെ പ്രസിഡന്റും സെക്രെട്ടറിയും ആയിരുന്നു. കേരള സ്റ്റേറ്റ് യൂത്ത് ഫെഡറേഷന്റെയും പ്രസിഡണ്ട് ആയി പ്രവർത്തിക്കുകയുണ്ടായി. 1970 , 1977 , 1991 , 1996 എന്നിങ്ങനെ 4 വർഷം കേരള നിയമസഭയിലേക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1996 - 98 കാലഘട്ടത്തിൽ മന്ത്രിയായിരുന്നു.

pinarayi vijayan

ആർ.കെ കൃഷ്ണകുമാർ

RK Krishna Kumar

ബ്രിട്ടീഷ് തേയില കമ്പനിയായ ടെറ്റ്ലി ടാറ്റ ടീ യിൽ ലയിച്ചതോടെ ടാറ്റ ടെറ്റ്ലി ലോകത്തിലെ രണ്ടാമത്തെ തേയില കമ്പനിയായി രൂപാന്തരപ്പെടുന്നത്. ഇതിന്റെ മുഖ്യകാർമ്മികത്വം വഹിച്ചത് ആർ .കെ കൃഷ്ണകുമാറാണ്.

35000 കോടി രൂപയുടെ ആസ്തിയും 80 ഓളം കമ്പനികളുമുള്ള രത്തൻ ടാറ്റ ചെയർമാനുമായ ടാറ്റ സൺസിന്റെ ഡയറക്ടർ എന്ന അസൂയാവഹമായ പദവിയിലെത്തിയ കൃഷ്ണകുമാർ മദ്രാസിൽ പോലീസ് കമ്മീഷണർ ആയിരുന്ന ചൊക്ലി നിവാസി ആർ.കെ സുകുമാരന്റെയും , മൂർക്കോത്ത് തറവാട്ടിലെ സരോജിനിയുടെയും മകനാണ്.

മദ്രാസ് ലയോള കോളേജില്നിന്നും ബി.എ ബിരുദവും ,പ്രസിഡൻസി കോളേജില്നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ശേഷമാണു 1963 ൽ ടാറ്റ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ അദ്ദേഹം ചേർന്നത്. ടാറ്റ ഗ്രൂപ്പിൽ എത്തിയ ശേഷം അദ്ദേഹം ചവിട്ടിക്കയറിയ പടവുകൾ ഏറെയാണ് . ടാറ്റ ടീയുടെ വൈസ് ചെയർമാൻ , ടെറ്റ്ലി ഗ്രൂപ്പിന്റെയും ടാറ്റ കോഫിയുടെയും ചെയർമാൻ, ടാറ്റ ഇന്റർനാഷണൽ , ടാറ്റ ഇൻഡസ്ട്രീസ് എന്നിവയുടെ ഡയറക്ടർ ബോർഡ് അംഗം .1991 ൽ ടാറ്റ ടീയുടെ എം.ഡി ആയി നിയമിതനായ കൃഷ്ണകുമാർ 1997 ൽ താജ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസിന്റെ എം.ഡി ആയും നിയമിക്കപ്പെടുകയുണ്ടായി. ടാറ്റ സൺസിന്റെ ഉന്നത പീഠത്തിലിരിക്കുന്ന നാലാമത്തെ മലയാളിയാണ് ആർ.കെ കൃഷ്ണകുമാർ .

രമേഷ് നാരായൺ

മലയാളിയായ ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഗായകനും ചലച്ചിത്രസംഗീതസംവിധായകനുമാണ് രമേഷ് നാരായൺ(ജനനം: നവംബർ 3 1959) . ഗർഷോം, ഇലയും മുള്ളും, മഗ്രിബ്, മേഘ മൽഹാർ, മകൾക്ക്, അന്യർ, ശീലാബതി എന്നീ ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ഇദ്ദേഹമാണ്.

മേവതി ഘരാനയിലെ പണ്ഡിറ്റ് ജസ്രാജിന്റെ ശിഷ്യനായിരുന്നു.

ramesh narayan

വിപ്ലവവീര്യം നെഞ്ചിലേറ്റിയ സഹോദരിമാർ

Kamala Suguna Swarna

സ്വാതന്ത്ര്യസമരത്തിന്റെ തീവ്രവികാരം ഇന്ത്യക്കാരന്റെ സിരകളിൽ പടർന്നുകയറുന്നകാലം.വിപ്ലവവീര്യം നെഞ്ചിലേറ്റി സമരരംഗത്തേക്ക് ധീരമായി കടന്നുവന്ന തലശ്ശേരിയിലെ വൈദ്യർ കുടുംബത്തിലെ സഹോദരികൾ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അപൂർവ്വ നക്ഷത്രങ്ങളാണ് .

ഒ.വി റോഡ് ചിത്രവാണി തിയേറ്ററിനടുത്ത് വള്ളോത് തറവാട്ടിലെ ഡോ. കുഞ്ഞിക്കോരു വൈദ്യരുടെയും പനോളി മാണിക്കോത്ത് രോഹിണിയുടെയും മക്കളായ കമലം,സ്വർണ്ണം,സുഗുണ എന്നിവർ മലബാറിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് ആവേശം പകർന്ന സ്ത്രീ സാന്നിദ്ധ്യമായി.

