ബേക്കറി

കടൽ കടന്നെത്തുന്ന ഏതു പുതിയ ആശയത്തെയും രണ്ടു കൈയ്യും നീട്ടി സ്വീകരിച്ച പാരമ്പര്യമാണ് മലയാളികൾക്കുള്ളത്. ഭക്ഷണകാര്യത്തിൽപോലും പരമ്പരാഗത ശൈലി വിട്ട് പുതിയ പരീക്ഷണങ്ങൾക്ക് മലയാളി ധൈര്യം കാട്ടുന്നു .ഇഡ്ഡലി ,ദോശ ,പുട്ട് തുടങ്ങിയ വിഭവങ്ങൾക്ക് പകരം പ്രാതൽ മേശയിൽ ബ്രഡും ജാമും കഴിക്കുന്ന ആളുകൾ ധാരാളമാണ് .പിറന്നാൾ ദിനങ്ങളിൽ പാലട പ്രഥമൻ വിളമ്പുന്നതിന്പകരം കേക്ക് മുറിക്കുന്ന സമ്പ്രദായവും വ്യാപകമായി.

മലയാളികളുടെ ഭക്ഷണക്രമത്തിലേക്ക് ഒരു പുതിയ ഭക്ഷണപദാർത്ഥത്തെ പരിചയപ്പെടുത്തിയതിന്റെ ക്രെഡിറ്റ് തലശ്ശേരിയിലെ മമ്പള്ളി ബേക്കറിക്കാണ്. തലശ്ശേരിയിൽ 1880 ൽ മമ്പള്ളി ബാപ്പു തുടങ്ങിവെച്ച ബേക്കറി പ്രസ്ഥാനം ഇന്ന് കേരളത്തിലങ്ങോളമിങ്ങോളം വേരുപടർത്തിയിരിക്കുന്നു.

Bakery

സായിപ്പിന്റെ മൊഴിക്ക് എതിർ മൊഴിയില്ലാത്ത 1880 കാലഘട്ടത്തിൽ ക്രിസ്മസ് തലേന്ന് ബിസ്ക്കറ്റ് ഫാക്ടറിയിൽ ഒരതിഥിയെത്തി . അഞ്ചരക്കണ്ടി രണ്ടുത്തറ എസ്റ്റേറ്റിലെ കറപ്പ തോട്ടക്കാരൻ ബൗൺ സായിപ്പായിരുന്നു അത്. ഒരു കഷണം കേക്ക് കൊണ്ടുവന്ന സായിപ്പ് ഇത്പോലൊരെണ്ണം ഉണ്ടാക്കിത്തരണമെന്നു ആവശ്യപ്പെട്ടു. കേക്ക് ആദ്യമായി കാണുന്ന ബാപ്പുവിന് ഇതിന്റെ കൂട്ടുകളെക്കുറിച്ച് അറിവുണ്ടായിരുന്നില്ല .പരാജയമെന്ന വാക്ക് പണ്ടും ബാപ്പുവിനറിയില്ല .വെല്ലുവിളി ഏറ്റെടുക്കാൻ തന്നെ തീരുമാനമായി എന്നാൽ കാര്യങ്ങൾ കൂടുതൽ സുഗമമാകുന്നതിന് സായിപ്പ് തന്നെ കേക്കിന്റെ ചേരുവകൾ ബാപ്പുവിന് പറഞ്ഞുമനസ്സിലാക്കി.പത്തുനിമിഷങ്ങൾക്കകം ബാപ്പുവിന്റെ കൈപുണ്യം, റോയൽ ബിസ്കറ്റിന്റെ പടിയിറങ്ങുമ്പോൾ ഒരു ഡസൻ കേക്കിന്റെ ഓർഡർ ബാപ്പുവിന് ലഭിച്ചുകഴിഞ്ഞിരുന്നു.

കേരളത്തിലെ ആദ്യത്തെ ബേക്കറിയായ മമ്പള്ളിസ് റോയൽ ബിസ്ക്കറ്റ് ഫാക്ടറിയിൽനിന്നാണ് മലയാളികൾ കേക്കിന്റെ മധുരം ആദ്യമറിയുന്നത്. തലശ്ശേരിയിൽനിന്ന് ബേക്കറി വ്യവസായം പിന്നീട് കോഴിക്കോട്ടേക്ക് വന്നു.മമ്പള്ളി ബാപ്പുവിന്റെ മകൻ ഗോപാലന്റെ മൂത്തപുത്രൻ മാധവനാണ് കോഴിക്കോട് മിഠായി തെരുവ് മോഡേൺ ബേക്കറി ആരംഭിച്ചത് . കോഴിക്കോട് നിന്ന് തിരുവിതാംകൂറിലേക്ക് ബേക്കറി വ്യവസായം വരുന്നതിന് നേതൃത്വം നൽകിയതും മാമ്പള്ളിക്കാർതന്നെ .മമ്പള്ളി ഗോപാലന്റെ മാതൃ സഹോദരിയുടെ പുത്രൻ എം.പി കരുണാകരനും സഹോദരിയുടെ ഭർത്താവ് കണാരി ചേർന്ന് 1939 ൽ കൊച്ചിയിൽ കനൻഷെഡ് റോഡിൽ കൊച്ചിൻ ബേക്കറി ആരംഭിച്ചു.മൈസൂർ രാജാവിന്റെ കൊട്ടാരത്തിൽനിന്നുവരെ കൊച്ചിൻ ബേക്കറിയിൽ നിന്നുള്ള പലഹാരങ്ങൾ വാങ്ങാനാളെത്തിയിരുന്നു .

1940 കളിൽ തന്നെ തലശ്ശേരി പാരമ്പര്യവുമായി കണാരി അനന്തപുരിയിലെത്തി .പുളിമൂട് ജംഗ്ഷനിൽ തന്റെ ശാന്ത ബേക്കറി ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്നും നാഗർകോവിലിലേക്ക് തലശ്ശേരിയുടെ ബേക്കറി പെരുമ കടന്നുകയറി. കണ്ണൂരിൽ റെയിൽവേ സ്റ്റേഷന്റെ അടുത്ത് ആരംഭിച്ച ബേക്കറിയാണ് മലബാറിൽ നിന്നും ആരംഭിച്ച ഒരു ദീർഘ യാത്രയുടെ ചക്രികവലയം പൂർത്തിയാക്കിയിരിക്കുന്നത് .