സൈമൺ കമ്മീഷനെ ബഹിഷ്കരിച്ച ജനമുന്നേറ്റത്തിൽ പങ്കുകൊണ്ടാണ് പിൽക്കാലത്ത് കമലാ കോബ്രബൈൽ എന്നറിയപ്പെട്ട വൈദ്യരുടെ മൂത്തമകൾ പി.എം കമലാ ദേവി ദേശീയ പ്രസ്ഥാനത്തിലേക്ക് കടന്നുവന്നത്.

നിസഹകരണ പ്രസ്ഥാന നേതാക്കളെ ജയിലിലടച്ചപ്പോൾ സാമുവൽ ആരോൺ അപേക്ഷിച്ചതനുസരിച്ചാണ് ഡോ.എം.കെ വൈദ്യർ മക്കളെ അവരുടെ മുത്തശ്ശി പി.കുഞ്ഞുചിരുത അമ്മാളുവിനോടൊപ്പം കേരളത്തിലെ സ്വാതന്ത്ര്യ സമരത്തിന് ആവേശം നൽകാൻ അയച്ചത്.മുത്തശ്ശിയോടൊപ്പം കണ്ണൂരിലെത്തിയ സഹോദരിമാർ സ്വാതന്ത്ര്യ സമര പരിപാടികളിൽ സജീവമായി.

ഗുരുവായൂർ സത്യാഗ്രഹം നടന്നപ്പോൾ എ.കെ.ജി യെ അറസ്റ്റ് ചെയ്തപ്പോൾ കമലാവതിയെയാണ് സത്യാഗ്രഹികൾ തെരഞ്ഞെടുത്തത്. "ക്വിറ്റ് ഇന്ത്യ" സമരത്തിൽ അതിർത്തി ഗാന്ധി ഖാൻ അബ്ദുൽ ഗഫാർ ഖാന്റെ സഹോദരൻ ഖാൻ സാഹിബിന്റെ പത്നി സോഫിയക്കൊപ്പമാണ് കമലാദേവി അറസ്റ്റ് വരിച്ചത്.തുടർന്നു എസ്.എ ഡാങ്കെയുടെ കീഴിൽ ട്രേഡ് യൂണിയൻ രംഗത്തിറങ്ങി. പ്രമുഖ കോൺഗ്രസ്സ് നേതാവും പത്രപ്രവർത്തകനുമായ ശങ്കർ റാവു കമലാദേവിയെ വിവാഹം കഴിച്ചു. സഹോദരി സ്വർണ്ണം നിയമലംഘനത്തിന് അറസ്റ്റ് ചെയ്യപ്പെട്ട 18 മാസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. വ്യവസായിയായ കായ്യത് ദാമോദരൻ ആണ് വിവാഹം കഴിച്ചത്.

ഇളയ സഹോദരി സുഗുണ 14 വയസ്സിൽ മുംബൈയിൽ ദേശീയ പ്രസ്ഥാനത്തിൽ പങ്കെടുത്തുതുടങ്ങിയിരുന്നു.

സഞ്ജയൻ

മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യസാഹിത്യകാരൻ മാണിക്കോത്ത് രാമുണ്ണിനായർ എന്ന സഞ്ജയൻ തിരുവങ്ങാട്ടുള്ള ഒതയോത്ത് വീട്ടിൽ ജനിച്ചു. കോഴിക്കോട്ട് ക്രിസ്ത്യൻ കോളേജിൽ ലക്ച്ചർ ആയിരുന്നു. "ആദ്യോപഹാരം" ," ഹാസ്യഞ്ജലി " എന്നീ കവിതാ സമാഹാരങ്ങളും ഹാസ്യലേഖനങ്ങളുടെ സമാഹാരവും ഒഥല്ലോവിന്റെ തർജ്ജമയും പ്രസിദ്ധീകരിച്ചു. "സഞ്ജയൻ " വിശ്വരൂപം എന്ന മാസികയുടെ പത്രാധിപനായിരുന്നു.

1943 സെപ്റ്റംബർ 13 ന് അദ്ദേഹം നിര്യാതനായി.

Sanjayan

ശാരദ കൃഷ്ണയ്യർ

1925 നവംബർ 10 ന് ഡിസ്ട്രിക്ട് ജഡ്ജ് പി.വി പരമേശ്വര ഐയ്യരുടെയും കമലാ ഭായ് അമ്മാളിന്റെയും മകളായി ദേവക്കോട്ടയിൽ ജനിച്ചു.പഠനകാലത്ത് തന്നെ സംഗീതത്തിലും സ്പോർട്സിലും അതീവതാല്പര്യം കാണിച്ചിരുന്നു.1941 ജനുവരിയിൽ അഭിഭാഷകനായ വി.ആർ കൃഷ്ണയ്യരെ വിവാഹംചെയ്തു.ഒരു നിഴലെന്ന പോലെ കൃഷ്ണയ്യരുടെ ജീവിതത്തെ അവർ പിന്തുടർന്നു.മഹാനായ ഓരോ പുരുഷന്റെയും ജീവിത വിജയത്തിനുപിന്നിൽ ഒരു സ്ത്രീ ഉണ്ടെന്നു പറയാറുണ്ട്. ജസ്റ്റിസ് കൃഷ്ണയ്യരെ സംബന്ധിച്ചിടത്തോളം ഇത് തികച്ചും അന്വർത്ഥമായിരുന്നു.

പ്രഗത്ഭനായ അഭിഭാഷകൻ,ആദർശനിഷ്ഠയുള്ള രാഷ്ട്രീയ പ്രവർത്തകൻ,ഭരണനിപുണനായ മന്ത്രി,സാമൂഹ്യ പ്രതിബദ്ധതയുള്ള ന്യായാധിപൻ,സർവോപരി മനുഷ്യ സ്നേഹി എന്നീ നിലകളിൽ പ്രശോഭിക്കുവാൻ കഴിഞ്ഞ കൃഷ്ണയ്യരുടെ ജീവിതത്തിന്റെ ശക്തി കേന്ദ്രമായിരുന്നു ശാരദ കൃഷ്ണയ്യർ .എല്ലാ രംഗങ്ങളിലും ഭർത്താവിന് താങ്ങും തണലുമായിരുന്നു അവർ.ഭർത്താവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽകൂടി അവർ സജീവമായ പങ്കുവഹിച്ചിരുന്നു.

കേരള ഫൈൻ ആർട്സ് സൊസൈറ്റിയുടെ മാനേജിങ് കമ്മിറ്റി അംഗമായും,ആകാശവാണിയുടെ തിരുവനന്തപുരം ഡൽഹി നിലയങ്ങളിലെ 'ശ്രവണസമിതി' അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ദേശീയമായ പ്രതിസന്ധിഘട്ടങ്ങളിലും പ്രകൃതി ക്ഷോഭമുണ്ടായ സന്ദർഭങ്ങളിലും പകർച്ചവ്യാധികൾ പടർന്നു പിടിച്ചപ്പോഴും കഷ്ടത അനുഭവിച്ച ജനങ്ങളെ സഹായിക്കുവാൻ അവരുടെ നേതൃത്വത്തിലുള്ള മഹിളാ സംഘടനകൾ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ കേരളശാഖ പ്രസിഡന്റായും അവർ പ്രവർത്തിച്ചിട്ടുണ്ട്.ഇന്തോ-സോവിയറ്റ് സാംസ്കാരിക സംഘടനയുടെയും ലോകസമാധാന പ്രസ്ഥാനത്തിന്റെയും സജീവപ്രവർത്തകയായിരുന്നു ശാരദ കൃഷ്ണയ്യർ .1958 ൽ സ്റ്റോക്ക് ഹോമിൽ കൂടിയ ലോകസമാധാന സമ്മേളനത്തിൽ ഒരു ഡെലിഗേറ്റ് ആയി അവർ പങ്കെടുത്തിട്ടുണ്ട്.

സത്യം,കൃത്യനിഷ്ഠ,പരോപകാരതല്പരത ഈ ഗുണങ്ങൾ ഉള്ള ആൾ 'നല്ല മനുഷ്യൻ' എന്നുള്ള സ്വാമി വിവേകാനന്ദന്റെ മഹത് വചനം ശ്രീമതി ശാരദ കൃഷ്ണയ്യരുടെ കാര്യത്തിൽ അക്ഷരം പ്രതി ശരി തന്നെയാണ്. ഒരു യഥാർത്ഥ മനുഷ്യസ്നേഹിയായ അവരെ ഉച്ചനീചത്വങ്ങൾ ഒന്നും തന്നെ തീണ്ടിയിരുന്നില്ല.സാമൂഹ്യ സേവനങ്ങൾ നിശബ്ദമായി ചെയ്യുന്ന ഒരാളായിരുന്നു അവർ.അനിതര സാധാരണമായ സാമർത്ഥ്യവും ബുദ്ധിശക്തിയും ,കർമ്മകുശലതയും അവരിൽ എപ്പോഴും തിളങ്ങി നിന്നിരുന്നു.

ഒരു നല്ല സംഗീതജ്ഞയും ,സ്പോർട്സിൽ അതീവ തല്പരയുമായിരുന്നു അവർ.

അനേകം സ്ത്രീകൾക്ക് അഭയം നൽകിക്കൊണ്ട് എറണാകുളത്ത് നല്ല നിലയിൽ പ്രവർത്തിക്കുന്ന വർക്കിംഗ് വിമൻസ് ഹോസ്റ്റൽ ശാരദ കൃഷ്ണയ്യരുടെ നിസ്വാർത്ഥമായ സാമൂഹ്യസേവനത്തിന്റെ പ്രതീകമായി ഇന്നും തല ഉയർത്തി നിൽക്കുന്നു.

sarada krishna iyer

ശ്രീനിവാസൻ

Sreenivasan

മലയാള സിനിമയുടെ അഭിവാജ്യ ഘടകം , ശ്രീനിവാസൻ. നടൻ,സംവിധായകൻ,തിരക്കഥാകൃത് അങ്ങനെ സകലകലാവല്ലഭൻ. 50 ഓളം സിനിമയുടെ തിരക്കഥ രചിച്ചിട്ടുണ്ട്.200 ലധികം സിനിമകളിൽ അഭിനയിച്ചു.

1953 ഏപ്രിൽ 4 ന് തലശ്ശേരിയിലെ പാട്യത്തിൽ ജനനം.അദ്ദേഹത്തിന്റെ പിതാവ് ഉണ്ണി ഒരു സ്കൂൾ അധ്യാപകനും സർപോവപരി ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റും ആയിരുന്നു.അമ്മ ലക്ഷ്മി.കതിരൂർ ഗവ ഹൈ സ്കൂളിലും , മട്ടന്നൂർ എൻ.എസ്.എസ് കോളേജിലുമായി പഠനം പൂർത്തിയാക്കിയ അദ്ദേഹം 1977 ൽ മദ്രാസ് ഫിലിം ചേംബർ ഇൻസ്റ്റിട്യൂട്ടിൽ നിന്നും അഭിനയത്തിൽ ഡിപ്ലോമ കരസ്ഥമാക്കി.

അതേ വർഷം തന്നെ പി.എ ബക്കർ സംവിധാനം ചെയ്ത 'മണിമുഴക്കം' എന്ന സിനിമയിലൂടെ സിനിമ ലോകത്തേക്ക്.മദ്രാസ് ഫിലിം ഇൻസ്റ്റിട്യൂട്ടിൽ വൈസ് പ്രിൻസിപ്പൽ ആയിരുന്ന എ.പ്രഭാകരൻ സംവിധാനം ചെയ്ത 'മേള' എന്ന സിനിമയിൽ അഭിനയിച്ചു.പിന്നീട് ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത അദ്ദേഹം 1984 ൽ തൻ്റെ ആദ്യ സിനിമ രചിച്ചു, 'ഓടരുതമ്മാവാ ആളറിയാം'. നടൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങൾ 'വരവേല്പ്','ഗാന്ധിനഗർ 2nd സ്ട്രീറ്റ്','നാടോടിക്കാറ്റ് ' എന്നിവയാണ്. 'വടക്ക് നോക്കി യന്ത്രം','ചിന്താവിഷ്ടയായ ശ്യാമള' എന്നീ ചിത്രങ്ങളിലൂടെ ശ്രീനിവാസൻ തൻ്റെ സംവിധാനമികവും തെളിയിച്ചു.

വിമല ആണ് ഭാര്യ,വിനീത് ശ്രീനിവാസൻ , ധ്യാൻ ശ്രീനിവാസൻ എന്നിവർ മക്കളാണ്. രണ്ടുപേരും മലയാള സിനിമ ലോകത്തെ പുതുതലമുറയിലെ ശോഭിക്കുന്ന താരങ്ങൾ ആണ്.

സുബൈർ

രണ്ട് ദശാബ്ദകാലം മലയാള സിനിമയിൽ നിറഞ്ഞുനിന്ന താരം.200 ഓളം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

തലശ്ശേരിയിലെ പാനൂരിൽ സുലൈമാന്റെയും ആയിഷയുടെയും മകനായി ജനനം. 28 ആം വയസ്സിൽ സിനിമ പ്രൊഡ്യൂസർ ആയിട്ടായിരുന്നു കടന്നുവരവ്.തൻ്റെ 4 സുഹൃത്തുക്കളോടൊപ്പം നിർമ്മിച്ച സിനിമ നിർഭാഗ്യവശാൽ റിലീസ് ചെയ്യാൻ സാധിച്ചില്ല. 1991 ൽ 'ഭരതം' എന്ന മോഹൻലാൽ ചിത്രത്തിലൂടെ നടൻ എന്ന നിലയിൽ തുടക്കം.ജോഷി സംവിധാനം ചെയ്ത 'ലേലം'എന്ന സിനിമയിലെ 'കടയാടി തമ്പി' എന്ന കഥാപാത്രം അദ്ദേഹത്തിന് വലിയ ഒരു വഴിത്തിരിവായിരുന്നു. 'ദി ടൈഗർ', 'ഭരത്ചന്ദ്രൻ IPS ' , പതാക എന്നീ സിനിമകളിലെ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു. നിരവധി ടി.വി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

2010 ഓഗസ്റ്റ് 10 ന് ഹൃദയസ്തംഭനത്തെത്തുടർന്ന് അദ്ദേഹം നിര്യാതനായി.

subair

SWAMI ANANDATEERTHAN

swami anandatheerthan

സ്വാമി ആനന്ദതീർത്ഥനെ അനുസ്മരിക്കുമ്പോഴൊക്കെ ഓർമ്മപഥത്തിൽ പെട്ടെന്നു പൊട്ടി വിടരാറുള്ളത് പയ്യന്നൂരിന്റെ സംസ്കൃതപ്രതിഭ വിദ്വാൻ എ.കെ കൃഷ്ണൻമാസ്റ്ററുടെ പരാമർശമാണ്. സ്വാമിജിയുടെ എഴുപത്തഞ്ചാം പിറന്നാളിന് ജന്മനാടായ തലശ്ശേരി ഹൃദയപൂജ ഒരുക്കിയപ്പോൾ അദ്ദേഹം ഇങ്ങനെ പ്രസംഗിച്ചു . നാരായണഗുരു ആനന്ദതീർത്ഥന് കാവി മുക്കി നൽകിയത് ഗാന്ധിജിയുടെ ഖദറാണ്. വേണ്ടിവന്നാൽ ഹരിജനങ്ങളെക്കൊണ്ട് ആയുധമെടുപ്പിക്കാൻപോലും തയ്യാറാണെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ സന്യാസി വര്യൻ ആണ് അദ്ദേഹം .

കോളേജ് വിദ്യാഭ്യാസകാലത്ത് തന്നെ ദേശീയ പ്രസ്ഥാനത്തിന്റെ ആകർഷണവലയത്തിൽപ്പെട്ട ഷേണായി എന്ന അദ്ദേഹം പ്രശസ്തമായ നിലയിൽ ബി.എ ഓണേഴ്സ് ബിരുദം നേടിയശേഷം ചക്രവർത്തി രാജഗോപാലാചാരിയുടെ നിർദ്ദേശമനുസരിച്ച് ഒലവക്കോട്ടെ ടി.ആർ കൃഷ്ണസ്വാമി അയ്യരുടെ ശബരിആശ്രമത്തിലാണ് എത്തിച്ചേർന്നത് . 1927 ൽ ശിവരാത്രിനാളിൽ അധഃകൃത സമുദായത്തിൽപ്പെട്ട കുട്ടികളുമൊത്ത് ആശ്രമത്തിനു സമീപമുള്ള അമ്പലത്തിലെ ഉത്സവത്തിനു ചെന്ന ഷേണായിയെ ജാതിഹിന്ദുക്കൾ വളഞ്ഞു പൊതിരെത്തല്ലി .

ഹിന്ദുക്കളുടെ മതവിശ്വാസത്തിന്റെ ആണിക്കല്ല് അയിത്തവും ജാതിയുമാണെന്നു തന്നെ ബോധ്യപ്പെടുത്തിയ ഒരു സംഭവം വർണ്ണിക്കുന്നുണ്ട്. തലശ്ശേരിയിൽ നിന്ന് സബർമതി ആശ്രമത്തിലേക്ക് 1928 ഫെബ്രുവരിയിൽ ഒരു ഏകാന്തപദയാത്രയ്ക്ക് മുതിർന്ന അദ്ദേഹം മഹാരാഷ്ടയിലെ രത്നഗിരി ഗ്രാമത്തിൽ എത്തിയത് ഒരു പകലിലാണ് ദാഹംകൊണ്ട് പരവശനായപ്പോൾ അവിടത്തെ ഹരിജനങ്ങളുടെ കുടിലുകളിൽ കയറി വെള്ളം ചോദിച്ചു.എന്നാൽ ഉയർന്ന ജാതിക്കാരന് വെള്ളം നൽകുന്നത് പീഡിത സമൂഹത്തെ തെറ്റായി ധരിപ്പിച്ചിരുന്നത്.കിണറിൽ നിന്ന് സ്വയം വെള്ളം എടുക്കാൻ മുതിർന്ന ഷേണായിയെ ഹരിജനങ്ങൾ നിർബന്ധിച്ചു പിന്തിരിപ്പിക്കുകയും ചെയ്തു.ഒടുവിൽ ഒരു മുസ്ലിമിന്റെ വീട്ടിൽനിന്നാണ് വെള്ളം ലഭിച്ചത്.

1928 ജൂലൈയിലാണ് ശ്രീനാരായണഗുരുവിന്റെ ഒരറിയിപ്പുമായി ധർമ്മതീർത്ഥസ്വാമികൾ ശബരിആശ്രമത്തിൽ വന്നു ഷേണായിയെ കാണുന്നത്. ആവുന്നത്ര വേഗത്തിൽ ശിവഗിരിയിൽ വന്നുചേരണമെന്നായിരുന്നു ഗുരുദേവ നിർദ്ദേശം. പാലക്കാടൻ സന്ദർശന വേളയിൽ ഗുരുദേവൻ ഷേണായിയുടെ ക്ഷണം സ്വീകരിച്ച് ശബരിആശ്രമത്തിൽ അതിഥിയായി എത്തുകയും ചെയ്തിരുന്നു. ആഗസ്റ്റ് 3 തിങ്കളാഴ്ച ശ്രീനാരായണഗുരു തന്റെ സന്യാസി ശിഷ്യനായി തലശ്ശേരിക്കാരനായ അനന്ത ഷേണായിയെ കാവിവസ്ത്രം നൽകി അവരോധിച്ചു.

1931 ഫെബ്രുവരിയിൽ ഗാന്ധി - ഇർവിൻ സന്ധിയനുസരിച്ച് ദേശീയ നേതാക്കളെ ജയിലിൽ നിന്ന് വിട്ടയച്ചതിനെത്തുടർന്നു തലശ്ശേരിയിൽ ശ്രീനാരായണ സത്യാഗ്രഹ കേമ്പ് എന്ന പേരിൽ കുറെ ചെറുപ്പക്കാരെ സംഘടിപ്പിച്ച് വിദേശ വസ്ത്ര ബഹിഷ്ക്കരണത്തിനും മദ്യഷാപ്പ് പിക്കറ്റിംഗിനും നേതൃത്വം നൽകിയ ആനന്ദതീർത്ഥന്റെ ചിത്രമാണ് പിന്നീട് നമ്മുടെ ശ്രദ്ധയിൽപ്പെടുന്നത് .ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചപ്പോൾ എ.കെ.ജി നയിച്ച ജാഥയെ അദ്ദേഹവും അനുഗമിച്ചിരുന്നു. 1931 നവംമ്പർ 21 നാണു പയ്യന്നുരിൽ ശ്രീനാരായണ വിദ്യാലയം എന്ന പേരിൽ ഹരിജൻ ഹോസ്റ്റലിനു ആനന്ദ തീർത്ഥൻ തുടക്കം കുറിച്ചത്. 1934 ജനുവരിയിൽ മഹാത്മാഗാന്ധി ആശ്രമം സന്ദർശിക്കുകയും ഒരു മാവ് നടുകയും ചെയ്യുകയുണ്ടായി .ഗാന്ധിമാവ് എന്ന പേരിൽ അതിന്നും ആശ്രമത്തിൽ പ്രശാന്തിയുടെ തണലായിവർത്തിക്കുന്നു . അഗൽപ്പാടി ദുർഗ്ഗപരമേശ്വരക്ഷേത്രത്തിലെ ഉത്സവത്തിന് ചെന്ന ആനന്ദതീർത്ഥനെ കുറെ സവർണ്ണ യുവാക്കൾ ചേർന്നു കഠിനമായി ദേഹോപദ്രവമേല്പിക്കുകയുണ്ടായി .

വിവാദങ്ങൾക്ക് വഴിമരുന്നിട്ട സബ് ഇൻസ്പെക്ടർ സോമൻ വധക്കേസ്സിന് തുമ്പുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പാനൂരിലെ ഗുരുസന്നിധിയിൽ ഏകനായി നിർവഹിച്ച സത്യാഗ്രഹവും , ഗുരുവായൂർ ക്ഷേത്രത്തിൽ ബ്രാഹ്മണർക്ക് മാത്രമായുള്ള സദ്യ നിർത്തലാക്കാൻ നടത്തിയ സമരപരിപാടികളും ജീവിതസായാഹ്നത്തിലും ആ കർമ്മസന്യാസത്തിന് കലാപത്തിന്റെ അരുണിമ പകർന്നു.

ടി.പി.ജി നായർ

1929 ൽ തലശ്ശേരിയിലെ ഒരു കൊച്ചുഗ്രാമത്തിൽ ജനിച്ചു. 1953 -54 വർഷത്തിൽ ലണ്ടനിലെ നാഷണൽ കോളേജ് ഫോർ ഹീറ്റിംഗ്,വെന്റിലേറ്റിംഗ് ,എയർ കണ്ടിഷൻ നിന്നും ഡിപ്ലോമ പൂർത്തിയാക്കിയ അദ്ദേഹം ലണ്ടനിലെത്തന്നെ ഒരു എയർ കണ്ടീഷൻ ആൻഡ് റഫീജറേഷൻ കമ്പനിയിൽ അപ്ലിക്കേഷൻ ആൻഡ് സിസ്റ്റം എഞ്ചിനീയർ ആയി ജോലി ചെയ്തു.

1963 ൽ പാലക്കാട് ബ്രിട്ടീഷ് ഫിസിക്കൽ ലബോറട്ടറീസ് (BPL ) എന്ന പേരിൽ സ്വന്തമായി ഒരു കമ്പനി സ്ഥാപിച്ചു.പ്രതിരോധ സേനക്ക് ഹെർമിറ്റിക്കലി സീൽഡ് പാനൽ മീറ്റെർസ് ആയിരുന്നു അവരുടെ ആദ്യ ഉൽപനം. പിന്നീട് ആരോഗ്യരംഗത്തേക്കും വ്യാപിച്ചു. 'എലെക്ട്രോകാർഡിയോഗ്രാഫ്സ്', 'പേഷ്യന്റ് മോണിറ്ററിങ് സിസ്റ്റം എന്നിവയിരുന്നു പ്രധാനം. 1982 ഏഷ്യൻ ഗെയിംസിനുശേഷം ബി.പി.എൽ തങ്ങളുടെ മേഖല ടെലിവിഷൻ,ഫ്രിഡ്ജ്,ബാറ്ററി ,മറ്റുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയിലേക്ക് വ്യാപിപ്പിച്ചു.

TPG Nambiar

ടി.വി. ചന്ദ്രൻ

tv chandran

മലയാള സമാന്തരസിനിമാപ്രസ്ഥാനത്തിലെ പ്രമുഖനായ സംവിധായകനാണ് ടി.വി. ചന്ദ്രൻ.

ടി.വി.ചന്ദ്രൻ, നാരായണൻ നമ്പ്യാരിന്റെയും കാർത്യായനി അമ്മയുടെയും മകനായി തലശേരിയിൽ 1950 നവംബർ 23നു ജനിച്ചു.

സിനിമയിൽ വരുന്നതിനു മുൻപ് അദ്ദേഹം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരനായിരുന്നു. പി. എ. ബക്കർ, ജോൺ എബ്രഹാം എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറായി ചലച്ചിത്ര ജീവിതം ആരംഭിച്ചു.

പി. എ. ബക്കറിന്റെ രാഷ്ട്രീയ നാടകമായ കബനി നദി ചുവന്നപ്പോളിലെ (1975) മുഖ്യകഥാപാത്രം ടി.വി. ചന്ദ്രൻ ആയിരുന്നു.

കൃഷ്ണൻകുട്ടിയാണ് ടി.വി.ചന്ദ്രന്റെ ആദ്യസിനിമ. പരീക്ഷണാത്മകമായ ആ ചലച്ചിത്രം കലാപരമായും സാമ്പത്തികമായും പരാജയപ്പെട്ടു. ഒരു സംവിധായകൻ എന്ന അംഗീകാരം ഇദ്ദേഹത്തിന് ലഭിക്കുന്നത് തമിഴിൽ പുറത്തിറങ്ങിയഹേമാവിൻ കാതലർകൾ (1982 ) വഴിയാണ്.

1989ൽ പുറത്തിറങ്ങിയ ആലീസിന്റെ അന്വേഷണം‍ എന്ന ചിത്രത്തിലൂടെയാണ് ടി വി ചന്ദ്രൻ ശ്രദ്ധിക്കപ്പെടുന്നത്. പ്രശസ്തമായ ലൊകാർനോ സിനിമാമേളയിൽ ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായിരുന്നു ആലീസിന്റെ അന്വേഷണം‍.‍ ചരിത്രം, രാഷ്ട്രീയം, ഫെമിനിസം എന്നിവയുടെ ശക്തമായ അടിയൊഴുക്കുകൾ ഉള്ളവയാണ് ടി.വി. ചന്ദ്രന്റെ മിക്കവാറും സിനിമകൾ.

ആറ് നാഷണൽ ഫിലിം അവാർഡുകളും പത്ത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ചന്ദ്രൻ നേടിയിട്ടുണ്ട്. കൂടാതെ, അദ്ദേഹത്തിന് അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിൽ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ 'വരും വരായ്കകൾ' എന്ന ടെലിഫിലിമിനു സംസ്ഥാന ടെലിവിഷൻ അവാർഡും ലഭിച്ചു.

TVN NAIR

Dr. T V N Nair was an eminent leader of the freedom movement in Indian history as well as a distinguished personality in the social, cultural and political arena of Thalassery. He paved the way for the freedom movement in North Malabar and Old Kottayam Taluk, with specific focus on Thalassery.

Hailing from the renowned "Thalassery Veedu" family, he has seven daughters and three sons. After completing his high school education in 1914, he obtained his L M P degree from Madras Medical College under the Military Scheme in 1918. Thereafter he joined the Military Service. During the First World War he served in the British Army. However he left the British Army, inspired by the charisma and ideology of Gandhiji to oust the British rule in India, and thereafter joined the independence movement, in 1922. Soon thereafter, Dr T V Nair began his medical practice in 1923 near the Thalassery Police Station.

In 1962 he moved his practice to a clinic on Logan's Road. His generosity towards his patients was legendary. In fact he used to cycle to patients' homes to treat them. His poorer patients seldom left without free medicines or money for food when they came for treatment.

When the spirit of the Indian freedom movement was being ignited by Mahatma Gandhi, Dr T V N Nair started spreading the fire of patriotism in Thalassery and surrounding areas. Dr T V N Nair contributed large sums of money to the Congress movement in Thalassery and served as the President of the Town Congress as well as that of Kottayam Taluk. He was arrested for participating with intense fervor in the 1932 non-violence movement.

In an era when Harijans were hated and shunned by the general public, Dr Nair was one of the few towering personalities who worked tirelessly and argued vociferously for alleviating the deprived Harijan community. During the days when Harijans were not permitted to enter the Sri Rama Swamy Temple in Thalassery, Dr Nair used to stand alongside the Harijans outside the temple premises and pray. Much later when this taboo was removed and Harijans joined the general public inside the temple, Dr Nair joined them inside to worship. His love and compassion for this community was clearly evident in one of his letters wherein he stated that he wished to be cremated at the Harijan burial ground.

In 1973 he was awarded the 'Thamara Patra' and a pension for his exemplary services to the freedom movement.

He died at the age of 88.

വേലാണ്ടി അച്ചുതൻ

അതുല്ല്യമായ പ്രകടനത്തിലൂടെ അഖിലേന്ത്യ പ്രശസ്തിയിലേക്ക് ഉയരുകയും നിരന്തരമായ പരിശീലനത്തിലൂടെ കൈവരിച്ച കഴിവുകൾ പിൻതലമുറയ്ക്ക് പകരുകയുംചെയ്ത ബാസ്ക്കറ്റ്ബാൾ ആചാര്യനാണ് തലശ്ശേരിക്കാർ ആദരവോടെ ഓർക്കുന്ന അച്ചുമാഷ് എന്ന വേലാണ്ടി അച്ചുതൻ.

ഒരു വോളീബോൾ കളിക്കാരനായിട്ടായിരുന്നു അച്ചുതൻ കായികരംഗത്തേക്ക് കടന്നുവന്നത്.

എന്നാൽ വോളിബോളിനേക്കാൾ കായികമായ കഴിവുകൾ പ്രകടിപ്പിക്കുവാൻ കഴിയുക ബാസ്കറ്റ്ബോളിനാണെന്നു മനസ്സിലായപ്പോൾ അദ്ദേഹം വോളിയോട് വിട പറഞ്ഞു. ബ്രണ്ണൻ കോളേജിൽ പഠിക്കുമ്പോഴാണ് അദ്ദേഹം മദ്രാസ് യൂണിവേഴ്സിറ്റിയുടെ താരമായത്. 1955 ൽ ചരിത്രത്തിലാദ്യമായി മദ്രാസ് യൂണിവേഴ്സിറ്റിയെ അഖിലേന്ത്യാ സർവ്വകലാശാല കിരീടമണിയിക്കുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു.

പഠിത്തം കഴിഞ്ഞ് തലശ്ശേരിയിൽ മുബാറക്ക് ഹൈസ്ക്കൂളിൽ കായികാധ്യാപകനായി നിയമിതനായതിന് ശേഷം തുടർച്ചയായി 18 വർഷം തലശ്ശേരി വിദ്യാഭ്യാസജില്ലയായിരുന്നു ബാസ്ക്കറ്റ് ബോൾ കിരീടം ചൂടിയത്. അദ്ദേഹം പരിശീലിപ്പിച്ചു വാർത്തെടുത്ത ബാസ്കറ്റ്ബോൾ കളിക്കാർക്ക് സംസ്ഥാന സ്ക്കൂൾ ബാസ്കറ്റ്ബോൾ ടീമിൽ നിർണ്ണായക സ്ഥാനം കിട്ടിയിരുന്നു.

1960 മുതൽ 23 വർഷം തുടർച്ചയായി കേരളം സ്ക്കൂൾ ബാസ്കറ്റ്ബോൾ ടീമിന്റെ കോച്ച് ആയും അദ്ദേഹം പ്രവർത്തിച്ചിരുന്നു. 12 വർഷം കേരള സ്ക്കൂൾ ബാസ്കറ്റ്ബോൾ ടീമിന്റെ സെലക്ഷൻ കമ്മറ്റി ചെയർമാൻ പദവും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.

വിനീത്

മലയാള സിനിമ നടൻ, നർത്തകൻ എന്നീ നിലയിൽ പ്രശസ്തനായ കലാകാരൻ ആണ് വിനീത്. മലയാളം കൂടാതെ മറ്റുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലും, ബോളിവുഡിലും അഭിനയിച്ചിട്ടുണ്ട്. നടൻ എന്ന പോലെ നർത്തകൻ എന്ന നിലയിലും അറിയപ്പെടുന്ന വിനീത് ഒട്ടനവധി മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

1969 ഓഗസ്റ്റ് 23 ന് അഡ്വ.കെ.ടി രാധാകൃഷ്ണന്റെയും, ഡോ. ശാന്തകുമാരിയുടെയും മകനായി ജനിച്ചു. തലശ്ശേരി സെന്റ്.ജോസഫ് ഹൈ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഭരതനാട്യം,മോഹിനിയാട്ടം,നാടോടിനൃത്തം,മോണോ ആക്ട് എന്നിവയിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിട്ടുണ്ട്.4 വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭരതനാട്യത്തിൽ ഒന്നാം സമ്മാനം വിനീതിനായിരുന്നു. പത്താം ക്ലാസ്സിൽ പഠിക്കുമ്പോളാണ് ആദ്യമായി സിനിമയിൽ അവസരം കിട്ടുന്നത്. 'നഖക്ഷതങ്ങൾ', 'കമലദളം', 'സർഗ്ഗം' എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ മലയാളികൾ നെഞ്ചിലേറ്റിയവയാണ്.

vineeth

വി.പി സത്യൻ

VP Sathyan

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്ന വട്ടപറമ്പത് സത്യൻ എന്ന വി.പി സത്യൻ തലശ്ശേരിക്കാരൻ ആണ്.1965 ഏപ്രിൽ 29 ന് ജനിച്ചു.അച്ഛൻ വട്ടപറമ്പത് ഗോപാലൻ നായർ അമ്മ നാരായണി അമ്മ, ഭാര്യ അനിത .ഇന്ത്യൻ ബാങ്കിന്റെ അസിസ്റ്റന്റ് മാനേജർ ആയിരുന്ന അദ്ദേഹം ഇന്ത്യൻ ബാങ്ക് ഫുട്ബോൾ ടീമിന് വേണ്ടി ബൂട്ടണിഞ്ഞു , 2002 മുതൽ ടീമിന്റെ കോച്ച് ആയി പ്രവർത്തിച്ചു.

1983 ൽ കേരളത്തിനുവേണ്ടി സന്തോഷ് ട്രോഫിയിൽ ബൂട്ടണിഞ്ഞു.1985 ൽ അമർ ബഹദൂറിന്റെ കീഴിൽ ഇന്ത്യൻ സൗത്ത് സോൺ ക്യാമ്പിൽ പങ്കെടുത്തു.സെന്റർ ബാക്ക് ഡിഫൻഡർ ആയിരുന്ന അദ്ദേഹത്തിന്റെ മികച്ച പ്രകടനം 1985 സാഫ് ഗെയിംസിൽ ഇന്ത്യൻ നാഷണൽ ടീമിൽ അദ്ദേഹത്തിന് സ്ഥാനം നേടിക്കൊടുത്തു.1986 ഇന്ത്യയ്ക്ക് വേണ്ടി നെഹ്റു കപ്പിലും ,സോല് ഏഷ്യൻ ഗെയിംസിലും കളിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായി.

കേരള പോലീസ് ടീമിന്റെ മികച്ച താരമായിരുന്നു സത്യൻ.1992 -93 കാലഘട്ടത്തിൽ അദ്ദേഹം മോഹൻ ബഗാനിലേക്ക് ചേക്കേറി.1991 വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ ഇന്ത്യയുടെ ക്യാപ്റ്റൻ അദ്ദേഹം ആയിരുന്നു. 1995 ൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ മികച്ച താരമായി തിരഞ്ഞെടുത്തത് സത്യനെ ആയിരുന്നു.ഇന്ത്യൻ ഫുട്ബാളിൽ വേണ്ടത്ര തിരിച്ചറിയപ്പെടത്തിരുന്ന നായകനുള്ള ഒരു വലിയ അംഗീകാരമായിരുന്നു അത്.

പിൽകാലത്ത് കോച്ച് ആയി ശോഭിച്ച അദ്ദേഹം, സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം 2006 ജൂലൈ 18 ന് ചെന്നൈയിൽ വെച്ച ട്രെയിനിന്റെ മുൻപിൽ ചാടി ആത്മഹത്യ ചെയ്യുകയാണ് ഉണ്ടായത്.

OTHER PERSONALITIES